General (Page 114)

റിയാദ്: സംഘർഷ മേഖലയായ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. ഗാസയിലെ സ്ഥിതി അതിരൂക്ഷമായി മാറുകയാണെന്ന് അദ്ദഹം പറഞ്ഞു. നിരപരാധികളായ സാധാരണക്കാർ യുദ്ധമുഖത്ത് മരിച്ചു വീഴുന്നു. ഇത് തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ-ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഗാസയിൽ സാധാരണക്കാരായ നിരവധി ആളുകൾ മരിച്ചു വീഴുന്നതിൽ ഇന്ത്യക്ക് വേദനയുണ്ട്. അതിനാൽ വെടിനിർത്തലിന് ഇന്ത്യയും പിന്തുണ അറിയിക്കുന്നു. യുദ്ധങ്ങളിൽ ഇന്ത്യയുടെ നിലപാട് എപ്പോഴും സ്ഥിരതയുള്ളതും തത്വാധിഷ്ഠിതവുമാണ്. ഭീകരപ്രവർത്തനങ്ങളെയും ബന്ദികളാക്കുന്നതിനെയും ഇന്ത്യ എക്കാലവും എതിർക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തിക ശാസ്ത്രം, ഊർജം, പ്രതിരോധം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങി നിരവധി മേഖലകളിലേക്ക് ഇന്ത്യ- ജിസിസി ബന്ധം വളരുകയാണ്. ഏകദേശം 90 ലക്ഷം ഇന്ത്യക്കാർ ഗൾഫിൽ ജോലി ചെയ്യുന്നു. ഇന്ത്യക്കും ഗൾഫിനുമിടയിൽ ഒരു പാലമായാണ് അവർ പ്രവർത്തിക്കുന്നത്. ഇന്ത്യക്കാരുടെ ക്ഷേമവും സാമ്പത്തിക പുരോഗതിയും ഉറപ്പുവരുത്തുന്നതിൽ ഇന്ത്യ നന്ദി അറിയിക്കുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും ഓണത്തിന് 5 കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ കുട്ടികൾക്ക് ഓണത്തിന് അഞ്ച് കിലോ അരിവിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ജി എച്ച് എസ് എസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ ഭരണഘടനയിലെ 47 ാം അനുച്ഛേദത്തിൽ ജനങ്ങളുടെ പോഷകാഹാര നിലവാരവും ജീവിതനിലവാരവും പൊതുആരോഗ്യവും ഉയർത്തുക രാഷ്ട്രത്തിന്റെ പ്രാഥമിക കർത്തവ്യങ്ങളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള സംസ്ഥാനത്തെ 12027 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള 26.22 ലക്ഷം വിദ്യാർഥികൾക്കാണ് 5 കിലോ വീതം അരി വിതരണം ചെയ്യുന്നത്. ഇതിൽ, 2.06 ലക്ഷം കുട്ടികൾ പ്രീ-പ്രൈമറി വിഭാഗത്തിലും 13.80 ലക്ഷം കുട്ടികൾ പ്രൈമറി വിഭാഗത്തിലും 10.35 ലക്ഷം കുട്ടികൾ അപ്പർ പ്രൈമറി വിഭാഗത്തിലും ഉൾപ്പെടുന്നു. 13,112 മെട്രിക് ടൺ അരിയാണ് ഇതിനായി ആകെ വേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യവകുപ്പിന്റെ സഹകരണത്തോടെയാണ് അരി വിതരണം. വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സപ്ലൈക്കോയാണ് അരി സ്‌കൂളുകളിൽ എത്തിച്ചുനൽകുന്നത്. ഓണാവധി ആരംഭിക്കുന്നതിനു മുൻപായി അരി വിതരണം പൂർത്തീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ സപ്ലൈക്കോയുമായി ചേർന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നടത്തിയിട്ടുണ്ട്. വിതരണത്തിന് സ്‌കൂളുകളിൽ എത്തിച്ചുനൽകുന്ന അരി പി.ടി.എ, സ്‌കൂൾ ഉച്ചഭക്ഷണ കമ്മറ്റി, എസ്.എം.സി, മദർ പി.ടി.എ എന്നിവയുടെ നേതൃത്വത്തിലും മേൽനോട്ടത്തിലും ഏറ്റുവാങ്ങി കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ സ്‌കൂളുകൾ നടത്തണം. വിതരണം പൂർത്തീകരിക്കുന്നതുവരെ അരി കേടുവരാതെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിച്ചു. ഓണക്കാലത്തെ വിലവർധന ഒഴിവാക്കാൻ സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചുവരുന്നതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വെള്ളയും നീലയും കാർഡ് ഉടമകളായ 52 ലക്ഷം കുടുംബങ്ങൾക്ക് ഓണം പ്രമാണിച്ച് 10 കിലോ അരി അധികമായി നൽകുമെന്ന് മന്ത്രി പറഞ്ഞു. വിപണിയിൽ 55-60 രൂപ വിലയുള്ള ചമ്പാവരി അരിയാണ് റേഷൻകടകൾ വഴി ഇങ്ങിനെ വിതരണം ചെയ്യുന്നത്. ബിപിഎൽ കാർഡുകാർക്കുള്ള 30 കിലോ അരിയിൽ അമ്പത് ശതമാനം ചമ്പാവരി അരി നൽകാനും നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.

കമലേശ്വരം ജി എച്ച് എസ് എസിലെ എട്ടാംക്ലാസ് വിദ്യാർഥി റിസ്വാന് അഞ്ച് കിലോ അരിയുടെ കിറ്റ് നൽകി ചടങ്ങിൽ മന്ത്രി വി ശിവൻ കുട്ടി വിതരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് മന്ത്രി ജി ആർ അനിലും വിശിഷ്ടാതിഥികളും കുട്ടികൾക്ക് കിറ്റുകൾ നൽകി.

ആന്റണി രാജു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വാർഡ് കൗൺസിലർ വിജയകുമാരി വി, സപ്ലൈക്കോ റിജിയണൽ മാനേജർ എ സജാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്‌കൂൾ എസ്എംസി ചെയർപെഴ്‌സൺ ഷീജ ആർ പി, പ്രിൻസിപ്പൽ സിന്ധു എസ് ഐ, ഹെഡ്മിസ്ട്രസ് ഷീബ ഈപ്പൻ എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് സ്വാഗതവും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ എസ് ഷിബു നന്ദിയും പറഞ്ഞു. സ്‌കൂൾ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ന്യൂഡൽഹി: ഇന്ത്യയിൽ ആർക്കും എംപോക്‌സ് രോഗബാധയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരിശോധിച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ സംസ്ഥാനങ്ങൾ ജാഗ്രത കൈവിടരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

സംശയമുള്ള രോഗികളെയും സ്ഥിരീകരിക്കുന്നവരെയും ചികിത്സിക്കാൻ ആശുപത്രികളിൽ സംവിധാനമൊരുക്കണമെന്ന നിർദ്ദേശവും കേന്ദ്രം മുന്നോട്ടുവെച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നിലവിൽ ഇതുവരെ ഇന്ത്യയിൽ എംപോക്സിന്റെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവാണ്. ജനങ്ങൾക്കിടയിൽ അനാവശ്യ പരിഭ്രാന്തിയുണ്ടാക്കുന്നത് തടയണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്ര വ്യക്തമാക്കി.

തിരുവനന്തപുരം: ലോക ബാങ്ക് വിദഗ്ദ്ധ സമിതി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന പരിഷ്‌കാരങ്ങളിൽ ആകൃഷ്ടരായാണ് ലോക ബാങ്ക് പ്രതിനിധികൾ എത്തിയത്. കേരളത്തിലേക്ക് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയിൽ ഉന്നതവിദ്യാഭ്യാസ കൗൺസിലുമായി സഹകരിക്കാൻ ലോകബാങ്കിന് താല്പര്യമുള്ളതായി അവർ അറിയിച്ചു. പഠന നിലവാരം, ജോലിസാധ്യത എന്നിവ വർദ്ധിപ്പിക്കുന്നതും പാരിസ്ഥിതിക സുസ്ഥിരത, സാമൂഹ്യ നീതി എന്നിവ ഉറപ്പാക്കുന്നതുമായ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുമായുള്ള സഹകരണം സർക്കാർ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. നാളെ ഡിജിറ്റൽ സർവ്വകലാശാലയും സി. ഇ. റ്റിയും സംഘം സന്ദർശിക്കും.

ഡോ. നീന ആർനോൾഡ് (ഗ്ലോബൽ ലീഡ്, ഉന്നത വിദ്യാഭ്യാസം), ഡെന്നിസ് നിക്കാലീവ്, (പ്രോജക്റ്റ് തലവൻ), അംബരീഷ് (സീനിയർ കാൻസൽട്ടന്റ്) ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ, ഇന്റർനാഷണൽ സ്പെഷ്യൽ ഓഫീസർ എൽദോ മാത്യു എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. എൻഫോഴ്‌സ്‌മെന്റ് ഓഫീസർ ഫ്രോഡ് എന്ന സാമ്പത്തികത്തട്ടിപ്പാണ് കേരളത്തിൽ ഇപ്പോൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം, വ്യാജ ആധാർ കാർഡുകൾ, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്താറുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

നിങ്ങളുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിങ്ങളോടുതന്നെ തട്ടിപ്പുകാരൻ പറഞ്ഞുതരുന്നു. പാഴ്‌സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ CBI യിലെയോ സൈബർ പോലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറയുന്നതോടെ മറ്റൊരാൾ സംസാരിക്കുന്നു. പാഴ്‌സലിനുള്ളിൽ എം.ഡി.എം.എയും പാസ്‌പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും നിങ്ങൾ തീവ്രവാദികളെ സഹായിക്കുന്നുവെന്നും അയാൾ പറയുന്നു. വിശ്വസിപ്പിക്കുന്നതിനായി പോലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വ്യാജരേഖകൾ തുടങ്ങിയവ നിങ്ങൾക്ക് അയച്ചുതരുന്നു. ഐഡി കാർഡ് വിവരങ്ങൾ വെബ് സൈറ്റ് മുഖേന പരിശോധിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെടുന്നു. മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചയാൾ വീഡിയോകോളിൽ വന്നായിരിക്കും ഈ ആവശ്യങ്ങൾ ഉന്നയിക്കുക.

തുടർന്ന്, നിങ്ങളുടെ സമ്പാദ്യവിവരങ്ങൾ നല്കാൻ പോലീസ് ഓഫീസർ എന്ന വ്യാജേന തട്ടിപ്പുകാരൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കുന്ന വ്യാജ ഓഫീസർ സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചുനൽകണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങളെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച് അവർ അയച്ചുനൽകുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിങ്ങൾ സമ്പാദ്യം മുഴുവൻ കൈമാറുന്നു. തുടർന്ന് ഇവരിൽനിന്ന് സന്ദേശങ്ങൾ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പ് മനസ്സിലാക്കാൻ സാധിക്കൂ.

ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒട്ടും പരിഭ്രാന്തരാകാതിരിക്കുക. അവർ അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് ഒരു കാരണവശാലും പണം കൈമാറരുത്. ഒരു അന്വേഷണ ഏജൻസിയും അന്വേഷണത്തിനായി നിങ്ങളുടെ സമ്പാദ്യം കൈമാറാൻ ആവശ്യപ്പെടുകയില്ല. അവർക്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നിങ്ങളുടെ സമ്പാദ്യം സംബന്ധിച്ച് വിവരങ്ങൾ ബാങ്കിനോട് ആവശ്യപ്പെടാനുമുള്ള അധികാരം ഉണ്ടെന്നു മനസ്സിലാക്കുക.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് അധികൃതർ വിശദമാക്കി.

കോഴിക്കോട്: പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പീഡന പരാതിയിലാണ് ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്ക് രഞ്ജിത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നൽകിയത്. യുവാവിന്റെ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്‌ഐആർ. നേരത്തെ ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം ആരംഭിച്ചിരുന്നത്.

സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബെംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതി.

ന്യൂഡൽഹി: കെനിയയിൽ നിന്നും കൂടുതൽ ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കാനൊരുങ്ങുന്നു. ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളുടെ സംരക്ഷണത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്നാണ് കെനിയയിൽ നിന്നും എത്തിക്കുന്നത്.

ഇതിന്റെ ഭാഗമായി കെനിയയുമായി പുതിയ ധാരണാപത്രം (എംഒയു) ഒപ്പിടാൻ ഇന്ത്യ തീരുമാനിച്ചു. ധാരണാപത്രത്തിന്റെ കരട് പരിശോധനയ്ക്കായി വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമ, ഉടമ്പടി വിഭാഗത്തിന് അയച്ചിട്ടുണ്ട്.

നേരത്തെ, കെനിയൻ പ്രതിനിധികൾ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്ക് സന്ദർശിക്കുകയും വെറ്ററിനറി, കൺസർവേഷൻ ക്രമീകരണങ്ങളിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുകൊണ്ടുവന്ന ചീറ്റകൾക്ക് കാലാവസ്ഥാ മാറ്റം അതിജീവിക്കാനായില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാലാണ് ഇത്തവണ കെനിയയിൽ നിന്നും ചീറ്റകളെ എത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവ് ദില്ലി ബാബു അന്തരിച്ചു. 50 വയസായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേയാണ് അന്ത്യം. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു വിയോഗം.

ആക്‌സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചയാളായിരുന്നു ദില്ലി ബാബു. 2015-ൽ ഉറുമീൻ എന്ന ചിത്രമാണ് അദ്ദേഹം നിർമിച്ചുകൊണ്ടാണ് സിനിമയിലേക്കുള്ള കടന്നുവരവ്. മരഗത നാണയം, ഇരവുക്ക് ആയിരം കൺകൾ, രാക്ഷസൻ, ഓ മൈ കടവുളേ, ബാച്ച്‌ലർ, മിറൽ, കൾവൻ തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം നിർമ്മിച്ചിരിക്കുന്നത്.

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. തനിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തിൽ നിരപരാധിയാണെന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവർക്കെതിരെ സർക്കാർ കേസെടുക്കണമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് എഡിജിപി എംആർ അജിത് കുമാർ മുഖ്യമന്ത്രിയ്ക്ക് കത്തയക്കുന്നത്.

തന്നെ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തികൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും അജിത് കുമാർ കത്ത് നൽകിയത്. അതേസമയം, ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറും ആർഎസ്എസ് നേതാവ് റാം മാധവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ വിവാദം കനക്കുകയാണ്.

എഡിജിപിയുമായി ചർച്ചക്ക് പോയതിൽ ബിസിനസുകാരുമുണ്ടെന്നാണ് സൂചന. ചെന്നൈയിൽ ബിസിനസ് നടത്തുന്ന മലയാളിയാണ് ഒപ്പമുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

തിരുവനന്തപുരം: ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്ത് ബിവറേജസ് കോർപ്പറേഷൻ. കഴിഞ്ഞവർഷം ജീവനക്കാർക്ക് ബോണസായി നൽകിയത് 90000 രൂപയായിരുന്നു.

അതേസമയം സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാൻസും പെൻഷൻകാരുടെ ഉത്സവബത്തയും ഇന്ന് മുതൽ വിതരണം ചെയ്യും. ബോണസ് 4,000 രൂപയും ഉത്സവബത്ത 2,750 രൂപയുമാണ്. പെൻഷൻകാർക്ക് 1,000 രൂപയാണു ലഭിക്കുക. 37,129 രൂപയോ അതിൽ കുറവോ ആകെ ശമ്പളം വാങ്ങുന്നവർക്കാണ് 4,000 രൂപയുടെ ബോണസ് ലഭിക്കാൻ അർഹതയുള്ളത്. ബാക്കിയുള്ളവർക്ക് ഉത്സവബത്ത ലഭിക്കും.

ലോട്ടറി ക്ഷേമനിധി ബോർഡിൽ സജീവ അംഗങ്ങളായ ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവ ബത്ത 7000 രൂപയായി ഉയർത്തി. പെൻഷൻക്കാർക്ക് 2500 രൂപയും ലഭിക്കും. കഴിഞ്ഞ വർഷം യഥാക്രമം 6000 രൂപ, 2000 രൂപ എന്ന ക്രമത്തിലാണ് ഉത്സവബത്ത അനുവദിച്ചത്. 35,600 ഏജന്റുമാർക്കും വിൽപ്പനക്കാർക്കും 7009 പെൻഷൻകാർക്കുമായി 26.67 കോടി രൂപയാണ് ഓണക്കാലത്ത് വിതരണം ചെയ്യുന്നത്.