ന്യൂഡൽഹി: ഉത്തരേന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് വിവിധ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയത്. ഡൽഹിയിലും ഹരിയാനയിലും പ്രളയസാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് യമുന നദിയിലെ ജലനിരപ്പുയർന്നതിനെ തുടർന്നാണ് നടപടി. ഡൽഹി മുൻസിപ്പൽ കോർപറേഷനിലെ എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധിയാണ്. ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
ഉത്തരേന്ത്യയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി. മുതിർന്ന മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി തദ്ദേശ ഭരണകൂടങ്ങളും ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ധപ്പെടുകയും എല്ലാവിധ സഹായവും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഇന്ന് ദേശീയപാത-44 ലൂടെയുള്ള ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന വാഹനങ്ങൾ മുഗൾ റോഡ് വഴി പോകണമെന്നണ് ജമ്മു കശ്മീർ പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.

