തിരുവനന്തപുരം: ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്ത് ബിവറേജസ് കോർപ്പറേഷൻ. കഴിഞ്ഞവർഷം ജീവനക്കാർക്ക് ബോണസായി നൽകിയത് 90000 രൂപയായിരുന്നു.
അതേസമയം സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാൻസും പെൻഷൻകാരുടെ ഉത്സവബത്തയും ഇന്ന് മുതൽ വിതരണം ചെയ്യും. ബോണസ് 4,000 രൂപയും ഉത്സവബത്ത 2,750 രൂപയുമാണ്. പെൻഷൻകാർക്ക് 1,000 രൂപയാണു ലഭിക്കുക. 37,129 രൂപയോ അതിൽ കുറവോ ആകെ ശമ്പളം വാങ്ങുന്നവർക്കാണ് 4,000 രൂപയുടെ ബോണസ് ലഭിക്കാൻ അർഹതയുള്ളത്. ബാക്കിയുള്ളവർക്ക് ഉത്സവബത്ത ലഭിക്കും.
ലോട്ടറി ക്ഷേമനിധി ബോർഡിൽ സജീവ അംഗങ്ങളായ ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവ ബത്ത 7000 രൂപയായി ഉയർത്തി. പെൻഷൻക്കാർക്ക് 2500 രൂപയും ലഭിക്കും. കഴിഞ്ഞ വർഷം യഥാക്രമം 6000 രൂപ, 2000 രൂപ എന്ന ക്രമത്തിലാണ് ഉത്സവബത്ത അനുവദിച്ചത്. 35,600 ഏജന്റുമാർക്കും വിൽപ്പനക്കാർക്കും 7009 പെൻഷൻകാർക്കുമായി 26.67 കോടി രൂപയാണ് ഓണക്കാലത്ത് വിതരണം ചെയ്യുന്നത്.

