കൊച്ചി: ഗൂഢാലോചന കേസില്‍ ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവനെയും ചോദ്യം ചെയ്യാന്‍ സാധ്യത. ഗൂഢാലോചന സമയത്ത് കാവ്യ മാധവന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിനിടെ കാവ്യയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘം നടിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് നേരത്തെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
ബാലചന്ദ്രകുമാറിന്റെ വാക്കുകള്‍:
‘ദിലീപിന്റെ വീട്ടില്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു നടി വിവാഹം ക്ഷണിക്കാന്‍ അവിടെ വന്നിരുന്നു. ഇതിനിടയിലാണ് ശരത് കാറില്‍ ചെന്ന് ടാബ് എടുത്തുകൊണ്ടുവന്നത്. എന്നിട്ട് എല്ലാവരും കൂടിയിരുന്ന് ടാബില്‍ ദൃശ്യങ്ങള്‍ കണ്ടു. ഇതിനിടയില്‍ ചിലര്‍ പല അഭിപ്രായങ്ങളും പറയുന്നുണ്ട്. 15 മിനിറ്റോളം അവര്‍ ദൃശ്യങ്ങള്‍ കണ്ടു. എട്ടു ക്ലിപ്പുകളുണ്ടെന്നാണ് അവരുടെ സംസാരത്തില്‍ നിന്ന് മനസിലായത്.
അതിന് ശേഷം ടാബ് കാവ്യയുടെ കൈയില്‍ കൊടുത്ത് സൂക്ഷിച്ച് വയ്ക്കണമെന്ന അര്‍ത്ഥത്തില്‍ വീടിനുള്ളിലേക്ക് കൊടുത്തു വിടുകയായിരുന്നു. ദൃശ്യം കാണുമ്പോള്‍ കാവ്യ അവിടെ ഉണ്ടായിരുന്നില്ല. സംസാരത്തിനിടയില്‍ കാവ്യ വന്നു പോയി കൊണ്ടിരുന്നു. ടാബിനുള്ളില്‍ എന്താണുള്ളതെന്ന് കാവ്യയ്ക്ക് അറിയുമായിരുന്നോയെന്ന് എനിക്ക് അറിയില്ല. ശബ്ദം കൂട്ടിയാണ് അവര്‍ ദൃശ്യങ്ങള്‍ പ്ലേ ചെയ്തിരുന്നത്. 10 ഇഞ്ച് ടാബായിരുന്നു കൈവശമുണ്ടായിരുന്നത്. കൈയില്‍ പിടിച്ചാണ് അവര്‍ ദൃശ്യങ്ങള്‍ കണ്ടത്. സൈഡിലൊക്കെ നിന്ന എല്ലാവര്‍ക്കും കാണുന്ന രീതിയിലാണ് ടാബ് പിടിച്ചിരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല. പൊലീസിനും കോടതി മുമ്പാകെ നല്‍കിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
കേസില്‍ ഒരു മാഡത്തിന് പങ്കുള്ളതായി സംശയമുണ്ട്. മാഡമെന്ന പേര് പള്‍സര്‍ സുനിയാണ് ആദ്യം ഉന്നയിച്ചത്. ഒരു പെണ്ണിന് വേണ്ടിയാണ് ഇത് സംഭവിച്ചതെന്ന് ദിലീപ് പറയുമ്പോള്‍ മാഡമുണ്ടെന്ന് ഞാനും വിശ്വസിച്ചു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് മനസിലാക്കുന്നത്. ദിലീപിന് ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീയായിരിക്കണം. അവര്‍ ജയിലില്‍ പോവരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ട്’- ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.

