തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് പുതിയ വൺസ്റ്റോപ്പ് വിമാന സർവീസ് ആരംഭിച്ചു. ഇൻഡിഗോ എയർലൈൻസാണ് പുതിയ വൺ സ്റ്റോപ്പ് വിമാന സർവ്വീസ് ആരംഭിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ നിന്ന് ഉച്ചയ്ക്ക് 1.40ന് പുറപ്പെടുന്ന വിമാനം ചെന്നൈ വഴി വൈകിട്ട് 6 മണിക്കാണ് കൊൽക്കത്തയിലെത്തുന്നത്. തിരിച്ച് കൊൽക്കത്തയിൽ നിന്ന് രാവിലെ 8.15ന് പുറപ്പെടുന്ന വിമാന സർവ്വീസ് ഉച്ചയ്ക്ക് 1.05ന് തിരുവനന്തപുരത്ത് എത്തും.
നേരത്തെ തിരുവനന്തപുരം – കൊൽക്കത്ത സെക്ടറിൽ യാത്ര ചെയ്യുന്നതിന് യാത്രക്കാർക്ക് രണ്ട് വിമാനങ്ങളെ ആശ്രയിക്കണമായിരുന്നു. പുതിയ വിമാന സർവ്വീസ് ആരംഭിക്കുന്നതോടെ യാത്രാസമയം 7.30 മണിക്കൂറിൽ നിന്ന് ഏകദേശം 4.30 മണിക്കൂറായി കുറയുന്നതാണ്. അതേസമയം, തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് നോൺ സ്റ്റോപ്പ് സർവ്വീസ് നടത്താനും ഇൻഡിഗോ എയർലൈൻസ് പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

