എലിപ്പനി പ്രതിരോധിക്കാം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം….

കാലവർഷം സജീവമായ സാഹചര്യത്തിൽ മഴക്കാല രോഗങ്ങൾ ബാധിക്കാനുള്ള സാഹചര്യവും വർദ്ധിച്ചിരിക്കുകയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് എലിപ്പനി കേസുകളും ഉയരുന്നുണ്ട്.

എലിയുടെ മൂത്രം കലരുക വഴി വെളളം മലിനമാകുകയും രോഗാണുക്കൾ ആ വെളളവുമായി സമ്പർക്കം പുലർത്തുന്നവരിൽ മുറിവിൽ കൂടിയോ, നേർത്ത ചർമ്മത്തിൽ കൂടിയോ ശരീരത്തിൽ പ്രവേശിക്കുകയും രോഗം പിടിപെടുകയും ചെയ്യന്നു.

എലിപ്പനി രോഗലക്ഷണങ്ങൾ

കടുത്തപനി, തലവേദന
ശക്തമായ ശരീര വേദന
കണ്ണിന് ചുവപ്പ്/മഞ്ഞ നിറം
വെളിച്ചത്തിൽ നോക്കാൻ പ്രയാസം
മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്തനിറം

എലിപ്പനി പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളിൽ കുളിക്കുകയോ, മുഖം, വായ എന്നിവ കഴുകുകയോ ചെയ്യരുത്. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ഷീര കർഷകർ, മലിനജലവുമായി സമ്പർക്കം വരുന്ന ജോലികളിൽ ഏർപ്പെടുന്നവർ തുടങ്ങിയവർ, കൈയുറ, കാലുറ എന്നീ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കുകയും, മുൻകരുതൽ മരുന്നായ ഡോക്‌സിസൈക്ലിൻ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശ പ്രകാരം കഴിക്കുകയും ചെയ്യുക.

കെട്ടികിടക്കുന്ന വെളളത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്.

വീടിന് പുറത്ത് ഇറങ്ങുമ്പോൾ നിർബന്ധമായും പാദരക്ഷകൾ ഉപയോഗിക്കുക.

ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയരുത്.

വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കുക.

പനി രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടുത്തുളള ആരോഗ്യസ്ഥാപനത്തിൽ എത്തി ചികിത്സ തേടുക.

ഏത് പനിയും എലിപ്പനിയാകാം, സ്വയം ചികിത്സ പാടില്ല.