മലയാള സിനിമയുടെ പിതാവിന് ഇരിപ്പിടമൊരുങ്ങി!

നെയ്യാറ്റിന്‍കര: മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയലിന്റെ പ്രതിമ നെയ്യാറ്റിന്‍കര നഗരസഭയുടെ മൈതാനിയില്‍ സ്ഥാപിക്കുന്നു. കോട്ടയം ആസ്ഥാനമായ ജെ.സി.ഡാനിയല്‍ ഫൗണ്ടേഷനു കീഴില്‍ പ്രതിമ നിര്‍മിച്ചിട്ട് ഇപ്പോള്‍ മൂന്നുവര്‍ഷമായി. ഇത് സ്ഥാപിക്കാനായി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല, മുട്ടാത്ത വാതിലുകളില്ല. നഗരസഭാ ഓഫീസുകള്‍ പഞ്ചായത്ത്, സാംസ്‌കാരിക വകുപ്പ് ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ ആവശ്യവുമായി കയറിയിറങ്ങുകയായിരുന്നു.

ജെ.സി.ഡാനിയല്‍ ഇരുന്നുകൊണ്ട് ഫിലിം റോള്‍ നോക്കുന്നതായി സിമെന്റില്‍ നിര്‍മ്മിച്ച പ്രതിമക്ക് രണ്ടരലക്ഷത്തിലേറെ രൂപ ചെലവായി. ഷാജി വാസന്‍ എന്ന ശില്പി നിര്‍മിച്ച എട്ടടി ഉയരത്തിലുള്ള പ്രതിമക്ക്‌ 800 കിലോ ഭാരമുണ്ട്. പ്രതിമ സ്ഥാപിക്കാന്‍ ഇടമില്ലാതായതോടെ കോട്ടയത്തെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ താല്‍ക്കാലികമായി കൊണ്ടു വെക്കുകയായിരുന്നു.

ഒടുവില്‍ നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാന്‍ പി.കെ.രാജമോഹനനാണ് പ്രതിമ നെയ്യാറ്റിന്‍കരയില്‍ സ്ഥാപിക്കാന്‍ സന്നദ്ധത അറിയിച്ചത്. പ്രതിമ സ്ഥാപിക്കുന്നതിനൊപ്പം പാര്‍ക്കും ഓപ്പണ്‍ തിയേറ്ററും മൈതാനിയില്‍ നഗരസഭ നിര്‍മിക്കും. പ്രതിമ നഗരസഭാ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി പ്രതിമ സ്ഥാപിക്കല്‍ വൈകാതെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.