Health (Page 69)

വേനൽക്കാലത്ത് കാണുന്ന നേത്രരോഗമാണ് ചെങ്കണ്ണ്. ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ ഇത് പകരുന്നത് തടയാന്‍ സാധിക്കും. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

എന്താണ് ചെങ്കണ്ണ്

കണ്ണിൽ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാൽ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്.

രോഗ ലക്ഷണങ്ങൾ

കണ്ണ് ചുവപ്പ്, അമിത കണ്ണുനീർ, കൺപോളകളിൽ വീക്കം, ചൊറിച്ചിൽ, പഴുപ്പ്, രാവിലെ എഴുന്നേൽക്കുമ്പോൾ പഴുപ്പ് കാരണം കണ്ണ് തുറക്കാൻ പ്രയാസം എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണം.

എത്ര ദിവസം വിശ്രമിക്കണം

ചെങ്കണ്ണ് ബാധിച്ചാൽ സാധാരണ ഗതിയിൽ 5 മുതൽ 7 ദിവസം വരെ നീണ്ടു നിൽക്കാം. രോഗം സങ്കീർണമായാൽ 21 ദിവസംവരേയും നീണ്ടുനിൽക്കാം. ചെങ്കണ്ണ് ബാധിച്ചാൽ എത്രയും വേഗം നേത്രരോഗ വിദഗ്ധന്റെ നിർദേശ പ്രകാരം ചികിത്സ തേടണം. രോഗമുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്. കുട്ടികളുൾപ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടിൽ വിശ്രമിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചെങ്കണ്ണ് വളരെപ്പെട്ടെന്ന് പടർന്നു പിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ ചെങ്കണ്ണ് ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വ്യക്തി ശുചിത്വം ഏറെ പ്രധാനമാണ്. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന ഓരോ സാധനത്തിലും രോഗാണു പടരാൻ സാധ്യതയുണ്ട്. ഈ പ്രതലങ്ങളിൽ രോഗമില്ലാത്തയാൾ സ്പർശിച്ചാൽ അതുവഴി രോഗാണുക്കൾ കണ്ണിലെത്താൻ സാധ്യതയുണ്ട്. രോഗം ബാധിച്ച വ്യക്തികളിൽ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പർ, പുസ്തകം, തൂവാല, സോപ്പ്, ടവ്വൽ മുതലയാവ മറ്റുള്ളവർ ഉപയോഗിക്കാൻ പാടില്ല. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. കൈ വൃത്തിയായി കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്. വീട്ടിൽ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കിൽ കുട്ടികൾക്ക് രോഗം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികൾ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താൽ എത്രയും വേഗം ചെങ്കണ്ണ് ഭേദമാകുന്നതാണ്.

നമ്മുടെ ശരീരത്തിൽ ജലാംശം കുറയുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ശരീരത്തില്‍ നിന്നും ജലം അമിതമായി വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നത് കാരമാണ് നിര്‍ജ്ജലീകരണം സംഭവിക്കുന്നത്. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മൂത്രസഞ്ചാരത്തെയും വൃക്കകളെയുമാണ് നിര്‍ജ്ജലീകരണം ആദ്യം ബാധിക്കുന്നത്. ഇതിന് പുറമെ പല അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ നിർജ്ജലീകരണം പ്രതികൂലമായി ബാധിക്കും. നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണം.

നിർജ്ജലീകരണത്തിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

വരണ്ടതും പൊട്ടുന്നതും മങ്ങിയതുമാണ് ചര്‍മ്മം എങ്കില്‍ നിങ്ങള്‍ക്ക് നിർജ്ജലീകരണം പിടിപെട്ടിട്ടുണ്ടെന്ന് മനസിലാക്കാം. വരണ്ട ചര്‍മ്മവും നിര്‍ജ്ജലീകരണം പിടിപെട്ടവരുടെ ചര്‍മ്മവും രണ്ട് രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്. വരണ്ട ചര്‍മ്മം രോഗാവസ്ഥയെയല്ല സൂചിപ്പിക്കുന്നത്. അമിതമായ ദാഹമാണ് നിർജ്ജലീകരണത്തിന്‍റെ മറ്റൊരു പ്രധാന ലക്ഷണം. വായും ചുണ്ടും ഉണങ്ങുക, തൊണ്ട വറ്റി വരളുക തുടങ്ങിയവയും ഉണ്ടാകാം. തലവദേന, തലക്കറക്കം, മസിലുകൾ കോച്ചി പിടിക്കുക, ശരീര വേദന, ക്ഷീണം, മൂത്രം കുറച്ച് ഒഴിക്കുക, വിശപ്പ് അനുഭവപ്പെടാതിരിക്കുക, ആശയക്കുഴപ്പം അനുഭവപ്പെടുക, ഓര്‍മ്മക്കുറവ് എന്നിവയും നിർജ്ജീകരണത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു.

തിരുവനന്തപുരം: എസ്.ഒ.എസ്. മോഡൽ ഹോമിലെ എട്ടുവയസുകാരിയ്ക്ക് മലബാർ കാൻസർ സെന്റർ (എം.സി.സി) വഴി മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തും. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് മലബാർ കാൻസർ സെന്ററിൽ സൗജന്യ ചികിത്സ ഉറപ്പാക്കിയത്. തിരുവനന്തപുരം ആർസിസിയിലാണ് കുട്ടിയ്ക്ക് ലുക്കീമിയയാണെന്ന് കണ്ടെത്തിയത്.

വളരെയേറെ ചികിത്സാ ചെലവുള്ളതാണ് മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ. കുട്ടിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രി നേരിട്ട് ഇടപെട്ടത്. ആർസിസിയിൽ ചികിത്സയിലുള്ള കുട്ടിയെ ആംബുലൻസിൽ എംസിസിയിലേക്ക് കൊണ്ടുപോയി. എംസിസിയിൽ കുട്ടിയുടെ പരിചരണത്തിനായി വനിത ശിശുവികസന വകുപ്പ് കെയർ ടേക്കറെ നിയമിക്കുകയും ചെയ്തു.

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യവസ്തുവാണ് ചോളം. വിറ്റാമിനുകള്‍, മിനറൽസ്, ഫൈബര്‍, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവ ചോളത്തിൽ ധാരാളമായുണ്ട്.

ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള വസ്തു കൂടിയാണ് ചോളം. ചോളം കഴിക്കുന്നത് മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവയും ചോളത്തിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ഇത് സഹായകമാണ്.

വിളർച്ചയുടെ സാധ്യത കുറയ്ക്കാൻ ചോളം കഴിക്കുന്നത് പ്രയോജനപ്രദമാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചോളം ഗുണം ചെയ്യും. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾ ചെറുക്കാനും ചോളം സഹായിക്കും. അമിത വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണമാണിത്.

പ്രമേഹരോ​ഗികൾ ദിവസവും അൽപം ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

അവധിക്കാലത്ത് വിനോദയാത്രക്ക് തയ്യാറെടുക്കുന്നവർ ശ്രദ്ധയ്ക്കായി നിർദ്ദേശങ്ങൾ നൽകി കേരളാ പോലീസ്. യാത്രക്ക് കാനനപാതകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്ന് പോലീസ് നിർദ്ദേശിച്ചു. കടുത്ത വേനൽ ആയതിനാൽ തന്നെ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ റോഡുകളിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വനപാലകരുടെ നിർദേശങ്ങൾ കർശനമായി അനുസരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

വന്യമൃഗങ്ങളെ കണ്ടാൽ അവയെ പ്രകോപിപ്പിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ഫോട്ടോ / വീഡിയോ എടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം മനസിലാക്കിയാൽ ഉടൻ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറി വിവരം വനപാലകരെ അറിയിക്കുക. അവരുടെ നിർദേശങ്ങൾ പാലിക്കുക. ദയവായി അറിഞ്ഞുകൊണ്ട് അപകടം വിളിച്ചുവരുത്തരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. യാത്രാ വേളയിൽ ശുദ്ധജലവും നല്ല ഭക്ഷണവും കരുതണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആദ്യ ഘട്ടമായി ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിലാണ് ഈ പദ്ധതിയ്ക്കുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. രജിസ്റ്റർ ചെയ്ത രോഗികൾക്ക് പെരിറ്റോണിയൽ ഡയാലിസിസിന് ആവശ്യമായ ഡയാലിസിസ് ഫ്‌ളൂയിഡ്, കത്തീറ്റർ, അനുബന്ധ സാമഗ്രികൾ എന്നിവ ആശുപത്രികളിൽ നിന്നും സൗജന്യമായി ലഭ്യമാക്കുന്നു. നിലവിൽ ആയിരത്തോളം രോഗികൾക്കാണ് ഈ സേവനം നൽകി വരുന്നത്. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് ആരോഗ്യ വകുപ്പ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി വ്യാപിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി എന്നീ ആശുപത്രികൾ മുഖേനയാണ് വീട്ടിൽ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് സേവനം ലഭിക്കുന്നതെന്ന് വീണാ ജോർജ് പറഞ്ഞു.

സംസ്ഥാനത്ത് 102 ആശുപത്രികളിലും 10 മെഡിക്കൽ കോളേജുകളിലുമുൾപ്പെടെ പ്രതിമാസം അരലക്ഷത്തോളം രോഗികൾക്ക് ഡയാലിസിസ് നടത്തുന്നുണ്ട്. ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രികളിൽ മാത്രം ചെയ്യാൻ സാധിക്കുന്ന ഒരു പ്രക്രിയയുമാണ്. ഇടവിട്ടുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി ആരംഭിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

രണ്ട് തരം ഡയാലിസിസുകളാണുള്ളത്. ഹീമോ ഡയാലിസിസും പെരിറ്റോണിയൽ ഡയാലിസിസും. ഡയാലിസിസ് മെഷീനിലൂടെ രക്തം കടത്തിവിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. പെരിറ്റോണിയൽ ഡയാലിസിസ് രോഗിയുടെ ഉദരത്തിൽ ഒരു സുഷിരമുണ്ടാക്കി അതിലൂടെ ഒരു കത്തീറ്റർ കടത്തി വിടുകയും ഉദരത്തിനുള്ളിൽ (പെരിറ്റോണിയം) പെരിറ്റോണിയൽ ഡയാലിസിസ് ദ്രാവകം നിറക്കുകയുമാണ് ചെയ്യുന്നത്. ഒരിക്കൽ കത്തീറ്റർ പ്രവേശിപ്പിച്ച് കഴിഞ്ഞാൽ പിന്നീട് രോഗിക്ക് വീട്ടിൽ വെച്ചുതന്നെ ഡയാലിസിസ് ദ്രാവകം ഈ കത്തീറ്ററിലൂടെ പെരിറ്റോണിയത്തിൽ നിറയ്ക്കാൻ സാധിക്കുന്നതാണ്. നിശ്ചിതസമയത്തിന് ശേഷം വൃക്കകളിലെ മാലിന്യങ്ങൾ ഈ പെരിറ്റോണിയൽ ദ്രാവകത്തിലേക്ക് വലിച്ചെടുക്കപ്പടുകയും ആ ദ്രാവകം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്യുന്നുവെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

കേരളത്തിൽ ചൂട് കൂടിയ ദിനാവസ്ഥ തുടരുകയാണ്. ആയതിനാൽ പകൽ സമയത്ത് നേരിട്ട് ശരീരത്തിൽ വെയിൽ ഏൽക്കുന്ന ജോലികളിലും പരിപാടികളിലും ഏർപ്പെടുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. ധാരാളം വെള്ളം കുടിക്കുകയും ജലാംശമുള്ള പഴങ്ങളും മറ്റും കഴിക്കാൻ ശ്രമിക്കുക.
തുടർച്ചയായി ശരീരത്തിൽ വെയിൽ ഏൽക്കാതെ നോക്കുകയും ഇടക്കിടക്ക് വിശ്രമിക്കാൻ ശ്രദ്ധിക്കുകയും വേണം. പരിപാടികൾ സംഘടിപ്പിക്കുന്നവർ പരമാവധി തണലും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം. ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതായിരിക്കും ഉചിതം. നിർബന്ധമായും പാദരക്ഷകൾ ഉപയോഗിക്കണം.

ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ഭിന്നശേഷിയുള്ളവർ, മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവരെ ഉച്ച സമയത്തുള്ള നേരിട്ട് വെയിലേൽക്കുന്ന പൊതുപരിപാടികളിൽ പങ്കെടുപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പരിപാടികളുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം ബന്ധപ്പെട്ട വകുപ്പ് കർശനമായി ഉറപ്പ് വരുത്തണം. ഉദ്യോഗസ്ഥർക്ക് കുടിവെള്ളം ലഭ്യമാക്കണം.

പൊതുപരിപാടികൾ നടക്കുന്ന പ്രദേശങ്ങളിലെ ഹെൽത്ത് സെന്ററുകൾ, സർക്കാർ-സ്വകാര്യ ആശുപത്രികൾ എന്നിവ തയ്യാറെടുപ്പ് നടത്തണം. സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ പ്രശ്‌നങ്ങളുമായി കൂടുതൽ ആളുകൾ ഒരുമിച്ച് എത്തിയാലും ആവശ്യമായ അടിയന്തര ചികിത്സ ഉറപ്പാക്കാൻ സാധിക്കുന്ന രീതിയിലായിരിക്കണം തയ്യാറെടുപ്പുകൾ. ആംബുലൻസുകൾ സജ്ജീകരിച്ച് നിർത്തേണ്ടതുമാണ്.

വലിയ പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ ജനങ്ങൾക്ക് പ്രഥമ ശുശ്രൂഷ (First Aid) നൽകാനുള്ള സൗകര്യങ്ങൾ ഉറപ്പ് വരുത്തണം.

ആലപ്പുഴ: ഇരുപത്തഞ്ചു ശതമാനം രോഗികളും ലഹരി ഉപയോഗത്തിന്റെ പ്രശ്‌നങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവിക്കുന്നുണ്ടെന്നd ഡോ ബി പദ്മകുമാർ. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് എക്സൈസ് വകുപ്പ് സംഘടിപ്പിച്ച ലഹരിമുക്ത യുവത എന്ന വിഷയത്തിൽ സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ സോഫ്റ്റ് ഡ്രിങ്ക്‌സ് ഉപയോഗിക്കുന്ന പോലെയാണ് എല്ലാവരും മദ്യം ഉപയോഗിക്കുന്നത്. മരണാനന്തര ചടങ്ങുകൾക്ക് ഉൾപ്പെടെ എല്ലാ ചടങ്ങുകൾക്കും മദ്യം നിര്ബന്ധമാണ്. നിരന്തരമായ കഞ്ചാവ് ഉപയോഗം സ്‌കിസോഫ്രേനിയ എന്ന അവസ്ഥയ്ക്കു കാരണമാകുന്നു. ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത രോഗാവസ്ഥയാണ് സ്‌കിസോഫ്രേനിയ. ലഹരി ഉപയോഗിക്കുന്നവരെ എങ്ങനെ തിരിച്ചറിയാം, ഏതെല്ലാം രീതിയിൽ ചികിത്സയ്ക്കണം തുടങ്ങിയ കാര്യങ്ങളും അദ്ദേഹം വിശദ്ധമാക്കി.

എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ എസ്. സജീവ് സെമിനാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിമുക്തി മിഷൻ മാസ്റ്റർ ട്രെയിനർ മനോജ് കൃഷ്‌ണേശ്വരി അധ്യക്ഷനായി. എക്‌സൈസ് ഓഫീസർമാരായ പി.ടി. കലേഷ്, ജി ഗോപകുമാർ, ആർ. ജയ്‌ദേവ്, സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ആന്റണി എം ജോൺ, വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ അഞ്ജു എസ് റാം, തുടങ്ങിയവർ പങ്കെടുത്തു. എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്ത് എപ്പോൾ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നമ്മുടെ ശരീര ഭാരം. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർ രാത്രി കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ഐസ്‌ക്രീം

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രിയിൽ ഐസ്‌ക്രീം കഴിക്കാൻ പാടില്ല. പഞ്ചസാരയും കലോറിയും കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കും. അതിനാൽ ഇത് രാത്രി കഴിക്കാതിരിക്കുന്നതാണ് നല്ലത്.

നട്സ്

തടി കുറയ്ക്കാനും കൂട്ടാനും സഹായിക്കുന്നവയാണ് നട്സുകൾ. എന്നാൽ, കലോറി അടങ്ങിയിട്ടുള്ളതിനാൽ രാത്രി സമയം നട്സ് കഴിക്കുന്നത് തീരെ നല്ലതല്ല. എനർജി അടങ്ങിയ നട്സ് ആണെങ്കിൽ ശരീരത്തിൽ കൊഴുപ്പ് വർദ്ധിപ്പിക്കും. രാവിലെ വെറും വയറ്റിൽ നട്സ് കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്.

ജ്യൂസ്

തടി കുറക്കാൻ ആഗ്രഹമുള്ളവർ രാത്രിയിൽ ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം. ജ്യൂസിലൂടെ അമിതമായ അളവിൽ പഞ്ചസാരയും കൊഴുപ്പും ശരീരത്തിലേയ്ക്ക് എത്തും. പഴങ്ങൾ ജ്യൂസ് ആക്കുമ്പോൾ നാരുകൾ നഷ്ടമാകുന്നതിലൂടെ മധുരം ശരീരത്തിലേയ്ക്ക് എത്തും. ഇത് ഫാറ്റ് ലെവൽ ഉയർത്തും.

ചോക്ലേറ്റ്

രാത്രിയിൽ ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം കൂട്ടും.

തിരുവനന്തപുരം: വിദേശരാജ്യങ്ങളുടെ മാതൃകയിൽ ക്യാൻസറിനെതിരെ വാക്സിനേഷൻ നൽകി പ്രതിരോധമാർജിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതായി മന്ത്രി വീണാ ജോർജ്. വയനാട്, ആലപ്പുഴ ജില്ലകളിൽ ഇതിന്റെ പൈലറ്റ് പ്രോജക്ട് നടപ്പാക്കാൻ തീരുമാനിച്ചു. ക്യാൻസർ സ്ട്രാറ്റജിക് ആക്ഷൻ പ്ലാനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. യൂറോ- ബ്രാക്കിതെറാപ്പി യൂണിറ്റ്, ലുട്ടീഷ്യം തെറാപ്പി, ഗാലിയം ജനറേറ്റർ, ഓട്ടോമേറ്റഡ് സെർവി സ്‌കാൻ എന്നിവയുടെ പ്രവർത്തനോദ്ഘാടനവും പേഷ്യന്റ് വെൽഫെയർ ആൻഡ് സർവീസ് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

സംസ്ഥാനത്ത് ക്യാൻസർ കെയർ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ബോർഡിന്റെ കൂടി ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നിർവഹിക്കുക. 14 ജില്ലകളിലും നടപ്പിലാക്കിയ ക്യാൻസർ കെയർ പോളിസിയുടെ അടിസ്ഥാനത്തിൽ കാൻസർ കെയർ പ്രോഗ്രാം നടപ്പിലാക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ആരോഗ്യവകുപ്പ് ഇതിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആർസിസിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചതായും പുലയനാർകോട്ടയെ രണ്ടാം ക്യാമ്പസ് ആയി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.

ഈ സാമ്പത്തിക വർഷത്തിൽ റോബോട്ടിക് സർജറി സാധ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. റോബോട്ടിക്സ് സർജറി സംവിധാനം സ്ഥാപിക്കുന്നതിന് 30 കോടി രൂപ സംസ്ഥാന സർക്കാർ ആർസിസിക്ക് നൽകാൻ അനുവാദം നൽകിയിട്ടുണ്ട്. ഡിജിറ്റൽ പാത്തോളജി മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് വേണ്ടി 2.64 കോടി രൂപയും അംഗീകരിച്ചു. ഗവേഷണ രംഗത്ത് ആർസിസിക്ക് മുന്നോട്ടു പോകാൻ വേണ്ട പിന്തുണ സർക്കാർ നൽകുമെന്നും സംസ്ഥാനത്തിന് ഗവേഷണ നയം ഉണ്ടാകണം എന്നതാണ് സർക്കാരിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

30 വയസ്സിനു മുകളിലുള്ള 1.16 കോടി ആളുകളെ വാർഷിക ആരോഗ്യപരിശനയിലൂടെ സ്‌ക്രീൻ ചെയ്യാൻ സാധിച്ചതായും അവരിൽ ഏഴു ലക്ഷത്തിനു മുകളിൽ ആളുകളിൽ ക്യാൻസർ സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. ഇതിൽ ഏറ്റവും കൂടുതൽ സ്തനാർബുദം ആണ്. സ്ത്രീകളിൽ സർവിക്കൽ കാൻസർ വർധിക്കുന്നതായും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ ക്യാൻസർ സംശയിക്കുന്ന മുഴുവനാളുകളെയും രോഗനിർണയം നടത്തി അവർക്ക് ക്യാൻസർ സ്ഥിരീകരിച്ചാൽ ചികിത്സ ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

ആദ്യഘട്ടത്തിൽ തന്നെ രോഗം നിർണയിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ക്യാൻസർ ഡേറ്റ രജിസ്റ്റർ ആരംഭിച്ചത്. രോഗത്തിന് മുന്നിൽ നിസ്സഹായരായവരെ ചേർത്തുപിടിക്കുന്ന നയമാണ് സർക്കാറിനുള്ളത്. രാജ്യത്തെ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം എന്നും മന്ത്രി കൂട്ടിച്ചേർത്തു.