തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ അതി തീവ്ര സാമ്പത്തിക അതിക്രമം നേരിടേണ്ടിവരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരതത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും ഈ വർഷം 57,400 കോടി രൂപയുടെ കുറവാണുണ്ടാകുന്നത്. അർഹതപ്പെട്ട വായ്പാനുമതിയിൽ 19,000 കോടി രൂപ നിഷേധിച്ചു. റവന്യു കമ്മി ഗ്രാന്റിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 8400 കോടി കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയോളം ഇല്ലാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചത് സംസ്ഥാനത്തിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. എന്തൊക്കെ സംഭവിച്ചാലും സംസ്ഥാന സർക്കാർ ക്ഷേമപദ്ധതികളിൽ നിന്ന് പിന്മാറില്ല. സംസ്ഥാനത്തിന്റെ തനത് വരുമാനം ഉയർത്തും. അനാവശ്യ ചെലവ് കുറച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. നികുതി പിരിവ് ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് ഒരു കുറവും വരുത്താതെ സംസ്ഥാനത്തെ വികസന ലക്ഷ്യങ്ങളിലേക്ക് നയിക്കാനാണ് ശ്രമം. തനത് വരുമാനം ഉയർത്തിയും അതീവ ശ്രദ്ധയാർന്ന ധന മാനേജുമെന്റുവഴിയും ഈ പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് സംസ്ഥാനം. നികുതി പിരിവ് ഊർജിതപ്പെടുത്തിയും അധികച്ചെലവുകൾ നിയന്ത്രിച്ചും സാമ്പത്തിക ദൃഡീകരണത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഊന്നിനിന്നാണ് സംസ്ഥാനത്തിന്റെ ധന മാനേജ്മെന്റെന്നും അദ്ദേഹം വിശദമാക്കി.

