അനന്തപുരി ഒരുങ്ങി; ആറ്റുകാല്‍ ഉത്സവചടങ്ങുകള്‍ക്ക് നാളെ തുടക്കം

തിരുവനന്തപുരം: ആറ്റുകാല്‍ ഉത്സവചടങ്ങുകള്‍ തിങ്കളാഴ്ച ആരംഭിക്കും. രാവിലെ 4.30-ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റംപാട്ടിനും തുടക്കമാകും. മാര്‍ച്ച് ഏഴിന് രാവിലെ 10.30-നാണ് പൊങ്കാലയുടെ അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.30-ന് പൊങ്കാല നിവേദ്യം.

കുംഭമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം തുടങ്ങുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30-ന് ദേവിയെ പള്ളിയുണര്‍ത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. ബുധനാഴ്ച രാവിലെ 9.20-ന് കുത്തിയോട്ട വ്രതാരംഭം. കോവിഡ് സാഹചര്യത്തില്‍ രണ്ടുവര്‍ഷമായി പണ്ടാരയോട്ടത്തിന് ഒരു ബാലന്‍ മാത്രമേ വ്രതം അനുഷ്ഠിച്ചിരുന്നുള്ളൂ. ഇത്തവണ 10-നും 12-നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് കുത്തിയോട്ടം. 747 ബാലന്മാര്‍ വ്രതം നോല്‍ക്കും. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ഒന്‍പതാം ഉത്സവദിവസമായ മാര്‍ച്ച് ഏഴിനാണ് പൊങ്കാല. കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ അവതരിപ്പിച്ചു കഴിഞ്ഞാലുടന്‍ ശ്രീകോവിലില്‍നിന്നു തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി പി.കേശവന്‍ നമ്പൂതിരിക്കു കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ചശേഷം മേല്‍ശാന്തി ദീപം സഹമേല്‍ശാന്തിക്കു കൈമാറും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാര അടുപ്പിലും സഹമേല്‍ശാന്തി അഗ്നിപകരുന്നതോടെ പൊങ്കാലയ്ക്കു തുടക്കമാകും. കുത്തിയോട്ടവ്രതം അനുഷ്ഠിക്കുന്ന കുട്ടികളെ രാത്രി 7.45-ന് ചൂരല്‍കുത്തും. രാത്രി 10.15-ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. തിരിച്ചെഴുന്നള്ളത്തിനു ശേഷം പിറ്റേന്ന് രാവിലെ ദേവിയെ അകത്തെഴുന്നള്ളിക്കും. രാത്രി 9.15-ന് കാപ്പഴിക്കും. പുലര്‍ച്ചെ ഒന്നിനു കുരുതിതര്‍പ്പണത്തോടെ ഉത്സവത്തിനു സമാപനമാകും.

അതേസമയം, കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം പണ്ടാര അടുപ്പില്‍ മാത്രമായി പൊങ്കാല സമര്‍പ്പണം പരിമിതപ്പെടുത്തിയിരുന്നു. ഭക്തര്‍ വീടുകളിലാണ് പൊങ്കാല അര്‍പ്പിച്ചത്. ഇക്കുറി പരമ്പരാഗത രീതിയില്‍ നഗരമെങ്ങും പൊങ്കാലക്കളമാകും. നിവേദിക്കാന്‍ 300 പൂജാരിമാരെ ക്ഷേത്രം ട്രസ്റ്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്.