‘ഭാരത് ഇ-മാര്‍ട്ട്’: വ്യാപാരികളും ഓണ്‍ലൈനിലേക്ക്‌

ന്യൂഡല്‍ഹി: രാജ്യത്ത് സ്വന്തമായി ഇ-കൊമേഴ്‌സ് പോര്‍ട്ടലുമായി വ്യാപാരികള്‍. ‘ഭാരത് ഇ-മാര്‍ട്ട്’ എന്ന പോര്‍ട്ടല്‍ ദീപാവലിക്ക് ആരംഭിക്കാനാണ് പദ്ധതി. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സാണ് പോര്‍ട്ടല്‍ വികസിപ്പിക്കുന്നത്. ഇതില്‍ വ്യാപാരികളുടെ രജിസ്‌ട്രേഷന്‍ സെപ്തംബര്‍ 26 മുതല്‍ ആരംഭിക്കുമെന്ന് സിഎഐടി ദേശീയ സെക്രട്ടറി എസ്.എസ് മനോജ് പറഞ്ഞു. ആദ്യം വ്യാപാരികള്‍ക്ക് മാത്രം ലഭ്യമാകുന്ന പോര്‍ട്ടല്‍ സേവനം പിന്നീട് പൊതുജനങ്ങള്‍ക്കും ലഭ്യമാകും.

അതേസമയം, പോര്‍ട്ടലിന്റെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഇന്ത്യയില്‍ എവിടെ നിന്നും കുറഞ്ഞ വിലക്ക് സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. വ്യാപാരികള്‍ക്ക് പുറമെ മാര്‍ക്കറ്റിംഗ് മേഖലയിലു്ള്ളവരെയും വിതരണക്കാരെയും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ വലിയ ചിലവില്ലാതെ ഈ സാധനങ്ങള്‍ എത്തിക്കാനുമാകും.

മൂന്നുവര്‍ഷത്തിലേറെയായി പോര്‍ട്ടല്‍ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. ഇതിനായി മൊബൈല്‍ ആപ്പും ഉണ്ട്. വ്യാപാരികള്‍ക്ക് പോര്‍ട്ടല്‍ പരിചയപ്പെടുത്താനായി വിവിധ സംസ്ഥാനങ്ങളില്‍ സിഎഐടി ശില്‍പ്പശാലകള്‍ നടത്തി വരുന്നുണ്ട്.