മുംബൈ: ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നത് ഹിന്ദുക്കൾ കാരണമാണെന്ന് ഗാനരചയിതാവ് ജാവേദ് അക്തർ. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവ നിർമാൺ സേന (എംഎൻഎസ്) സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സമൂഹത്തിൽ അസഹിഷ്ണുത വർധിക്കുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അക്തർ, ഹിന്ദുക്കൾ ഉദാരമതികളും വിശാലഹൃദയരുമാണെന്ന് പറഞ്ഞു. ശ്രീരാമന്റെയും സീതാദേവിയുടെയും നാട്ടിൽ ജനിച്ചതിൽ അഭിമാനമുണ്ട്. താൻ നിരീശ്വരവാദിയാണെങ്കിലും രാമനെയും സീതയെയും ഈ രാജ്യത്തിന്റെ സമ്പത്തായാണ് കരുതുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാമായണം നമ്മുടെ സാംസ്കാരിക പൈതൃകമാണ്. നിരവധി ദൈവങ്ങൾ നമുക്കുണ്ട്. മാതൃകാപരമായ ജീവിതം നയിച്ച ഭാര്യയെയും ഭർത്താവിനെയും കുറിച്ചു സംസാരിക്കുമ്പോൾ സീതയും രാമനുമാണ് മനസ്സിലേക്കു വരുന്നത്. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും എറ്റവും നല്ല ഉദാഹരണമാണ് അവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

