യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കൽ; നരേന്ദ്ര മോദിയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത് അമേരിക്ക

വാഷിങ്ടൺ: യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത് അമേരിക്ക. യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി മോദി നടത്തുന്ന ഏതുതരത്തിലുള്ള ശ്രമങ്ങളെയും സ്വാഗതം ചെയ്യുമെന്ന് അമേരിക്ക അറിയിച്ചു. വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

യുക്രൈന് നേരെയുള്ള അക്രമത്തിന് അവസാനം കുറിക്കാനുള്ള ഏത് ശ്രമത്തെയും യു എസ് സ്വാഗതം ചെയ്യുന്നു. പുടിൻ യുദ്ധമവസാനിപ്പിക്കാനുള്ള സമയമായി എന്നാണ് തനിക്കു തോന്നുന്നത്. ഈ യുദ്ധം ഇന്നു തന്നെ അവസാനിക്കേണ്ടതാണ്. യുക്രൈൻ ജനത നേരിടേണ്ടി വന്ന കൊടും ക്രൂരതകൾക്ക് ഉത്തരവാദിയായ ഏകവ്യക്തി പുടിനാണെന്നും അദ്ദേഹം വിമർശിച്ചു.

യുക്രൈൻ യുദ്ധം ഏതു നിമിഷവും അവസാനിപ്പിക്കാൻ പുടിന് കഴിയും. പകരം ദുരിതമനുഭവിക്കുന്ന യുക്രൈന് നേരെ കൂടുതൽ മിസൈലുകൾ അയച്ച് കൂടുതൽ ദ്രോഹിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏതു ശ്രമത്തേയും യു എസ് സ്വാഗതം ചെയ്യുന്നുവെന്നുവെന്നും ജോൺ കിർബി കൂട്ടിച്ചേർത്തു.