ഡെങ്കിപ്പനി; അപകട സൂചനകൾ ഇവയെല്ലാം…
തിരുവനന്തപുരം: ഡെങ്കിപ്പനി പ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി ഡിഎംഒ. .പനിയോടൊപ്പമോ അതിനുശേഷമോ അപകട സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം വിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടണമെന്ന് ഡിഎംഒ വ്യക്തമാക്കി.
അപകട സൂചനകൾ
തുടർച്ചയായ ഛർദ്ദി, വയറിളക്കം, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുളള തളർച്ച, ശ്വസിക്കുവാൻ പ്രയാസം, രക്തസമ്മർദ്ദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുർച്ചയായ കരച്ചിൽ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രോഗബാധിതർ സമ്പൂർണ്ണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്ന് നാല് ദിവസം കൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിൻ വെളളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പകൽ സമയം വിശ്രമിക്കുന്നതിനും, ഉറങ്ങുന്നതും കൊതുകു വലയ്ക്കുളളിൽ ആയിരിക്കണം.
ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ വാങ്ങി കഴിക്കരുത്.
പ്രായാധിക്യമുളളവർ, ഒരു വയസിന് താഴെപ്രായമുളള കുഞ്ഞുങ്ങൾ, പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങളുളളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഡെങ്കിപ്പനിയെ തുടർന്നുളള പ്രശ്‌ന സാധ്യതകൾ കൂടുതലാണ്. കൊതുകു നശീകരണത്തിലൂടെയും, കൂത്താടി നശീകരണത്തിലൂടെയും മാത്രമേ ഡെങ്കിപ്പനിയെ നിയന്ത്രിക്കാൻ സാധിക്കു. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം അനുസരിച്ചുളള കൊതുക്, കൂത്താടി നശീകരണ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു.










