Health (Page 70)

സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. ഈ സാചര്യത്തിൽ ചൂടിനെ നേരിടാനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ…..

  • ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.
  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
    നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.
  • വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
  • വേനൽക്കാലത്ത് മാർക്കെറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും , ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • വിദ്യാർത്ഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
  • ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
    *മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്‌കാർക്ക് സുമനസ്‌കർ കുടിവെള്ളം നൽകി നിർജ്ജലീകരണം തടയുവാൻ സഹായിക്കുക.
  • യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
    *നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ,വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
  • ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
  • അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ ന്യൂറോളജി വിഭാഗത്തിന് കീഴിലുള്ള രാജ്യത്ത് ആദ്യത്തെ ന്യൂറോ കാത്ത്ലാബ് ഉൾപ്പെട്ട സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് ചരിത്ര നേട്ടമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിനെ സംബന്ധിച്ചും ആരോഗ്യ മേഖലയെ സംബന്ധിച്ചും വളരെ അഭിമാനമുള്ള സന്ദർഭമാണിത്. കൂടാതെ മെഡിക്കൽ കോളേജിൽ ആദ്യമായി ലിനാക്, ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ്, ബേൺസ് ഐസിയു എന്നിവയും യാഥാർത്ഥ്യമായി. ഇതിന് പിന്നിൽ വലിയ കഠിനാധ്വാനവും സമർപ്പണവും ലക്ഷ്യബോധവുമുണ്ട്. നല്ലൊരു മാതൃകയാണിത്. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ ആദ്യ ജെനിറ്റിക് വിഭാഗം ആരംഭിക്കും. പുതിയ ലാബുകൾ ഉൾപ്പെടെ അധിക സംവിധാനങ്ങൾ ഒരുക്കും. ചികിത്സാ രംഗത്തും ഗവേഷണ രംഗത്തും ഇത് വഴിത്തിരിവാകും. എസ്.എ.ടിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസായി കേന്ദ്രം തെരഞ്ഞെടുത്തിരുന്നു. രാജ്യത്തെ 10 ആശുപത്രികളുടെ കൂട്ടത്തിലാണ് എസ്.എ.ടി. ഉൾപ്പെട്ടിട്ടുള്ളത്.

ന്യൂറോളജി വിഭാഗത്തിന് കീഴിലാണ് പക്ഷാഘാത ചികിത്സയ്ക്ക് അത്യാധുനിക സംവിധാനത്തോടുളള സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് 14.03 കോടി രൂപ ചെലവഴിച്ച് പ്രവർത്തസജ്ജമാക്കിയത്. സർക്കാർ തലത്തിൽ ആദ്യത്തേതാണ് സി.ടി. ആൻജിയോഗ്രാം കാത്ത് ലാബ് ഉൾപ്പടെയുളള സമഗ്ര സ്‌ട്രോക്ക് യൂണിറ്റ്. ഇതോടൊപ്പം സ്‌ട്രോക്ക് ഐസിയുവും സജ്ജമാക്കി.

കാൻസർ ചികിത്സയ്ക്കുപയോഗിക്കുന്ന ആധുനിക സംവിധാനമായ ലിനാക് 18 കോടി രൂപ ചെലവിലാണ് സജ്ജമാക്കിയത്. പൊള്ളലേറ്റവർക്കുള്ള അത്യാധുനിക ചികിത്സയ്ക്കായാണ് 3.465 കോടി രൂപ ചെലവിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന് കീഴിൽ 9 കിടക്കകളുള്ള ബേൺസ് ഐസിയു സജ്ജമാക്കിയിരിക്കുന്നത്. പൾമണറി മെഡിസിൻ വിഭാഗത്തിന് കീഴിലാണ് 1.10 കോടി രൂപ ചെലവിൽ എന്റോബ്രോങ്കിയൽ അൾട്രാസൗണ്ട് (ഇ.ബി.യു.എസ്) സംവിധാനം സജ്ജമാക്കിയത്. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 16 കോടി ചെലവഴിച്ച് പാരാമെഡിക്കൽ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 6 നിലകളുള്ള 43,800 ചതുരശ്രയടി വിസ്തീർണമുളള കെട്ടിടമാണ് നിർമ്മിക്കുന്നത്.

മെഡിക്കൽ കോളേജിൽ ആവിഷ്‌ക്കരിച്ച് വിജയകരമായി നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് മറ്റ് മെഡിക്കൽ കോളേജുകൾക്കും മാതൃകയാകുകയാണ്. ഇതിലൂടെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് എത്രയും വേഗം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നു.

മെഡിക്കൽ കോളേജിൽ ഈ സർക്കാരിന്റെ കാലത്ത് അധികമായി ഐസിയു, വെന്റിലേറ്റർ, മറ്റ് ആശുപത്രി സംവിധാനങ്ങളൊരുക്കി. ഇത് കോവിഡ് കാലത്ത് വളരെയധികം സഹായിച്ചു. സ്‌പെറ്റ്, പെറ്റ് സ്‌കാനിംഗുകൾ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ, എസ്.എം.എ. ക്ലിനിക് എന്നിവ യാഥാർത്ഥ്യമാക്കി. മെഡിക്കൽ കോളേജിൽ 50 കിടക്കകളുള്ള 34.70 കോടിയുടെ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി കൂടുന്നതിനാൽ വൃദ്ധസദനങ്ങൾ ഉൾപ്പെടെ കെയർ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ജില്ലകളിലെ കെയർ ഹോമുകൾ ഗൗരവത്തോടെ കാണണം. ഒരാൾക്ക് കോവിഡ് ബാധിച്ചാൽ കെയർ ഹോമിലുള്ള എല്ലാവരേയും പരിശോധിക്കണം. അല്ലെങ്കിൽ അവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് ചേർന്ന ആരോഗ്യ വകുപ്പിന്റേയും ജില്ലാ കളക്ടർമാരുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ വകുപ്പ് സംസ്ഥാനതല, ജില്ലാതല പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ശക്തമാക്കിയിരുന്നു. സർക്കാർ, സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികൾക്ക് പ്രത്യേകമായി കിടക്കകൾ മാറ്റിവയ്ക്കാൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ ചില സ്വകാര്യ ആശുപത്രികൾ ചികിത്സയിലുള്ളവർക്ക് കോവിഡ് ബാധിക്കുമ്പോൾ സർക്കാർ ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്നെന്ന പരാതിയുണ്ട്. ജില്ലാ കളക്ടർമാർ സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ചുചേർത്ത് നിർദേശം നൽകണമെന്നും മന്ത്രി പറഞ്ഞു.

ജില്ലകൾ സജ്ജമാണെന്ന് കളക്ടർമാർ അറിയിച്ചു. എല്ലാ ജില്ലകളും സർജ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ആശുപത്രികൾ കോവിഡും നോൺ കോവിഡും ഒരുപോലെ കൊണ്ട് പോകണം. എറണാകുളം, തിരുവനന്തപുരം ജില്ലകൾ പരിശോധനകൾ കാര്യമായി നടത്തുന്നുണ്ട്. ഇനിയും പരിശോധനകൾ കൂട്ടണം. കേസുകൾ കൂടുന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ല. വ്യാപനശേഷി വളരെ കൂടുതലാണ്. അതിനാൽ പ്രമേഹം, രക്തസമ്മർദം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. കിടപ്പ് രോഗികൾ വീട്ടിലുള്ളവർ പുറത്ത് പോയി വരുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വീണാ ജോർജ് അറിയിച്ചു.

പ്രമേഹം, രക്തസമ്മർദം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ മാസ്‌ക് ധരിക്കണം. ആരോഗ്യ പ്രവർത്തകർ എൻ 95 മാസ്‌ക് ധരിക്കണം. ആശുപത്രിയിൽ പോകുന്നവർ കൃത്യമായി മാസ്‌ക് ധരിക്കണമെന്നും വീണാ ജോർജ് ചൂണ്ടിക്കാട്ടി.

ഡ്രൈവിംഗിനിടയിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ പലർക്കും കൃത്യമായ ധാരണയില്ല. ഇത്തരം അവസ്ഥ നേരിടേണ്ടി വന്നാൽ പലരും ഭയപ്പെടുകയാണ് ചെയ്യാറ്. എന്നാൽ, ഇത്തരം അവസ്ഥ നേരിടേണ്ടി വന്നാൽ ചെയ്യേണ്ടതെന്താണെന്ന് നോക്കാം….

വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാൽ മനസാന്നിധ്യം വീണ്ടെടുക്കുക. ഭയവും പരിഭ്രാന്തിയും കൂടുതൽ അപകടത്തിലേക്ക് നയിക്കും. ആക്‌സിലറേറ്റർ പെഡൽ സ്വതന്ത്രമാക്കുക.

ബ്രേക്ക് പെഡൽ ചവിട്ടിയിട്ട് താഴുന്നില്ലെങ്കിൽ ചിലപ്പോൾ ബ്രേക്കിംങ് സംവിധാനത്തിനായിരിക്കും പ്രശ്‌നം. ബ്രേക്ക് പെഡലിനിടയ്ക്ക് മറ്റു തടസ്സങ്ങളിലല്ല എന്നുറപ്പാക്കുക.

ബ്രേക്ക് പെഡൽ ആവർത്തിച്ചു ചവിട്ടിയാൽ ബ്രേക്കിംങ് സമ്മർദ്ദം താൽകാലികമായി വീണ്ടെടുക്കാൻ സാധിക്കും. ശക്തമായി ബ്രേക്ക് പെഡൽ ചവിട്ടി പമ്പ് ചെയ്യുക.. ആവശ്യത്തിന് മർദ്ദം രൂപപ്പെട്ടെന്ന് തിരിച്ചറിഞ്ഞാൽ ബ്രേക്ക് പൂർണമായും ചവിട്ടുക.

മണിക്കൂറിൽ അഞ്ചു മുതൽ പത്തു കിലോമീറ്റർ വേഗത വരെ കുറയ്ക്കാൻ എഞ്ചിൻ ബ്രേക്കിംഗിന് സാധിക്കും. താഴ്ന്ന ഗിയറിലേക്കു മാറി വാഹനത്തിന്റെ വേഗത കുറയ്ക്കുന്ന രീതിയാണ് ഇത്. ആദ്യം ഒന്നോ, രണ്ടോ ഗിയർ ഡൗൺ ചെയ്യുക. വേഗത ഒരൽപം കുറഞ്ഞതിന് ശേഷം വീണ്ടും ഏറ്റവും താഴ്ന്ന ഗിയറിലേക്ക് മാറ്റുക. പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് മാറരുത്.

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാം. അമിത വേഗത്തിൽ ഹാൻഡ്‌ബ്രേക്ക് ഉപയോഗിക്കരുത്. വേഗത 20 കിലോമീറ്ററിൽ താഴെ ആയതിനു ശേഷം മാത്രം ഹാൻഡ്‌ബ്രേക്ക് വലിക്കുക.

ലൈറ്റിട്ടും ഹോൺ മുഴക്കിയും റോഡിലെ മറ്റ് ഡ്രൈവർമാർക്ക് അപകട സൂചന നൽകുക

ആലപ്പുഴ: താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളും സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കാനാണ് ആർദ്രം മിഷനിലൂടെ സർക്കാർ വിഭാവനം ചെയ്യുന്നതെന്നു ആരോഗ്യ മന്ത്രി വീണ ജോർജ്. ചേർത്തല കരുവ നഗരകുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണം പരിശോധിച്ചാൽ 60 ശതമാനത്തിന് മുകളിൾ സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇതിനനുസരിച്ചുള്ള ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നത്. ഈ സാമ്പത്തിക വർഷം തന്നെ ചേർത്തല ആശുപത്രിയിൽ കൂടുതൽ തസ്തികകൾ സൃഷ്ടിച്ചു മികച്ച ആശുപത്രിയായി മാറ്റിയെടുക്കുമെന്നും വീണാ ജോർജ് വ്യക്തമാക്കി.

നഗരാരോഗ്യ കേന്ദ്രങ്ങളിൽ എല്ലാ സേവനങ്ങളും പൂർണമായും സൗജന്യമാണ്. പൊതുജനാരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കൂടുതൽ ശാക്തീകരിക്കുക, പൊതുജനാരോഗ്യം ഉറപ്പാക്കുക, സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് നഗര ആരോഗ്യ കേന്ദ്രത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. ചേർത്തല നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി. എസ് അജയകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ശോഭ ജോഷി, ജി. രഞ്ജിത്ത്, ലിസി ടോമി, എ.എസ്. സാബു, ഏലിക്കുട്ടി ജോൺ, മുനിസിപ്പൽ സെക്രട്ടറി ടി. കെ സുജിത്ത്, പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ. പ്രസാദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ. ആർ രാധാകൃഷ്ണൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ. അനിൽകുമാർ, ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. ഡീവർ പ്രഹ്ലാദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 46 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരാരോഗ്യ കേന്ദ്രം നിർമിച്ചത്.

ആലപ്പുഴ: ഈ സാമ്പത്തിക വർഷം സംസ്ഥാനത്ത് റോബോട്ടിക്സ് സർജറി കൊണ്ടുവരുമെന്ന് അരോഗ്യ മന്ത്രി വീണ ജോർജ്. കേരളത്തിൽ റീജണൽ ക്യാൻസർ സെന്ററിലും മലബാർ ക്യാൻസർ സെന്ററിലും റോബോട്ടിക് സർജറി ആരംഭിക്കാൻ കഴിയും. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്റർ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് എറ്റവും കൂടുതൽ സൗജന്യ ചികത്സാ നൽകുന്ന സംസ്ഥാനമാണ് കേരളം. അതിനായി ആയിരത്തി നാനൂറ് കോടി രൂപയാണ് സംസ്ഥാനം ചെലവഴിക്കുന്നത്. നവകേരളം കർമപദ്ധതി-2 ന്റെ ഭാഗമായ ആർദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതിയിലൂടെ ജീവിതശൈലി രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള വാർഷിക ആരോഗ്യ പരിശോധന നടത്തുന്നുണ്ട്. ഈ പദ്ധതിയിലൂടെ 30 വയസിന് മുകളിലുള്ള ഒരു കോടി അറുപത്തിയൊമ്പത് ആളുകളിൽ ഒരു കോടി പതിനൊന്നു ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കി.ഹെൽത്ത് സെന്റർ പരിസരത്ത് കൂടിയ യോഗത്തിൽ എം.എൽ.എ എച്ച് സലാം അധ്യക്ഷത വഹിച്ചു.

എ. എം ആരിഫ് എം. പി. മുഖ്യാതിഥിയായി. സംസ്ഥാന സർക്കാരിന്റെ നവകേരള കർമ്മ പദ്ധതിയുടെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 37.5 ലക്ഷം രൂപ മുടക്കി നവീകരിച്ച ഒ പി കെട്ടിടത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെ ഹെൽത്ത് ഗ്രാന്റ് വിഹിതമായി 16 ലക്ഷം രൂപ അടങ്കലിൽ നവീകരിച്ച ലാബിന്റെയും ശീതികരിച്ച മോഡുലാർ ഫാർമസിയും ഉദ്ഘാടനം ചെയ്തു.

രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ ആഹാരക്രമത്തിന് വലിയ പങ്കുവഹിക്കുന്നുണ്ട്. ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക, കൃത്യമായ അളവിൽ വെള്ളം കുടിക്കുക തുടങ്ങിയവയെല്ലാം ഇതിൽ പ്രധാനമാണ്. വൃക്കയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ചില പച്ചക്കറികൾ എന്തൊക്കെയാണെന്ന് നോക്കാം.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കണം

പ്രമേഹ രോഗികൾക്ക് വൃക്ക തകരാറിലായേക്കാം. ശരീരത്തിലെ കോശങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസ് (പഞ്ചസാര) ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ രക്തം ഫിൽട്ടർ ചെയ്യാൻ വൃക്കകൾ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ നിർബന്ധിതരാകുന്നു. അതിനാൽ പ്രമേഹം നിയന്ത്രിക്കണം.

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കണം

ഉയർന്ന രക്തസമ്മർദ്ദം വൃക്ക തകരാറിന് കാരണമാകും. പ്രമേഹം, ഹൃദ്രോഗം, അല്ലെങ്കിൽ ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കൊപ്പം ഉയർന്ന രക്തസമ്മർദ്ദം സംഭവിക്കുകയാണെങ്കിൽ ശരീരത്തെ ബാധിക്കുന്ന ആഘാതം വളരെ വലുതായിരിക്കും. അതിനാൽ ഇതും നിയന്ത്രിക്കേണ്ടതാണ്.

പുകവലി ഒഴിവാക്കുക

പുകവലി വൃക്കകളിൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുകയും ഇത് ശരീരത്തിലുടനീളം വൃക്കകളിലേക്കുള്ള രക്തയോട്ടം മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

ധാരാളം വെള്ളം കുടിക്കണം

കിഡ്നിയിൽ നിന്ന് സോഡിയവും ടോക്സിനുകളും നീക്കം ചെയ്യാൻ വെള്ളം സഹായിക്കുന്നു. അതിനാൽ ആവശ്യമായ വെള്ളം കുടിക്കണം.

സമീകൃതാഹാരം കഴിക്കണം

വൃക്കരോഗങ്ങളെ നിയന്ത്രിക്കുന്നതിൽ ആഹാരക്രമത്തിന് വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനാൽ സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിക്കണം.

ജീവിതത്തിൽ മറ്റെന്തിനേക്കാളും വലുത് ആരോഗ്യം തന്നെയാണ്. അതിനാൽ ആരോഗ്യ സംരക്ഷണത്തിനായിരിക്കണം നാം ഏപ്പോഴും പ്രാധാന്യം നൽകേണ്ടത്. ആരോഗ്യം നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ശാരീരികാരോഗ്യം നിലനിർത്താൻ പതിവായി വ്യായാമം ചെയ്യേണ്ടതുണ്ട്. വ്യായാമത്തിനായി ഓരോരുത്തരും അവരവരുടെ പ്രായവും ആരോഗ്യാവസ്ഥയും അനുസരിച്ചുള്ള രീതികൾ തെരഞ്ഞെടുക്കണം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഭക്ഷണക്രമം.സമയത്തിന് ഭക്ഷണം നിർബന്ധമായും കഴിക്കണം. പോഷകങ്ങളെല്ലാം ഉറപ്പുവരുത്തിയിട്ടുള്ള ഭക്ഷണം വേണം കഴിക്കേണ്ടത്. പച്ചക്കറികൾ, പഴങ്ങൾ, ഇറച്ചി- മീൻ, മുട്ട, പരിപ്പ്- പയർ വർഗങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവയെല്ലാം കഴിക്കണം.

ആരോഗ്യം നല്ലരീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും, മറ്റ് അസുഖങ്ങളേതുമില്ലെന്നുമെല്ലാം ഉറപ്പിക്കാൻ മെഡിക്കൽ ചെക്കപ്പുകൾ സഹായിക്കും. അതിനാൽ കൃത്യമായ ഇടവേളകളിൽ മെഡിക്കൽ ചെക്കപ്പ് നടത്തുന്നത് നല്ലതാണ്. ആരോഗ്യം മെച്ചപ്പെടുത്താൻ കൃത്യമായി ഉറങ്ങുകയും വേണം. കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും രാത്രിയിൽ തുടർച്ചയായി ഉറങ്ങണം. ഉറക്കം കുറഞ്ഞാൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

തിരുവനന്തപുരം: നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ആർദ്രം മിഷൻ മുഖേന ഗുണനിലവാര വർധനയ്ക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതുജനാരോഗ്യം, ചികിത്സ, സർക്കാർ സേവനം എന്നിവയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാർ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നവകേരളം കർമ്മപദ്ധതി രണ്ടിന്റെ ഭാഗമായി സബ് സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. 5413 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഇതിന്റെ ഭാഗമായി സ്ഥാപിക്കും. ഇതിന്റെ ഭാഗമായി ജനകീയ ക്ലബ്ബുകൾ സ്ഥാപിക്കും. ജനകീയ ക്ലബ്ബുകളിലൂടെ പ്രദേശത്തെ ആളുകളുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ച് ചികിത്സ ഉറപ്പാക്കും. ജനകീയ പങ്കാളിത്തത്തോടെയുള്ള ആരോഗ്യ പ്രവർത്തനങ്ങളാണ് ഇതിലൂടെ നടക്കുകയെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ഏറ്റവും പ്രധാന പ്രശ്നം ജീവിതശൈലി രോഗമാണ്. ജീവിതശൈലി രോഗപ്രതിരോധം തടയുന്നതുമായി ബന്ധപ്പെട്ടു നടത്തിയ വാർഷിക പരിശോധനയുടെ ഭാഗമായി ഒരു കോടി 75 ലക്ഷം പേരെ പരിശോധിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. അതിൽ ഒരു കോടി 11 ലക്ഷം ആളുകളെ പരിശോധിക്കാൻ ഇതുവരെ സാധിച്ചതായും മന്ത്രി പറഞ്ഞു. ക്യാൻസർ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും ക്യാൻസർ ഗ്രിഡ് രൂപീകരിച്ചിട്ടുണ്ട്. കേരളത്തിൽ ജീവിതശൈലി രോഗങ്ങൾ കുറയ്ക്കാൻ തുടർ പ്രവർത്തനങ്ങൾ ആവശ്യമാണ്. ആരോഗ്യത്തിൽ മാനസിക ആരോഗ്യവും ഉറപ്പുവരുത്തണം. മാനസിക ആരോഗ്യം എന്നത് മാനസിക പ്രശ്നങ്ങൾ ഇല്ലാതിരിക്കുക മാത്രമല്ല എന്നും മനസ്സിന്റെ ആരോഗ്യം കൂടി കണക്കാക്കണമെന്നും വീണാ ജോർജ് വ്യക്തമാക്കി.

സംസ്ഥാനത്ത് നിലവിൽ കോവിഡ് കേസുകൾ ഉയരുന്നുണ്ടെന്നും എന്നാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കുറവാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇക്കാര്യം സൂക്ഷ്മതയോടെയും ജാഗ്രതയോടെയും ആണ് ആരോഗ്യവകുപ്പ് കാണുന്നത്. ഗർഭിണികൾ, കിടപ്പ് രോഗികൾ, കുഞ്ഞുങ്ങൾ, ജീവിതശൈലി രോഗമുള്ളവർ എന്നിവർക്ക് പ്രത്യേകം ശ്രദ്ധയും കരുതലും വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നമ്മളിൽ പലരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. ഇതിന് പലപ്പോഴും പല കാരണങ്ങളും ഉണ്ടാകാം. ഓരോരുത്തരും കഴിക്കുന്ന ആഹാരം മുടിയുടെ സംരക്ഷണത്തിലും ആരോഗ്യകരമായ വളർച്ചയിലും പ്രധാന ഘടകമാണ്, ചികിത്സയേക്കാളും പോഷകസമൃദ്ധമായ ഭക്ഷണക്രമം മുടികൊഴിച്ചിൽ തടയുമെന്ന് വിദഗ്ധർ പറയുന്നു.

പച്ചനിറത്തിലുള്ള ഇലക്കറികൾ മുടി വളർച്ചയ്ക്ക് സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ചീരയിൽ വിറ്റാമിൻ സി, എ, ഇരുമ്പ്, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചീര പതിവായി കഴിക്കുന്നത് മുടി വളർച്ച വർദ്ധിപ്പിക്കും. ബദാം കഴിക്കുന്നതും മുടിവളർച്ചയ്ക്ക് നല്ലതാണ്. മഗ്നീഷ്യത്തിന്റെയും പോഷകങ്ങളുടെയും കലവറയാണിത്. ഇത് മുടികൊഴിച്ചിൽ തടയും.

മുടി വളർച്ചയ്ക്ക് മുട്ട കഴിക്കുന്നതും നല്ലതാണ്. മുടിവളർച്ചയ്കക് ആവശ്യമായ രണ്ട് പോഷകങ്ങളായ പ്രോട്ടീന്റെയും ബയോട്ടിന്റെയും മികച്ച ഉറവിടമാണ് മുട്ട. അതിനാൽ മുടിവളരാൻ ആഗ്രഹിക്കുന്നവർ മുട്ട കഴിക്കണം. മുടിവളർച്ച ആഗ്രഹിക്കുന്നവർ കഴിക്കേണ്ട മറ്റൊരു ഭക്ഷണമാണ് ബെറിപ്പഴം. ബെറിപഴത്തിൽ മുടി വളർച്ചയെ സഹായിക്കുന്ന ഗുണം ചെയ്യുന്ന സംയുക്തങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയും ഇതിൽ ധാരാളമുണ്ട്. അതിനാൽ ഇവ മുടി വളർച്ചയ്ക്ക് നല്ലതാണ്.