ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: കുറ്റക്കാരെ സംരക്ഷിക്കാൻ ഇടതുസർക്കാർ ശ്രമിക്കുന്നുവെന്ന് എസ്ഡിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിൽ കോടികളുടെ തട്ടിപ്പ് നടന്നുവെന്നത് ഞെട്ടിക്കുന്നതാണെന്നും കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുന്നതിനു പകരം അവരെ സംരക്ഷിക്കാനാണ് ഇടതുസർക്കാർ ശ്രമിക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകേണ്ട ദുരിതാശ്വാസ ഫണ്ട് പാർട്ടിക്കാർക്കും ഇഷ്ടക്കാർക്കും വീതംവെച്ചു നൽകിയത് പിച്ച ചട്ടിയിൽ കൈയിട്ടുവാരുന്നതിനു തുല്യമാണെന്ന് എസ്ഡിപിഐ വിമർശിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് എസ്ഡിപിഐ ഇക്കാര്യം അറിയിച്ചത്.

വിവിധ ജില്ലകളിലെ പ്രാഥമിക പരിശോധനയിൽ തന്നെ വൻ തട്ടിപ്പാണ് കണ്ടെത്തിയിരുന്നതെങ്കിലും ചെപ്പടി വിദ്യയിലൂടെ കോടികളുടെ തട്ടിപ്പ് മറച്ചു പിടിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്തുകയാണ്. കലക്ടറേറ്റുകളിലും വില്ലേജ് ഓഫിസുകളിലും മുഖ്യമന്ത്രിയുടെ ഓഫിസിലും മതിയായ പരിശോധനകൾ നടത്തിയിട്ടില്ല. കലക്ടറേറ്റുകളിൽ ഏജന്റുമാർ നൽകുന്ന വ്യാജ അപേക്ഷകളിലാണ് ലക്ഷക്കണക്കിന് രൂപ അനുവദിച്ചിരിക്കുന്നത്. അപേക്ഷകളിൽ പരിശോധന നടത്തി ഫണ്ട് നൽകേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. തട്ടിപ്പുകളുടെ അന്വേഷണം സിപിഎം നേതാക്കളിലെത്തുമ്പോൾ ആവിയായി പോവുകയാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറിമാരായ റോയ് അറയ്ക്കൽ, അജ്മൽ ഇസ്മായീൽ, പി പി റഫീഖ്, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ, ട്രഷറർ അഡ്വ. എ കെ സ്വലാഹുദ്ദീൻ, അഷ്‌റഫ് പ്രാവച്ചമ്പലം, അൻസാരി ഏനാത്ത് സംസാരിച്ചു.