ന്യൂഡൽഹി: പോക്സോ കേസിൽ നിർണായക പരാമർശവുമായി സുപ്രീം കോടതി. ഇരയും കുറ്റാരോപിതനും തമ്മിൽ ഒത്തുതീർപ്പായി എന്ന കാരണത്താൽ പോക്സോ പോലുള്ള ഗുരുതരമായ കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബി വി നാഗരത്ന എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
മുസ്ലിം യൂത്ത് ലീഗ് നേതാവും ഉറുദു അധ്യാപകനുമായ ഹഫ്സൽ റഹ്മാന് എതിരായ പോക്സോ കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മലപ്പുറം ചെമ്മങ്കടവ് പിഎംഎസ്എഎം ഹയർ സെക്കൻഡറി സ്കൂളിലെ ഉറുദു അധ്യാപകനായിരുന്ന ഹഫ്സൽ റഹ്മാന് എതിരെ 2018 നവംബറിലാണ് പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. 16 വയസ് മാത്രം പ്രായമുള്ള വിദ്യാർഥിനികളെ സ്കൂളിലെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. പിന്നീട് പ്രതിയുമായി ഒത്തുതീർപ്പിലെത്തി എന്ന് വ്യക്തമാക്കി ഇരകളുടെ അച്ഛനും അമ്മയും ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. തുടർന്ന് ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നു.
ഒത്തുതീർപ്പായി എന്ന കാരണത്താൽ പോക്സോ പോലുള്ള ഗുരുതരമായ കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ പ്രതിക്ക് കേസ് റദ്ദാക്കുന്നതിന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

