തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥികളുടെ ആവശ്യത്തിനെതിരെ ഐഎംഎ. രോഗികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രോട്ടോക്കാൾ ഓപ്പറേഷൻ തിയറ്ററിൽ പാലിക്കണമെന്നും രോഗിയാണ് പ്രധാനമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് സുൽഫി നുഹ് പറഞ്ഞു.
ഓപ്പറേഷന്‍ തിയറ്ററില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തിനെതിരെയാണ് ഐഎംഎ രംഗത്തെത്തിയത്. ഓപ്പറേഷൻ തീയറ്ററിൽ രോഗികളുടെ സുരക്ഷയ്ക്കും ശുചിത്വത്തിനുമാണ് ഡ്രസ് കോഡ് ഉൾപ്പെടെ പ്രോട്ടോകോൾ തയ്യാറാക്കിയിട്ടുള്ളത്.
ഇത് പാലിച്ച് മുന്നോട്ട് പോകണമെന്നും ഐഎംഎ അറിയിച്ചു. കഴിഞ്ഞ 26 ന് വിവിധ ബാച്ചുകളിൽ പഠിക്കുന്ന വിദ്യാർഥികൾ സംയുക്തമായി ഒപ്പിട്ട കത്ത് കോളജ് പ്രിൻസിപ്പൽ ഡോക്ടർമാർ അംഗങ്ങളായ ഹൈജീൻ കമ്മിറ്റിയ്ക്ക് വിടാൻ ഇരിക്കെയാണ് ഐഎംഎ നിലപാട് വ്യക്തമാക്കിയത്.

