ഹിമപാതം കണ്ടെത്താനായി പുതിയ സംവിധാനം; റഡാറുകൾ സ്ഥാപിച്ച് ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: ഹിമപാതം കണ്ടെത്താനായി പുതിയ സംവിധാനവുമായി ഇന്ത്യൻ സൈന്യം. മഞ്ഞുമലകൾ ഇടിഞ്ഞ് വീഴുന്നത് കണ്ടെത്താനായി സൈന്യം റഡാറുകൾ സ്ഥാപിച്ചു. വടക്കൻ സിക്കിമിൽ ഡിഫൻസ് ജിയോ ഇൻഫോർമാറ്റിക്‌സ് ആൻഡ് റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റിന്റെ (ഡിജിആർഇ) സഹായത്തോടെയാണ് അവലാഞ്ച് റഡാർ യാഥാർത്ഥ്യമാക്കിയത്.

മോർത്തിൽ 15,000 അടി ഉയരത്തിലുള്ള സൈന്യത്തിന്റെ ഫോർവേഡ് പോസ്റ്റിലാണ് റഡാർ സ്ഥാപിച്ചിരിക്കുന്നത്. ത്രി ശക്തി കോർപ്‌സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ തരൺ കുമാർ ഐച്ചാണ് റഡാർ ഉദ്ഘാടനം ചെയ്തത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ വിഭാഗമായ ഡിജിആർഇയാണ് അവലാഞ്ച് റഡാർ പ്രവർത്തനക്ഷമമാക്കിയത്. ഹിമാലയൻ മേഖലയിൽ ഇന്ത്യൻ സൈന്യം നേരിടുന്ന ഹിമപാത അപകടങ്ങൾ പ്രവചിക്കുന്നതിലും ലഘൂകരിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന വിഭാഗനമാണിത്. ഹിമപാതങ്ങൾ സംഭവിച്ച് മൂന്ന് സെക്കൻഡിനുള്ളിൽ കണ്ടെത്താനാനുള്ള കഴിവാണ് ഇവയുടെ സവിശേഷത.

ഹിമപാതമുണ്ടായാൽ റഡാറിൽ നിന്നും അലാറം പുറപ്പെടുവിക്കും. ഇതിൽ ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്. മൈക്രോവേവ് പൾസുകളാണ് റഡാറിനെ പ്രവർത്തനക്ഷമമാക്കുന്നതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.