ന്യൂഡല്‍ഹി: രാജ്യത്തെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. കര്‍ത്തവ്യപഥെന്ന് രാജ്പഥിന്റെ പേരുമാറ്റിയ ശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വിപുലമായ സുരക്ഷാ വിന്യാസമാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ കര്‍ത്തവ്യപഥിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. നാളെ രാവിലെ 6 മണിമുതല്‍ ഡല്‍ഹിയില്‍ കര്‍ശന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
അതേസമയം, 901 പോലീസ് ഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് ഇത്തവണ അര്‍ഹരായത്. കേരള പോലീസിലെ എസ്പി അമോസ് മാമന് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് കേരളത്തിലെ പത്ത് പോലീസ് ഉദ്യോഗസ്ഥരും, അഗ്‌നിശമന സേനാംഗങ്ങള്‍ക്കുള്ള മെഡലിന് അഞ്ചു മലയാളി ഉദ്യോഗസ്ഥരും അര്‍ഹരായിട്ടുണ്ട്.
അതേസമയം, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍സിസിയാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക്ദിനാഘോഷത്തിലെ മുഖ്യാതിഥി. ഭീകരവാദത്തെ ചെറുക്കുന്നതിനുള്‍പ്പടെ ഈജിപ്തുമായുള്ള ബന്ധം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ഡല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കര്‍ത്തവ്യപഥിന്റേയും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റേയും നിര്‍മ്മാണത്തില്‍ ഭാഗമായ തൊഴിലാളികളും, വഴിയോര കച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേര്‍ ഇത്തവണ പരേഡില്‍ അതിഥികളായെത്തും.

