തിരുവനന്തപുരം : സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 81 കോടി 73 ലക്ഷം രൂപ അനുവദിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക തുകയുടെ 50% നല്‍കാനാണ് നിലവിൽ ഉത്തരവിറക്കിയിട്ടുള്ളത്. കുടിശ്ശിക മുഴുവനും രണ്ടാഴ്ചക്കുള്ളിൽ അനുവദിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. കുടിശ്ശിക മുഴുവനും വേണമെന്ന അധ്യാപക സംഘടനയുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് അധ്യാപക സംഘടന നൽകിയ ഹർജിയിലാണ് നടപടി. വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നേരത്തെ മറുപടി തേടിയിരുന്നു. പ്രധാനാധ്യാപകർക്ക് നൽകാനുള്ള കുടിശ്ശിക തുക എന്ന് കൊടുത്തു തീർക്കുമെന്ന് സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വൈകാൻ കാരണമെന്നായിരുന്നു സർക്കാർ നൽകിയ വിശദീകരണം. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി ശിവൻകുട്ടി ഇതേ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കേന്ദ്രവും അതിന് മറുപടിയുമായി രംഗത്ത് വന്നു. സർക്കാരിന്റെ വാദങ്ങൾ തള്ളിയ കേന്ദ്ര വിദ്യാഭ്യാസ മന്താലയം പിഎം പോഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയിരുന്നുവെന്നും സംസ്ഥാന വിഹിതമായ 76.78 കോടി രൂപയും ഉൾപ്പെടെ സംസ്ഥാന നോഡൽ അക്കൗണ്ടിലേക്കു കൈമാറേണ്ടിയിരുന്നുവെന്നും എന്നാൽ ഇതുണ്ടായില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം വിശദീകരിച്ചു. ഈ സാഹചര്യത്തിലാണു തുടർന്നുള്ള ഫണ്ട് കൈമാറാൻ സാധിക്കാത്ത സാഹചര്യമുണ്ടായത്. ഇക്കാര്യം സംസ്ഥാന സർക്കാരിനെ ഓഗസ്റ്റ് 8ന് അറിയിച്ചിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

