സമുദ്രയാൻ ദൗത്യം; സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മൂന്ന് മനുഷ്യരെ അയക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: അടുത്തതായി സമുദ്രയാൻ ദൗത്യമാണ് മുന്നിലുളളതെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് മന്ത്രി കിരൺ റിജിജു. ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫിയിൽ മത്സ്യ-6000ത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സമുദ്രത്തിനടിത്തട്ടിൽ മനുഷ്യനെ ഗവേഷണത്തിനയക്കുന്ന ആദ്യ പദ്ധതിയാണ് സമുദ്രയാൻ. സമുദ്ര പര്യവേഷണം, സമുദ്ര പഠനം തുടങ്ങിയ ലക്ഷ്യങ്ങളോടെ 6 കിലോമീറ്റർ താഴ്ചയിൽ മൂന്ന് മനുഷ്യരെയാണ് സമുദ്രത്തിനിടിയിലേയ്ക്ക് ഭാരതം വിടുക. ആഴക്കടൽ വിഭവങ്ങളെക്കുറിച്ചും ജൈവ വൈവിധ്യങ്ങളെക്കുറിച്ചും പഠിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

സമുദ്ര ആവാസവ്യവസ്ഥയെ തടസപ്പെടുത്താത്ത വിധത്തിലായിരിക്കും ദൗത്യം നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി സമുദ്രവിഭവങ്ങളെ പ്രയോജനപ്പെടുത്തുക, മെച്ചപ്പെട്ട ജീവിത നിലവാരം ഉയർത്തുക, തൊഴിൽ, സമുദ്ര പരിസ്ഥിതി സംരക്ഷണം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ആവിഷ്‌കരിച്ച ബ്ലൂ എക്കണോമി നയത്തിന്റെ ഭാഗമായുള്ള ഡീപ്പ് ഓഷ്യൻ മിഷന്റെ ഭാഗമാണ് പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.