അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ മാര്‍ച്ച് 10ന്‌

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഫെബ്രുവരി 10 നാണ് ആദ്യ തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14 നും നടക്കും. മൂന്നാം ഘട്ടം ഫെബ്രുവരി 20 നും നാലാംഘട്ടം ഫെബ്രുവരി 23 നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാഘട്ടം മാര്‍ച്ച് മൂന്നിനും ഏഴാം ഘട്ടം മാര്‍ച്ച് പത്തിനും നടക്കും.

ജനുവരി 15 വരെ പദയാത്രകളോ റാലികളോ പാടില്ല. പരമാവധി പ്രചരണം ഡിജിറ്റല്‍ മീഡിയത്തിലൂടെ ആകണം. വിപുലമായ കൊവിഡ് മാര്‍ഗരേഖ തയ്യാറാക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. 215368 പോളിങ് സ്റ്റേഷനുകള്‍ ക്രമീകരിക്കും. പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധിപ്പിച്ചു. 1620 പോളിങ് സ്റ്റേഷനുകളില്‍ വനിത ജീവനക്കാര്‍ മാത്രമായിരിക്കും ഉണ്ടാവുക. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1250 വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. ഡ്യൂട്ടിയിലുള്ളവര്‍ക്ക് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും.

ആകെ 690 നിയമസഭ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ആകെ 18.34 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പത്രിക സമര്‍പ്പിക്കാം. കൊവിഡ് ബാധിതര്‍ക്കും 80 വയസ്സ് കഴിഞ്ഞവര്‍ക്കും തപാല്‍ വോട്ട് സൗകര്യമുണ്ടാകും. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.