കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം അടിയന്തരധനസഹായം നൽകാനാണ് സർക്കാരിന്റെ തീരുമാനം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുമെന്നും മമത ബാനർജി വ്യക്തമാക്കി.
ഇക്കാര്യത്തിൽ സർക്കാർ കക്ഷി രാഷ്ട്രീയം നോക്കില്ലെന്നും മമത പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വലിയ മുന്നേറ്റമാണ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മമത ബാനർജിയുടെ പ്രഖ്യാപനം. 19 പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്നും മുഖ്യമന്ത്രി വിശദമാക്കി.
അതേസമയം, ആക്രമണങ്ങളിൽ 37 പേർ കൊല്ലപ്പെട്ടു എന്ന തരത്തിൽ പുറത്തു വന്ന വാർത്ത മമത നിഷേധിച്ചു. അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടത് കൂടുതലും തൃണമൂൽ അംഗങ്ങളാണെന്നാണ് മമത പറയുന്നത്. അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വസ്തുതാ അന്വേഷണ സമിതിയെ നിയോഗിച്ച ബിജെപിക്കെതിരെ മമത വിമർശനം ഉന്നയിക്കുകയും ചെയ്തു. മണിപ്പൂരും അസമും കത്തിയപ്പോൾ ബിജെപി എവിടെയായിരുന്നുവെന്നാണ് മമത ചോദിക്കുന്നത്.

