2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റൊരു യാത്ര നടത്താൻ പദ്ധതിയിട്ട് കോൺഗ്രസ്; വിശദാംശങ്ങൾ അറിയാം

റായ്പുർ: 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റൊരു യാത്ര നടത്താൻ പദ്ധതിയിട്ട് കോൺഗ്രസ്. രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് നിന്ന് തുടങ്ങി പടിഞ്ഞാറിൽ അവസാനിക്കുന്ന യാത്ര നടത്താനാണ് കോൺഗ്രസിന്റെ തീരുമാനം. ഇതുസംബന്ധിച്ച് സജീവമായ ആലോചനയിലാണെന്ന് കോൺഗ്രസ് വാക്താവ് ജയ്റാം രമേശ് വ്യക്തമാക്കി.

അരുണാചൽ പ്രദേശിലെ പാസിഘട്ടിൽ നിന്ന് ആരംഭിച്ച് ഗുജറാത്തിലെ പോർബന്തറിൽ അവസാനിക്കുന്നതാകും കിഴക്ക്-പടിഞ്ഞാറ് യാത്ര. എന്നാൽ തെക്ക്-വടക്ക് ഭാരത് ജോഡോ യാത്രയിൽ നിന്ന് വ്യത്യസ്തമായ ഒരു ഫോർമാറ്റായിരിക്കാം പുതിയ യാത്രയ്ക്കെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഭാരത് ജോഡോ യാത്രയെ പോലുള്ള വൻസന്നാഹങ്ങളൊന്നും പുതിയ യാത്രയ്ക്ക് ഉണ്ടാകാനിടയില്ലെന്നാണ് വിവരം. കൂടാതെ യാത്രികരുടെ എണ്ണത്തിലും കുറവ് വന്നേക്കുമെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് അറിയിച്ചു.

ഏപ്രിൽ, നവംബർ മാസങ്ങളിൽ ചില സംസ്ഥാന തിരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ ജൂണിന് മുമ്പോ നവംബറിന് മുമ്പോ യാത്ര നടത്തേണ്ടി വരുമെന്നാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്.