കൊച്ചി: മത്സ്യത്തൊഴിലാളിക്ക് ഫോര്ട്ടുകൊച്ചിയില് വെച്ച് വെടിയേറ്റ സംഭവത്തില് നാവിക സേനയുടെ അഞ്ച് തോക്കുകള് കസ്റ്റഡിയിലെടുത്ത് പോലീസ്. ശാസ്ത്രീയ പരിശോധനയിലൂടെ വെടിയേറ്റ സംഭവത്തില് വ്യക്തത ലഭിക്കാനാണ് നീക്കം. തോക്കുകള് ബാലിസ്റ്റിക് പരിശോധനക്ക് അയക്കും. മട്ടാഞ്ചേരി എഎസ് പി നേരിട്ടെത്തിയാണ് പരിശോധനാ നടപടികളും കസ്റ്റഡി നടപടികളും പൂര്ത്തിയാക്കിയത്.
അതേസമയം, നാവികസേനയെ കേന്ദ്രീകരിച്ചു തന്നെയാണ് പൊലീസ് അന്വേഷണം നിലവില് തുടരുന്നത്. നാവിക സേന ഉപയോഗിക്കുന്ന തരത്തിലുളള ഇന്സാസ് റൈഫിളുകളിലെ ബുളളറ്റാണ് ബോട്ടില് നിന്ന് കിട്ടിയതെന്നാണ് ബാലിസ്റ്റിക് വിദഗ്ധയും പൊലീസിനെ അറിയിച്ചിരിക്കുന്നത്. എന്നാല്, ബുളളറ്റ് കണ്ടെത്തിയ ബോട്ടിന്റെ സംഭവദിവസത്തെ ജി പി എസ് വിവരങ്ങള് നാവികസേന പൊലീസിനോട് തേടിയിട്ടുണ്ട്.
ഐ എന് എസ് ദ്രോണാചാര്യയില് പരിശീലനം നടത്തുമ്പോള് ബുളളറ്റ് പുറത്തേക്ക് തെറിച്ചാലും ഒന്നരകിലോമീറ്റര് അകലേക്ക് എത്തില്ലെന്നാണ് സേനയുടെ വിലയിരുത്തല്. കൂടാതെ ഇന്സാസ് പോലുളള റൈഫിളുകള് ഉപയോഗിച്ച് നിലത്ത് കിടന്നാണ് പരിശീലനം നടത്തുന്നത്. ബുളളറ്റുകള് ഇവിടെയുളള ഭിത്തിയില് തട്ടിത്തെറിക്കും വിധമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. അതിനാല് തന്നെ നാവിക സേനാ പരിശീലന കേന്ദ്രത്തില് നിന്നുളള വെടിയേറ്റല്ല മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റതെന്നാണ് ഇവര് പൊലീസിനോട് വ്യക്തമാക്കുന്നത്.

