നരേന്ദ്രമോദിക്ക് ഇന്ന് 72-ാം ജന്മദിനം : പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്‌കരിച്ച പ്രധാന പദ്ധതികളെ അറിയാം

2014 മുതല്‍ 2022 വരെയുള്ള ഭരണകാലത്തിനിടയ്ക്ക് നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ആവിഷ്‌ക്കരിച്ചത്. ജന്‍ ധന്‍, ആധാര്‍, സ്വച്ഛ് ഭാരത്, മേക്ക് ഇന്‍ ഇന്ത്യ, ആയുഷ്മാന്‍ ഭാരത്, മന്‍ കി ബാത്ത്, ആത്മ നിര്‍ഭര്‍ ഭാരത്, ഡിജിറ്റല്‍ ഇന്ത്യ, ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, നമാമി ഗംഗേ എന്നിവ പ്രധാനപ്പെട്ട ചില പദ്ധതികളാണ്. 2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കുകയും പകരം നീതി ആയോഗ് കൊണ്ടുവരികയുമായിരുന്നു. തുടര്‍ന്ന് ഇന്ത്യയില്‍ പഞ്ചവത്സര പദ്ധതികള്‍ക്ക് അവസാനമായി.

നരേന്ദ്രമോദി ആവിഷ്‌കരിച്ച പ്രധാന പദ്ധതികളെ അറിയാം

ആധാര്‍ കാര്‍ഡ്

രാജ്യത്തെ പൗരന്മാര്‍ക്കായി കൊണ്ടുവന്ന 12 അക്ക അദ്വിതീയ ഐഡന്റിറ്റി നമ്പറാണ് ആധാര്‍ എന്നറിയപ്പെട്ടത്. യുപിഎ സര്‍ക്കാരിന് പിന്നാലെ വന്ന എന്‍ഡിഎ സര്‍ക്കാര്‍ പൗരന്മാരുടെ വിവരങ്ങള്‍ സൂക്ഷിക്കേണ്ടത് അവശ്യമാണെന്ന നയമാണ് മുന്നോട്ട് വച്ചത്. ഇതോടെ രാജ്യമെമ്പാടും ആധാര്‍ നിര്‍ബന്ധമായി. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡി സംവിധാനമാണ് ഇന്ന് ആധാര്‍. എന്നാല്‍, ആധാര്‍ പൗരത്വത്തിന്റെ തെളിവല്ലെന്ന് സുപ്രീംകോടതി തന്നെ നിരീക്ഷിച്ചു. ഇത് രാജ്യത്ത് താമസിക്കുന്നതിന്റെ തെളിവായി കണക്കാക്കപ്പെടുന്നു. എന്നാല്‍, ആധാര്‍ കാര്‍ഡ് ഇന്ത്യയില്‍ താമസിക്കാനുള്ള അവകാശം നല്‍കുന്നില്ല.

പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (പ്രധാനമന്ത്രിയുടെ പൊതു ധനകാര്യ പദ്ധതി)

ഇന്ത്യന്‍ പൗരന്മാരുടെ ബാങ്കിങ്ങ് സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി രാജ്യത്തെ പൗരന്മാര്‍ക്കായി കൂടുതല്‍ ബാങ്കിങ്ങ് അക്കൗണ്ട് ആരംഭിക്കുന്നതായിരുന്നു പദ്ധതി. ലോകത്ത് ഒറ്റ ദിവസം കൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ക്ക് തുടക്കമിട്ട പദ്ധതിയെന്ന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയ്ക്ക് ലഭിച്ചു. 15 ദശലക്ഷം ബാങ്ക് അക്കൗണ്ടുകളാണ് ഉദ്ഘാടന ദിവസം തന്നെ തുറന്നത്.

മേക്ക് ഇന്‍ ഇന്ത്യ

ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനും സമര്‍പ്പിത നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി രാജ്യത്ത ആരംഭിച്ച പദ്ധതിയാണ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതി. നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക, ആധുനികവും കാര്യക്ഷമവുമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, വിദേശ മൂലധനത്തിനായി പുതിയ മേഖലകള്‍ തുറക്കുക എന്നിവയായിരുന്നു നയ സമീപനം. ‘ഇന്ത്യയെ ഒരു ആഗോള രൂപകല്‍പന, ഉല്‍പ്പാദന കയറ്റുമതി കേന്ദ്രമാക്കി മാറ്റുക’ എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി ആരംഭിച്ചത്. ഐഎന്‍എസ് വിക്രാന്ത് പോലുള്ള വിമാനവാഹിനി കപ്പലുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുകയും ചെയ്തു.

സ്വച്ഛ് ഭാരത് അഭിയാന്‍ (ക്ലീന്‍ ഇന്ത്യ മിഷന്‍)

പൊതുജനങ്ങള്‍ തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നതിന് തടയിടുക എന്ന ആശയത്തില്‍ നിന്നാണ് പ്രധാനമന്ത്രി സ്വച്ഛ ഭാരത് പദ്ധതി പ്രഖ്യാപിക്കുന്നത്. സ്വച്ഛ് ഭാരത് അഭിയാന്‍ അല്ലെങ്കില്‍ ക്ലീന്‍ ഇന്ത്യ മിഷന്‍ എന്നായിരുന്നു പദ്ധതി അറിയപ്പെട്ടിരുന്നത്. 2009-ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരംഭിച്ച നിര്‍മ്മല്‍ ഭാരത് അഭിയാന്റെ പുതിയ രൂപമായിരുന്നു സ്വച്ഛ ഭാരത് അഭിയാന്‍. ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നിര്‍മ്മല്‍ ഭാരത് അഭിയാന്‍ പരാജയപ്പെടുകയായിരുന്നു.

മന്‍ കി ബാത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് രാജ്യത്തെ ജനങ്ങളുമായി സംവദിക്കുന്നതിനായി ആരംഭിച്ച ഒരു ഇന്ത്യന്‍ റേഡിയോ പരിപാടിയാണ് മന്‍ കി ബാത്ത്. അതില്‍ അദ്ദേഹം ഓള്‍ ഇന്ത്യ റേഡിയോ, ഡിഡി നാഷണല്‍, ഡിഡി ന്യൂസ് എന്നിവയിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു. 2014 ഒക്ടോബര്‍ 3 ലാണ് ഈ പദ്ധതിയിലെ ആദ്യത്തെ പരിപാടി തുടങ്ങിയത്. ഇതുവരെയായി 92 എപ്പിസോഡുകള്‍ കഴിഞ്ഞു. 92-ാം എപ്പിസോഡ് 2022 ഓഗസ്റ്റ് 28-നാണ് സംപ്രേക്ഷണം ചെയ്തത്. 2021 ജൂലൈയില്‍ രാജ്യസഭയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയുടെ പ്രസ്താവന പ്രകാരം, ‘ദൈനംദിന ഭരണത്തിന്റെ വിഷയങ്ങളില്‍ പൗരന്മാരുമായി ഒരു സംവാദം സ്ഥാപിക്കുക’ എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

ആയുഷ്മാന്‍ ഭാരത് (പ്രധാനമന്ത്രിയുടെ ജനകീയ ആരോഗ്യ പദ്ധതി)

രാജ്യത്തെ താഴ്ന്ന വരുമാനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായി ലഭ്യമാക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ ഏറ്റവും താഴെയുള്ള ഏകദേശം 50 % ആളുകള്‍ ഈ സ്‌കീമിന് യോഗ്യരാണ്. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകള്‍ക്ക് ഒരു ഫാമിലി ഡോക്ടറില്‍ നിന്ന് അവരുടെ പ്രാഥമിക പരിചരണ സേവനങ്ങള്‍ ലഭിക്കും. ആര്‍ക്കെങ്കിലും കൂടുതല്‍ പരിചരണം ആവശ്യമായി വരുമ്പോള്‍, PM-JAY യും വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് സൗജന്യ ദ്വിതീയ ആരോഗ്യ പരിരക്ഷയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടവര്‍ക്ക് തൃതീയ ആരോഗ്യ പരിരക്ഷയും നല്‍കുന്നു.

ഡിജിറ്റല്‍ ഇന്ത്യ

സാങ്കേതിക വിദ്യാമേഖലയില്‍ രാജ്യത്തെ ഡിജിറ്റലായി ശാക്തീകരിക്കുന്നതിലൂടെയും ഗവണ്‍മെന്റിന്റെ സേവനങ്ങള്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെ പൗരന്മാര്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നതിനായി എന്‍ഡിഎ സര്‍ക്കാര്‍ ആരംഭിച്ച ഒരു കാമ്പെയ്നാണ് ഡിജിറ്റല്‍ ഇന്ത്യ. ഗ്രാമപ്രദേശങ്ങളെ അതിവേഗ ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്കുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഈ സംരംഭത്തില്‍ ഉള്‍പ്പെടുന്നു. സുരക്ഷിതവും സുസ്ഥിരവുമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ വികസനം, സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലായി വിതരണം ചെയ്യുക, സാര്‍വത്രിക ഡിജിറ്റല്‍ സാക്ഷരത എന്നിവ ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

നമാമി ഗംഗേ

2014 ജൂണില്‍ 20,000 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ ‘ഫ്‌ലാഗ്ഷിപ്പ് പ്രോഗ്രാം’ ആയി അംഗീകരിച്ച ഒരു സംയോജിത നദീ സംരക്ഷണ ദൗത്യമാണ് നമാമി ഗംഗേ പദ്ധതി. ദേശീയ നദിയായ ഗംഗയുടെ മലിനീകരണം നിയന്ത്രിക്കല്‍, സംരക്ഷണം, പുനരുജ്ജീവനം എന്നിവ ഈ പരിപാടിയുടെ ലക്ഷ്യങ്ങളാണ്. ശാസ്ത്രജ്ഞര്‍, സാങ്കേതിക കമ്പനികള്‍, നിക്ഷേപകര്‍, കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ താല്‍പ്പര്യ ഗ്രൂപ്പുകളെ ബന്ധിപ്പിക്കുന്ന യുകെ കമ്മ്യൂണിറ്റിയുമായി ഇടപഴകാന്‍ ഇത് ലക്ഷ്യമിടുന്നു. നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗയുടെ (എന്‍എംസിജി) റിപ്പോര്‍ട്ട് അനുസരിച്ച് 341 പദ്ധതികളില്‍ 147 (അല്ലെങ്കില്‍ 43 ശതമാനം) പൂര്‍ത്തിയായി. അതില്‍ ഭൂരിഭാഗം പദ്ധതികളും മലിനജല അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും 157 മലിനജല പദ്ധതികളില്‍ 61 എണ്ണം (39 ശതമാനം) പൂര്‍ത്തീകരിച്ചുവെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടുന്നു.

ആത്മനിര്‍ഭര്‍ ഭാരത് (സ്വാശ്രയ ഇന്ത്യ)

ലോക സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യ ഒരു വലിയ പങ്ക് വഹിക്കുന്നതിനും കൂടുതല്‍ കാര്യക്ഷമവും മത്സരപരവും പ്രതിരോധശേഷിയും കൈവരിക്കുന്നതിനുള്ള എന്‍ഡിഎ സര്‍ക്കാറിന്റെ പദ്ധതിയാണിത്. 2020-ല്‍ കൊവിഡ് 19 മായി ബന്ധപ്പെട്ട സാമ്പത്തിക പാക്കേജിന്റെ പ്രഖ്യാപന വേളയിലാണ് നരേന്ദ്ര മോദി ആദ്യമായി ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ (സ്വാശ്രയ ഇന്ത്യ മിഷന്‍) എന്ന പദപ്രയോഗം ഉപയോഗിക്കുന്നത്.

ബേട്ടി ബച്ചാവോ / ബേട്ടി പഠാവോ

പ്രധാനമായും ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, പഞ്ചാബ്, ബീഹാര്‍, ഡല്‍ഹി എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പിന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളെയാണ് ലക്ഷ്യം വയ്ക്കുന്നത്. 2014-ലെ അന്താരാഷ്ട്ര പെണ്‍കുട്ടികളുടെ ദിനത്തില്‍, ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്കെതിരായ ലിംഗവിവേചനം അവസാനിപ്പിക്കണമെന്ന് നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. SelfieWithDaughter എന്ന ഹാഷ്ടാഗില്‍ 2015 ജൂണില്‍ സാമൂഹിക മാധ്യമം വഴിയാണ് പദ്ധതി പ്രചരിപ്പിക്കപ്പെട്ടത്.