യുഎസ് വ്യോമാതിര്‍ത്തിയായ അലാസ്‌കയില്‍ 40,000 അടി ഉയരത്തില്‍ പറക്കുന്നതായി കണ്ടെത്തിയ അജ്ഞാത വസ്തുവിനെ യുഎസ് എഫ് -22 പോര്‍വിമാനം വെടിവെച്ച് വീഴ്ത്തി. 24 മണിക്കൂര്‍ സമയം നിരീക്ഷിച്ച ശേഷമാണ് ദൗത്യം നടപ്പിലാക്കിയത്. വിമാന സര്‍വീസുകള്‍ക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് അജ്ഞാത വസ്തുവിനെ വെടിവച്ച് വീഴ്ത്താന്‍ നിര്‍ദ്ദേശിച്ചത്.
കനേഡിയന്‍ വ്യോമാതിര്‍ത്തിയില്‍ യുഎസ് യുദ്ധവിമാനം ‘അജ്ഞാത വസ്തു’ വെടിവച്ചിട്ടതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. ഈ വസ്തു സിലിണ്ടര്‍ ആകൃതിയിലുള്ളതും കഴിഞ്ഞ ആഴ്ച വെടിവച്ചിട്ട ചൈനീസ് ബലൂണിനെക്കാള്‍ ചെറുതുമാണെന്ന് കനേഡിയന്‍ പ്രതിരോധ മന്ത്രി അനിത ആനന്ദും പറഞ്ഞു. ട്രൂഡോയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും വെടിവയ്പ്പിന് അംഗീകാരം നല്‍കിയതായി വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു.
അതേസമയം, ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് വടക്കേ അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ യുഎസ് വിമാനം വിവിധ വസ്തുക്കളെ വെടിവച്ച് വീഴ്ത്തുന്നത്. വെള്ളിയാഴ്ച അലാസ്‌കയില്‍ മറ്റൊരു അജ്ഞാത വസ്തുവിനെ വീഴ്ത്തിയതിനും ഫെബ്രുവരി 4 ന് യുഎസ് എഫ്-22 പോര്‍വിമാനം ചൈനീസ് നിരീക്ഷണ ബലൂണ്‍ വെടിവച്ച് വീഴ്ത്തിയതിനും പിന്നാലെയാണ് പുതിയ സംഭവം. എന്നാല്‍ ഇപ്പോള്‍ വെടിവച്ചിട്ട വസ്തു എന്താണെന്നോ കഴിഞ്ഞയാഴ്ച വെടിവച്ചിട്ട ചാര ബലൂണുമായോ വെള്ളിയാഴ്ച അലാസ്‌കയ്ക്ക് മുകളില്‍ വെടിവച്ചിട്ട അജ്ഞാത വസ്തുവുമായോ ഇതിന് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.

