12 ചീറ്റപ്പുലികളെ കൂടി രാജ്യത്തെത്തിക്കുന്നു; നടപടിക്രമങ്ങൾ പുരോഗമിക്കുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: 12 ചീറ്റപ്പുലികളെ കൂടി രാജ്യത്തെത്തിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് രാജ്യത്തേക്ക് ചീറ്റകളെ കൊണ്ടുവരുന്നത്. മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്കായിരിക്കും ഇവയെ എത്തിക്കുക. ഫെബ്രുവരി മാസത്തോടെ ഇവ ഡൽഹിയിലെത്തുമെന്നാണ് വിവരം. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് സൂചനകൾ. എന്നാൽ ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ ഇവയെ എത്തിച്ചേക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം സെപ്തംബർ 17 ന് എട്ട് ചീറ്റപ്പുലികളടങ്ങിയ ആദ്യ ബാച്ചിനെ കുനോ നാഷണൽ പാർക്കിൽ തുറന്നു വിട്ടിരുന്നു. 70 വർഷത്തിന് ശേഷമാണ് ചീറ്റപുലികളെ ഇന്ത്യയിലെത്തിച്ചത്. അതേസമയം, രാജ്യത്തേക്ക് പുതുതായി എത്തിക്കുന്ന 12 ചീറ്റകളിൽ ഏഴെണ്ണം ആണും അഞ്ചെണ്ണം പെണ്ണുമാണ്. ചീറ്റകളെ ആദ്യം ക്വാറന്റൈനിലാകും പാർപ്പിക്കുന്നത്. ഒരു മാസത്തെ ക്വാറന്റൈന് ശേഷം അഞ്ച് സ്‌ക്വയർ കിലോമീറ്റർ വരുന്ന പ്രദേശത്തേക്ക് ഇവയെ തുറന്നുവിടും. പിന്നീട് ഇവയെ പാർക്കിലേക്ക് മാറ്റും.