Highlights (Page 87)

ജയ്പൂർ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് മുതിർന്ന നേതാവ് കമൽനാഥ്. തന്റെ നിലപാട് അദ്ദേഹം സോണിയാ ഗാന്ധിയെ അറിയിച്ചുവെന്നാണ് വിവരം. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള അശോക് ഗെലോട്ടിൻറെ സാധ്യതകൾ മങ്ങിയതോടെ ചർച്ചകൾ കമൽനാഥിന്റെ പേരിലേക്ക് എത്തിനിന്നത്.

അധ്യക്ഷനാകാൻ അർഹതയില്ലെന്ന് രാഷ്ട്രീയ നാടകത്തിലൂടെ ഗെലോട്ട് തെളിയിച്ചെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥിയായാണ് അശോക് ഗെലോട്ടിനെ നിശ്ചയിച്ചിരുന്നത്.

രാജസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യംകണക്കിലെടുത്താണ് സംസ്ഥാനത്തെ എംഎൽഎമാരെ നിയന്ത്രിക്കാനാകാത്ത ഗെലോട്ട് അധ്യക്ഷ പദവിക്ക് യോഗ്യനല്ലെന്ന നിലപാടിലേക്ക് മുതിർന്ന നേതാക്കളെത്തിയത്. ഗെലോട്ട് പ്രസിഡന്റാകുമ്പോൾ പകരം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾക്കിടെയാണ് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എംഎൽഎമാർ നിലപാടെടുക്കുകയായിരുന്നു.

ന്യൂഡൽഹി: ഹിമപാതം കണ്ടെത്താനായി പുതിയ സംവിധാനവുമായി ഇന്ത്യൻ സൈന്യം. മഞ്ഞുമലകൾ ഇടിഞ്ഞ് വീഴുന്നത് കണ്ടെത്താനായി സൈന്യം റഡാറുകൾ സ്ഥാപിച്ചു. വടക്കൻ സിക്കിമിൽ ഡിഫൻസ് ജിയോ ഇൻഫോർമാറ്റിക്‌സ് ആൻഡ് റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റിന്റെ (ഡിജിആർഇ) സഹായത്തോടെയാണ് അവലാഞ്ച് റഡാർ യാഥാർത്ഥ്യമാക്കിയത്.

മോർത്തിൽ 15,000 അടി ഉയരത്തിലുള്ള സൈന്യത്തിന്റെ ഫോർവേഡ് പോസ്റ്റിലാണ് റഡാർ സ്ഥാപിച്ചിരിക്കുന്നത്. ത്രി ശക്തി കോർപ്‌സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ തരൺ കുമാർ ഐച്ചാണ് റഡാർ ഉദ്ഘാടനം ചെയ്തത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ വിഭാഗമായ ഡിജിആർഇയാണ് അവലാഞ്ച് റഡാർ പ്രവർത്തനക്ഷമമാക്കിയത്. ഹിമാലയൻ മേഖലയിൽ ഇന്ത്യൻ സൈന്യം നേരിടുന്ന ഹിമപാത അപകടങ്ങൾ പ്രവചിക്കുന്നതിലും ലഘൂകരിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന വിഭാഗനമാണിത്. ഹിമപാതങ്ങൾ സംഭവിച്ച് മൂന്ന് സെക്കൻഡിനുള്ളിൽ കണ്ടെത്താനാനുള്ള കഴിവാണ് ഇവയുടെ സവിശേഷത.

ഹിമപാതമുണ്ടായാൽ റഡാറിൽ നിന്നും അലാറം പുറപ്പെടുവിക്കും. ഇതിൽ ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്. മൈക്രോവേവ് പൾസുകളാണ് റഡാറിനെ പ്രവർത്തനക്ഷമമാക്കുന്നതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

തിരുവനന്തപുരം: രാജ്യത്തെ ട്രെയിനുകളില്‍ ഓട്ടോമാറ്റിക് ചാര്‍ട്ടിംഗ് സംവിധാനം നിലവില്‍ വന്നു. ട്രെയിനില്‍ ഒഴിവുവരുന്ന ബെര്‍ത്തുകള്‍ വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളവര്‍ക്കും മറ്റും അനുവദിക്കുന്നതില്‍ രാജ്യവ്യാപകമായി നടന്നുവന്ന തിരിമറി അവസാനിപ്പിക്കാനാണ് ഇത്. രാജ്യത്തെ 2700ട്രെയിനുകളിലാണ് ഇന്നലെ മുതല്‍ ഈ സംവിധാനം നിലവില്‍ വന്നത്. രണ്ടാംഘട്ടമായി 6000ട്രെയിനുകളില്‍ കൂടി നടപ്പാക്കും.

അതേസമയം, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ വിവരങ്ങള്‍ അപ്പോള്‍ തന്നെ യാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ലഭ്യമാക്കുന്ന ഓട്ടോമാറ്റിക് ഇന്‍ഫര്‍മേഷന്‍ സംവിധാനവും ഇതോടൊപ്പം സജ്ജമാക്കി. ഇതിലൂടെ അധികൃതര്‍ക്ക് ഇതിന് പുറമെ ട്രെയിനിന്റെ വേഗതയടക്കം മറ്റ് വിവരങ്ങളും ലഭിക്കും. ഐ.എസ്.ആര്‍.ഒ.യുടെ സഹായത്തോടെ ഓരോ മുപ്പത് സെക്കന്‍ഡിലും ഇത് അപ്‌ഡേറ്റ് ചെയ്യും..

ഐ.എസ്.ആര്‍.ഒയുടെ സഹകരണത്തോടെ നടപ്പാക്കിയ ഒന്നാം ഘട്ട ഓട്ടോമാറ്റിക് ചാര്‍ട്ടിംഗ് സംവിധാനത്തില്‍ കേരളഎക്‌സ്പ്രസ്, ചെന്നൈ മെയില്‍ അടക്കം സംസ്ഥാനത്തുകൂടി ഓടുന്ന എഴുപത് ശതമാനം ദീര്‍ഘദൂര സര്‍വീസുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് എവിടെയും നിശ്ചിത പരിധിക്കുള്ളിൽ ഇനി അനുമതിയില്ലാതെ ഡ്രോണുകൾക്ക് പാറിപ്പറക്കാനാകില്ല. സർക്കാരിന്റേയോ, പോലീസിന്റേയോ മുൻകൂർ അനുമതി വാങ്ങാതെ സംസ്ഥാനത്ത് പ്രത്യേക സ്ഥലങ്ങളിൽ പറപ്പിക്കുന്ന ഡ്രോണുകൾ കണ്ടെത്തുവാനും നിർവ്വീര്യമാക്കുവാനും വേണ്ടി കേരള പോലീസിന്റെ ഡ്രോൺ ഫോറൻസിക് വിഭാഗമാണ് ആന്റീ ഡ്രോൺ മൊബൈൽ വെഹിക്കിളായ ഈഗിൾ ഐ പുറത്തിറക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ കൊക്കൂൺ കോൺഫറൻസിൽ വെച്ചാണ് ഈഗിൾ ഐ പുറത്തിറക്കിയത്.

പുതിയ കാലഘട്ടത്തിൽ പ്രതീക്ഷിക്കാവുന്ന ഡ്രോൺ ആക്രമണങ്ങളേയും, അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഡ്രോണുകളേയും തടയുക എന്ന ലക്ഷ്യത്തിൽ ഇന്ത്യയിലെ ഒരു പോലീസ് സേന ആദ്യമായാണ് ഇത്തരത്തിലൊരു വാഹനം പുറത്തിക്കുന്നത്.

ആക്രമണങ്ങൾക്കും, അനുമതിയില്ലാതെയും പ്രവർത്തിക്കുന്ന ഡ്രോണുകളെ കണ്ടെത്തി അതിനെ നിർവ്വീര്യമാക്കി പിടിച്ചെടുക്കുകയാണ് ആന്റി ഡ്രോൺ സിസ്റ്റത്തിന്റെ പ്രവർത്തനം. ഇതിന്റെ പ്രവർത്തനം മനസിലാക്കാനായി അന്യ സംസ്ഥാനത്ത് നിന്നും നിരവധി ഓഫീസർമാരും എത്തിയിരുന്നു.

ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ഇന്‍ഡ്യ മൊബൈല്‍ കോണ്‍ഗ്രസില്‍ രാജ്യത്തെ 5ജി സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിടും. 5ജി സേവനങ്ങള്‍ വിന്യസിക്കുന്നതിന് ടെലികോം സേവനദാതാക്കള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ സേവനം പ്രഖ്യാപിക്കുന്നത് മാറ്റേണ്ടി വന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെയാണ് പരിപാടി നടക്കുക. അങ്ങനെയെങ്കില്‍ ഒക്ടോബര്‍ ഒന്നിന് പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ തന്നെ 5ജി പ്രഖ്യാപനം ഉണ്ടായേക്കും. ദീപാവലിയോടെ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു. സമീപദിവസങ്ങളില്‍ തന്നെ ഭാരതി എയര്‍ടെലും 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും..

ന്യൂഡൽഹി: ഓപ്പറേഷൻ മേഘചക്രയുമായി സിബിഐ. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ (സിഎസ്എഎം) ഓൺലൈനിൽ പ്രചരിപ്പിച്ച രണ്ട് കേസുകളുമായി ബന്ധപ്പെട്ടാണ് സിബിഐ ഓപ്പറേഷൻ മേഘചക്ര നടത്തുന്നത്. ഇതിന്റെ ഭാഗമായി 19 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും 56 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. ഇന്റർപോൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ പരിശോധന.

കുട്ടികളുടെ ലൈഗിംകതയുടെ ദൃശ്യങ്ങളും, ഓഡിയോകളും പ്രചരിപ്പിക്കാൻ പെഡലർമാർ ഉപയോഗിക്കുന്ന ക്ലൗഡ് സ്റ്റോറേജ് സൗകര്യങ്ങൾ ലക്ഷ്യമിട്ടാണ് സിബിഐയുടെ നടപടി. അതുകൊണ്ടാണ് ഈ ഓപ്പറേഷന് സിബിഐ ‘മേഘ ചക്ര’ എന്ന് പേരിട്ടിരിക്കുന്നത്.

കഴിഞ്ഞ വർഷം സിബിഐ നടത്തിയ ഓപ്പറേഷൻ കാർബണിന്റെ സമയത്ത് ലഭിച്ച വിവരങ്ങളും പരിശോധനകൾക്ക് കാരണമായെന്നാണ് റിപ്പോർട്ടുകൾ. ഇന്റർനെറ്റിലെ സിഎസ്എഎം ഉപയോക്താക്കളെ സംബന്ധിച്ച് സിബിഐയ്ക്ക് ലഭിച്ച രഹസ്യ വിവരങ്ങളും ഓപ്പറേഷൻ ‘മേഘ ചക്ര’ നടപ്പിലാക്കാൻ കാരണമായെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ ആലപ്പുഴ ജില്ലയിൽ അരങ്ങേറിയത് വ്യാപക അക്രമം. വളഞ്ഞവഴിയിൽ നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറ് നടന്നു. രണ്ട് കെഎസ്ആർടിസി ബസുകളും ലോറികളും കാറും ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നേരെയാണ് ഹർത്താൽ അനുകൂലികൾ ആക്രമണം അഴിച്ചുവിട്ടത്. കൊടുങ്ങല്ലൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ, ഹരിപ്പാട് നിന്ന് ആലപ്പുഴയിലേക്ക് പോയ ഓർഡിനറി ബസ്, അമൃത ആശുപത്രിയിലേക്ക് പോയ ബസ് തുടങ്ങിയവയുടെ ചില്ല് ഹർത്താൽ അനുകൂലികൾ തകർത്തു.

ഈ ബസുകളിലെ യാത്രക്കാരെ പിന്നീട് മറ്റ് ബസുകളിൽ കയറ്റി വിടുകയായിരുന്നു. കൊടുങ്ങല്ലൂരിലേക്ക് പോയ ചരക്ക് ലോറിക്ക് നേരെ കാക്കാഴം മേൽപ്പാലത്തിൽ വെച്ച് നടന്ന ആക്രമണത്തിൽ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശിയായ നവാസിനാണ് പരിക്കേറ്റത്. തൂത്തുക്കുടിയിൽ നിന്ന് കൊച്ചിയിലേക്കു പോയ കണ്ടെയ്‌നർ ലോറിക്ക് നേരെ നടന്ന ആക്രമണത്തിൽ മുൻ വശത്തെ ചില്ല് തകർന്നു.

ബൈക്കുകളിലെത്തിയ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഹർത്താലിനിടെ ആക്രമം നടത്തിയവരെ കണ്ടെത്താൻ വ്യാപാര സ്ഥാപനങ്ങൾ, റോഡരികിലുള്ള നിരിക്ഷണ ക്യാമറകൾ എന്നിവ പൊലീസ് പരിശോധിച്ച് വരികയാണ്.

ന്യൂഡല്‍ഹി: രാജ്യത്ത് സ്വന്തമായി ഇ-കൊമേഴ്‌സ് പോര്‍ട്ടലുമായി വ്യാപാരികള്‍. ‘ഭാരത് ഇ-മാര്‍ട്ട്’ എന്ന പോര്‍ട്ടല്‍ ദീപാവലിക്ക് ആരംഭിക്കാനാണ് പദ്ധതി. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സാണ് പോര്‍ട്ടല്‍ വികസിപ്പിക്കുന്നത്. ഇതില്‍ വ്യാപാരികളുടെ രജിസ്‌ട്രേഷന്‍ സെപ്തംബര്‍ 26 മുതല്‍ ആരംഭിക്കുമെന്ന് സിഎഐടി ദേശീയ സെക്രട്ടറി എസ്.എസ് മനോജ് പറഞ്ഞു. ആദ്യം വ്യാപാരികള്‍ക്ക് മാത്രം ലഭ്യമാകുന്ന പോര്‍ട്ടല്‍ സേവനം പിന്നീട് പൊതുജനങ്ങള്‍ക്കും ലഭ്യമാകും.

അതേസമയം, പോര്‍ട്ടലിന്റെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഇന്ത്യയില്‍ എവിടെ നിന്നും കുറഞ്ഞ വിലക്ക് സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. വ്യാപാരികള്‍ക്ക് പുറമെ മാര്‍ക്കറ്റിംഗ് മേഖലയിലു്ള്ളവരെയും വിതരണക്കാരെയും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ വലിയ ചിലവില്ലാതെ ഈ സാധനങ്ങള്‍ എത്തിക്കാനുമാകും.

മൂന്നുവര്‍ഷത്തിലേറെയായി പോര്‍ട്ടല്‍ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. ഇതിനായി മൊബൈല്‍ ആപ്പും ഉണ്ട്. വ്യാപാരികള്‍ക്ക് പോര്‍ട്ടല്‍ പരിചയപ്പെടുത്താനായി വിവിധ സംസ്ഥാനങ്ങളില്‍ സിഎഐടി ശില്‍പ്പശാലകള്‍ നടത്തി വരുന്നുണ്ട്.

ന്യൂഡൽഹി: പോക്‌സോ കേസിൽ നിർണായക പരാമർശവുമായി സുപ്രീം കോടതി. ഇരയും കുറ്റാരോപിതനും തമ്മിൽ ഒത്തുതീർപ്പായി എന്ന കാരണത്താൽ പോക്‌സോ പോലുള്ള ഗുരുതരമായ കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബി വി നാഗരത്‌ന എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

മുസ്ലിം യൂത്ത് ലീഗ് നേതാവും ഉറുദു അധ്യാപകനുമായ ഹഫ്‌സൽ റഹ്മാന് എതിരായ പോക്സോ കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മലപ്പുറം ചെമ്മങ്കടവ് പിഎംഎസ്എഎം ഹയർ സെക്കൻഡറി സ്‌കൂളിലെ ഉറുദു അധ്യാപകനായിരുന്ന ഹഫ്‌സൽ റഹ്മാന് എതിരെ 2018 നവംബറിലാണ് പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. 16 വയസ് മാത്രം പ്രായമുള്ള വിദ്യാർഥിനികളെ സ്‌കൂളിലെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. പിന്നീട് പ്രതിയുമായി ഒത്തുതീർപ്പിലെത്തി എന്ന് വ്യക്തമാക്കി ഇരകളുടെ അച്ഛനും അമ്മയും ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. തുടർന്ന് ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നു.

ഒത്തുതീർപ്പായി എന്ന കാരണത്താൽ പോക്‌സോ പോലുള്ള ഗുരുതരമായ കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ പ്രതിക്ക് കേസ് റദ്ദാക്കുന്നതിന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊച്ചി: രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിൽ കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്തത് 25 പോപ്പുലർ ഫ്രണ്ട് നേതാക്കളെ. ഇതിൽ 14 പേരെ ഡൽഹിയിലേക്ക് കൊണ്ടുപോകും. ബാക്കി 11 പേർക്കെതിരെ കൊച്ചിയിലെ എൻഐഎ ഓഫീസിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കമുള്ള നേതാക്കളെയാണ് ഡൽഹിയിലേക്ക് കൊണ്ടുപോകുന്നത്. ഡൽഹിയിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിലായിരിക്കും ഇവരെ പ്രതിചേർക്കും. ഇവരിൽ എട്ടുപേരെ ഇതിനോടകം ഡൽഹിയിലേക്ക് കൊണ്ടുപോയെന്നാണ് റിപ്പോർട്ടുകൾ.

കേരളത്തിൽ റെയ്ഡുകളിൽ നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഒഎംഎ സലാം ദേശീയ പ്രസിഡന്റ് (മലപ്പുറം), സൈനുദ്ദീൻ ഇടുക്കി ജില്ലാ സെക്രട്ടറി, നസറുദ്ദീൻ എളമരം ദേശീയ സെക്രട്ടറി(വാഴക്കാട്), മുഹമ്മദ് ബഷീർ സ്റ്റേറ്റ് പ്രസിഡന്റ് (തിരുവനന്തപുരം), സാദിഖ് മുഹമ്മദ് ജില്ലാ സെക്രട്ടറി പത്തനംതിട്ട, നജിമുദ്ദീൻ മുണ്ടക്കയം, പി കോയ കോഴിക്കോട്, അബ്ദുൽ റഹ്മാൻ കളമശ്ശേരി ദേശീയ വൈസ് പ്രസിഡണ്ട്, മുഹമ്മദലി ജിന്ന (തമിഴ്നാട് സ്വദേശി), മുഹമ്മദ് ഷാഹിദ് എന്നിവരെ കോട്ടയത്തു നിന്നും പിടികൂടിയിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് ഓഫീസുകളും നേതാക്കളുടെ വീടുകളുമടക്കം 70 ഓളം കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച്ച പരിശോധന നടന്നത്. കേരളത്തിൽ ആദ്യമായാണ് എൻഐഎ ഒരേ സമയം ഇത്രയേറെ വ്യാപകമായ റെയ്ഡ് നടത്തുന്നത്. കേന്ദ്ര സേനയെ വിന്യസിച്ചായിരുന്നു റെയ്ഡ്. കോഴിക്കോട്ടെ ആസ്ഥാന മന്ദിരത്തിലും റെയ്ഡ് നടത്തി.

തിരുവനന്തപുരത്ത് പോപ്പുലർ ഫ്രണ്ടിന്റെ മണക്കാട്ടുള്ള ജില്ലാ കമ്മിറ്റി ഓഫീസിലും പിഎഫ്ഐ നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പരിശോധന നടത്തിയെന്ന് എൻഐഎ അറിയിച്ചു. നാല് മൊബൈലുകളും മൂന്ന് ബുക്കുകളും 6 ലഘുലേഖകളും ഇവരിൽ നിന്നും പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ. രാജ്യവ്യാപകമായി 106 പേരാണ് റെയ്ഡിന് പിന്നാലെ അറസ്റ്റിലായത്.