നിയമസഭാ കയ്യാങ്കളിക്കേസ്: ആറ് പ്രതികളും നാളെ വിചാരണക്കോടതിയില്‍

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ പ്രതികളായ വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ഇടതുനേതാക്കള്‍ കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതിന്റെ ഭാഗമായി നാളെ കോടതിയില്‍ ഹാജരാകും. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ആര്‍. രേഖയാണ് കേസ് പരിഗണിക്കുന്നത്.

വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ., മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ് തുടങ്ങി ആറു പ്രതികളാണ് കേസിലുള്‍പ്പെട്ടിരിക്കുന്നത്. നേരത്തെ, ആറു പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ ആരും ഹാജരായില്ല. തുടര്‍ന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ നാളെ ഹാജരാകണമെന്ന് കോടതി അന്ത്യശാസനം നല്‍കുകയായിരുന്നു.

അതേസമയം, 2015 മാര്‍ച്ച് 13-നായിരുന്നു നിയമസഭയില്‍ കയ്യാങ്കളിയുണ്ടായത്. അന്നത്തെ ധനമന്ത്രി കെ.എം. മാണി ബാര്‍ക്കോഴ കേസില്‍ അകപ്പെട്ടതിന് പിന്നാലെ ഇടതുപക്ഷം പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞാണ് അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ഇടത് എം.എല്‍.എമാര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇത് കയ്യാങ്കളിയിലേക്കും സഭയിലെ വസ്തുവകകള്‍ തല്ലിത്തകര്‍ക്കുന്നതിലേക്കും കടക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കേസ് എടുത്തു. 2,17,000 രൂപയുടെ നഷ്ടം നിയമസഭയ്ക്ക് സംഭവിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.