ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ ആലപ്പുഴ ജില്ലയിൽ അരങ്ങേറിയത് വ്യാപക അക്രമം. വളഞ്ഞവഴിയിൽ നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറ് നടന്നു. രണ്ട് കെഎസ്ആർടിസി ബസുകളും ലോറികളും കാറും ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നേരെയാണ് ഹർത്താൽ അനുകൂലികൾ ആക്രമണം അഴിച്ചുവിട്ടത്. കൊടുങ്ങല്ലൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ, ഹരിപ്പാട് നിന്ന് ആലപ്പുഴയിലേക്ക് പോയ ഓർഡിനറി ബസ്, അമൃത ആശുപത്രിയിലേക്ക് പോയ ബസ് തുടങ്ങിയവയുടെ ചില്ല് ഹർത്താൽ അനുകൂലികൾ തകർത്തു.
ഈ ബസുകളിലെ യാത്രക്കാരെ പിന്നീട് മറ്റ് ബസുകളിൽ കയറ്റി വിടുകയായിരുന്നു. കൊടുങ്ങല്ലൂരിലേക്ക് പോയ ചരക്ക് ലോറിക്ക് നേരെ കാക്കാഴം മേൽപ്പാലത്തിൽ വെച്ച് നടന്ന ആക്രമണത്തിൽ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശിയായ നവാസിനാണ് പരിക്കേറ്റത്. തൂത്തുക്കുടിയിൽ നിന്ന് കൊച്ചിയിലേക്കു പോയ കണ്ടെയ്നർ ലോറിക്ക് നേരെ നടന്ന ആക്രമണത്തിൽ മുൻ വശത്തെ ചില്ല് തകർന്നു.
ബൈക്കുകളിലെത്തിയ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഹർത്താലിനിടെ ആക്രമം നടത്തിയവരെ കണ്ടെത്താൻ വ്യാപാര സ്ഥാപനങ്ങൾ, റോഡരികിലുള്ള നിരിക്ഷണ ക്യാമറകൾ എന്നിവ പൊലീസ് പരിശോധിച്ച് വരികയാണ്.

