ആരോഗ്യമന്ത്രി ഇടപെട്ടു; എട്ടുവയസുകാരിയ്ക്ക് സൗജന്യ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ

തിരുവനന്തപുരം: എസ്.ഒ.എസ്. മോഡൽ ഹോമിലെ എട്ടുവയസുകാരിയ്ക്ക് മലബാർ കാൻസർ സെന്റർ (എം.സി.സി) വഴി മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തും. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് മലബാർ കാൻസർ സെന്ററിൽ സൗജന്യ ചികിത്സ ഉറപ്പാക്കിയത്. തിരുവനന്തപുരം ആർസിസിയിലാണ് കുട്ടിയ്ക്ക് ലുക്കീമിയയാണെന്ന് കണ്ടെത്തിയത്.

വളരെയേറെ ചികിത്സാ ചെലവുള്ളതാണ് മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ. കുട്ടിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രി നേരിട്ട് ഇടപെട്ടത്. ആർസിസിയിൽ ചികിത്സയിലുള്ള കുട്ടിയെ ആംബുലൻസിൽ എംസിസിയിലേക്ക് കൊണ്ടുപോയി. എംസിസിയിൽ കുട്ടിയുടെ പരിചരണത്തിനായി വനിത ശിശുവികസന വകുപ്പ് കെയർ ടേക്കറെ നിയമിക്കുകയും ചെയ്തു.