Health (Page 61)

തിരുവനന്തപുരം: കണിയാപുരം സ്വദേശി 66 വയസുള്ള പാത്തുമ്മ ബീവിയും 70 പിന്നിട്ട ഹസൻകുഞ്ഞും പ്രമേഹബാധിതരാണ്. പക്ഷേ പ്രമേഹ രോഗത്തിന്റെ അവശതകളോ ആശങ്കകളോ തെല്ലും അലട്ടാതെ ജീവിതസായാഹ്നം സന്തോഷപൂർവ്വം ആസ്വദിക്കുകയാണവർ. പ്രമേഹനിയന്ത്രണത്തിനുള്ള ഇൻസുലിൻ സൗജന്യമായി ലഭിക്കുമ്പോൾ രോഗത്തെക്കുറിച്ചുള്ള ആശങ്കകൾ പമ്പകടക്കുമെന്നാണ് ഇവരുടെ പക്ഷം. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വയോമധുരം പദ്ധതിയിലൂടെ ഇൻസുലിൻ സൗജന്യമായി ഇവർക്ക് ലഭിക്കും. അതിനാൽതന്നെ പ്രമേഹരോഗികളായ വയോജനങ്ങൾക്ക് ആശ്വാസത്തിന്റെ തണലേകുകയാണ് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്.

ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ മുതിർന്ന പൗരന്മാർക്ക് ഇൻസുലിൻ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് വയോമധുരം. 24 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ സർക്കാർ ആശുപത്രികൾ വഴിയാണ് ഇൻസുലിൻ നൽകുന്നത്. ആറ് സർക്കാർ ആശുപത്രികളിലായി 1,500 പേരാണ് പദ്ധതിയുടെ നിലവിലെ ഗുണഭോക്താക്കൾ.

പ്രമേഹ ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്, ശരിയായ നിയന്ത്രണമില്ലാത്തതിനെ തുടർന്നുണ്ടാകുന്ന മാരകരോഗങ്ങൾ, സർക്കാർ സംവിധാനത്തിലൂടെ ഇൻസുലിൻ ലഭ്യമാക്കുന്നതിനുണ്ടാകുന്ന പരിമിതി എന്നിവയാണ് വയോമധുരം പദ്ധതി ആരംഭിക്കാനുള്ള പ്രധാന കാരണങ്ങളെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി. ആർ ഹരിപ്രസാദ് പറഞ്ഞു. ജീവിത ശൈലി രോഗങ്ങൾക്ക് മരുന്ന് നൽകുന്ന എൻ.സി.ഡി സംവിധാനത്തിൽ നിന്ന് മുതിർന്ന പൗരന്മാരെ വയോമധുരം പദ്ധതിയിലേക്ക് മാറ്റിയതിലൂടെ ആവശ്യക്കാർക്ക് മുടക്കമില്ലാതെ ഇൻസുലിൻ ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ വിജയം.

സ്വകാര്യ ഫാർമസികളിൽ നിന്നും ഉയർന്ന വിലയ്ക്ക് വാങ്ങേണ്ടി വരുന്ന ഇൻസുലിൻ സൗജന്യമായി കൈകളിലെത്തുന്നത് വയോജനങ്ങൾക്കിടയിൽ പദ്ധതിയുടെ സ്വീകാര്യത വർധിപ്പിച്ചിരിക്കുകയാണ്.

പത്തനംതിട്ട: പനിയുണ്ടായാൽ സ്വയം ചികിത്സ പാടില്ലെന്നും നിർബന്ധമായും ഡോക്ടറുടെ സേവനം തേടണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്‌കൂൾ അസംബ്ലികൾ ആരോഗ്യ അസംബ്ലികളായി നടത്തുന്നതിന്റെ ഭാഗമായി മെഴുവേലി ചന്ദനക്കുന്ന് ഗവ. യുപി സ്‌കൂളിൽ നടന്ന ആരോഗ്യ അസംബ്ലിയിൽ കുട്ടികളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മഴക്കാല പകർച്ച വ്യാധികൾ തടയുന്നതുമായി ബന്ധപ്പെട്ട് കുട്ടികളെ ബോധവൽക്കരിക്കുന്നതിനായാണ് സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലികൾ നടത്തിയത്. പനിയുടെ ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികൾ മാതാപിതാക്കളേയോ അധ്യാപകരേയോ അറിയിക്കണം. കൊതുകജന്യ രോഗങ്ങളായ ഡെങ്കിപ്പനി, സിക്കാ വൈറസ് പനി, എലിപ്പനി, ഇൻഫ്‌ളുവൻസ തുടങ്ങിയവ മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്നു. വീട്ടുവളപ്പിൽ ജലം കെട്ടികിടക്കാൻ സാധ്യത ഉള്ള ചിരട്ടകൾ, പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ നീക്കം ചെയ്ത് ഉറവിട നശീകരണത്തിലൂടെ ഡെങ്കിപ്പനിയുടെ വ്യാപനം തടയാൻ കഴിയും.
മണ്ണ്, ചെളി, കെട്ടിക്കിടക്കുന്ന വെള്ളം എന്നിവയുമായി സമ്പർക്കം വരുമ്പോൾ ശരീരത്തിലെ മുറിവുകളിലൂടെയാണ് എലിപ്പനിയുടെ രോഗാണു ഉള്ളിൽ പ്രവേശിക്കുന്നത്. ഈ സാഹചര്യം ഒഴിവാക്കണം. വായുവിൽ കൂടെ പകരുന്ന ഇൻഫ്‌ളുവൻസ പോലുള്ള രോഗങ്ങൾ ഒഴിവാക്കാൻ മാസ്‌ക് ഉപയോഗിക്കണം. വീടുകളിൽ രക്ഷിതാക്കളോടൊപ്പവും സ്‌കൂളുകളിൽ അധ്യാപകരോടൊപ്പവും കുട്ടികൾക്ക് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം.

ഡയേറിയ പോലുള്ള ജലജന്യ രോഗങ്ങളെ തടയുന്നതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കിളികൾ, വവ്വാലുകൾ തുടങ്ങിയവ കഴിച്ചതിന്റെ ബാക്കി മാങ്ങാ, പേരയ്ക്ക പോലുള്ള പഴങ്ങൾ കഴിക്കരുതെന്നും മന്ത്രി പറഞ്ഞു. കുട്ടികൾ ആരോഗ്യത്തിന്റെ അംബാസിഡർമാരാണെന്നും മുതിർന്നവരെ കൂടി ബോധവൽക്കരിക്കേണ്ടത് കുഞ്ഞുങ്ങളാണെന്നും മന്ത്രി ഓർമിപ്പിച്ചു.

തിരുവനന്തപുരം: ഡെന്റൽ കൗൺസിൽ രജിസ്‌ട്രേഷൻ നേടാത്ത ഡെന്റിസ്റ്റുമാർ ഡെന്റിസ്ട്രി പ്രാക്ടീസ് ചെയ്യാൻ പാടില്ല. രജിസ്‌ട്രേഷൻ നേടാതെ പ്രാക്ടീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കേരള ഡെന്റൽ കൗൺസിൽ മുമ്പാകെ പരാതി സമർപ്പിക്കണമെന്ന് രജിസ്ട്രാർ അറിയിച്ചു. രജിസ്‌ട്രേഷൻ നേടാതെ പ്രാക്ടീസ് ചെയ്യുന്നവർക്കെതിരെ കൗൺസിൽ ക്രിമിനൽ നടപടി സ്വീകരിക്കും. വ്യാജ ഡോക്ടർമാർ ഉണ്ടാകാതെ ആരോഗ്യമേഖല സംരക്ഷിക്കേണ്ടത് ഓരോ പൗരന്റേയും കടമയായതിനാൽ ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കൗൺസിലിനെ അറിയിക്കണം. രജിസ്റ്റേർഡ് ഡെന്റിസ്റ്റുമാരുടെ പേരു വിവരം www.dentalcouncil.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

ഡെന്റിസ്റ്റുമാർ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതകൾ മാത്രമേ പ്രദർശിപ്പിക്കാൻ പാടുള്ളൂ. അംഗീകൃത യോഗ്യതയല്ലാതെ RDP, MIDA, FIED, MICD, FACD, MRSH, FAGE പോലെയുള്ളവ പേരിനോടൊപ്പം ചേർക്കുന്നത് നിയമവിരുദ്ധമാണ്. 2014ലെ ഡെന്റിസ്റ്റ് (കോഡ് ഓഫ് എത്തിക്‌സ്) റഗുലേഷന്റെ പകർപ്പ് വെബ്‌സൈറ്റിൽ ലഭ്യമാണ്. എല്ലാ ഡെന്റിസ്റ്റുമാരും അത് വ്യക്തമായി മനസിലാക്കണം.

ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത ഡെന്റൽ കോഴ്‌സുകളോ ട്രെയിനിങ്ങുകളോ നടത്തുന്നത് നിയമവിരുദ്ധമാണ്. അനധികൃത കോഴ്‌സുകളോ ട്രെയിനിങ്ങുകളോ നടത്തുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കും. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ നിന്നു ലഭ്യമാകുന്ന സർട്ടിഫിക്കറ്റുകൾ രജിസ്‌ട്രേഷനോ ജോലിക്കോ അംഗീകൃത യോഗ്യതയായി കണക്കാക്കില്ല. ഇത്തരം സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടിയും അച്ചടക്ക നടപടിയും കൈക്കൊള്ളും.

ഡെന്റിസ്റ്റുമാരും ഡെന്റൽ ക്ലിനിക് ഉടമസ്ഥരും എത്തിക്‌സിനു വിരുദ്ധമായി സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വിവിധ ദൃശ്യ – ശ്രവ്യ – അച്ചടി മാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നുവെന്ന പരാതികൾ ലഭിച്ചിട്ടുണ്ട്. രജിസ്റ്റേർഡ് ഡെന്റിസ്റ്റുമാർ 2014ലെ ഡെന്റിസ്റ്റ് (കോഡ് ഓഫ് എത്തിക്‌സ്) റഗുലേഷനിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്നും അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ രജിസ്റ്ററിൽ നിന്ന് പേര് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്നും രജിസ്ട്രാർ അറിയിച്ചു.

സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ പലരും. ഇതിനായി പലപ്പോഴും നമ്മൾ വലിയ തുക മുടക്കാറുണ്ട്. എന്നാൽ, സൗന്ദര്യ സംരക്ഷണത്തിന് വീട്ടിൽ തന്നെ ചില പൊടിക്കൈകൾ പ്രയോഗിക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം.

മഞ്ഞൾ

ചർമസൗന്ദര്യത്തിന് മഞ്ഞൾ ഉത്തമമാണ്. സോറിയാസിസ് ഉൾപ്പെടെയുള്ള ചർമരോഗങ്ങൾക്കും മഞ്ഞൾ മരുന്നായി ഉപയോഗിക്കുന്നു. പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞൾ. ബാക്ടീരിയയെ ചെറുക്കാൻ കഴിവുള്ളതുകൊണ്ട് മുറിവ് ഉണങ്ങാൻ നല്ലതാണ്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന ഘടകമാണ് ചർമ്മത്തിനെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നത്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ ചർമ്മത്തിനേൽപിക്കുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനും മഞ്ഞൾ സഹായിക്കും.

നെയ്യ്

ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളാലും സമ്പന്നമാണ് നെയ്യ്. ചർമ്മത്തിന് തിളക്കവും ആരോഗ്യവും നിലനിർത്താൻ നെയ്യ് സഹായിക്കും. എല്ലുകൾക്ക് ബലവും ഉറപ്പും വർദ്ധിപ്പിക്കാനും നെയ്യ് കഴിക്കുന്നത് നല്ലതാണ്.

ആര്യവേപ്പ്

പലവിധത്തിലുള്ള അണുബാധകളെയും ചെറുക്കാൻ കഴിവുള്ള ഒന്നാണ് ആര്യവേപ്പ്. അതിനാൽ ആര്യവേപ്പില തേക്കുന്നത് മുഖത്തിന് വളരെ നല്ലതാണ്. മുഖക്കുരുവിനെ ചെറുക്കാനും മുഖക്കുരു പാടുകൾ നീക്കാനുമെല്ലാം ആര്യവേപ്പില സഹായിക്കും.

കറ്റാർവാഴ

ചർമ്മത്തിൽ ചുളിവുകളോ പാടുകളോ വീഴുന്നത് തടയാനും ചർമ്മം തിളക്കമുള്ളതാക്കാനും കറ്റാർവാഴ ഉപയോഗിക്കുന്നത് നല്ലതാണ്.

സംസ്ഥാനത്ത് പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോൾ സെന്റർ ആരംഭിച്ചു. നിലവിലെ ദിശ കോൾ സെന്റർ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളിൽ നിന്നുമുള്ള ഡോക്ടർമാരുടേയും സേവനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക കോൾ സെന്റർ പ്രവർത്തന സജ്ജമാക്കിയത്. ദിശയിലെ കൗൺസിലർമാർ, ഡോക്ടർമാർ, ഇ സഞ്ജീവനി ഡോക്ടർമാർ എന്നിവരെ കൂടാതെ എല്ലാ ജില്ലകളിൽ നിന്നും ജില്ലാ സർവയലൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ കൂടുതൽ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കുന്നതാണ്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ പേരുടെ സേവനം ലഭ്യമാക്കുന്നതാണ്. ആരോഗ്യ സംബന്ധമായ എന്ത് സംശയങ്ങൾക്കും ദിശയിൽ വിളിക്കാവുന്നതാണ്. ആശുപത്രിയിലെ തിരക്കില്ലാതെ ഡോക്ടർമാരോട് സംസാരിക്കാവുന്നതാണ്. ഈ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു.

മഴക്കാലത്തോടനുബന്ധിച്ച് ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എൻ1, സിക്ക, ശ്വാസകോശ രോഗങ്ങൾ, വയറിളക്ക രോഗങ്ങൾ തുടങ്ങിയ പലതരം രോഗങ്ങൾ ബാധിക്കാം. രോഗത്തിന്റെ ആരംഭത്തിലും ചികിത്സാ ഘട്ടത്തിലും അതുകഴിഞ്ഞും പലർക്കും പല സംശയങ്ങൾ ഉണ്ടാകാം. ഇതിനുള്ള പരിഹാരമായാണ് ദിശ കോൾ സെന്റർ പ്രവർത്തിക്കുക. മുൻകരുതലുകൾ, കഴിക്കുന്ന മരുന്നിനെപ്പറ്റിയുള്ള സംശയം, ഏതൊക്കെ ഭക്ഷണം കഴിക്കാം, പരിശോധനാ ഫലത്തെപ്പറ്റിയുള്ള സംശയം, മാനസിക പിന്തുണ, രോഗപ്പകർച്ച തടയുക തുടങ്ങിയവയെല്ലാം സംസാരിക്കാവുന്നതാണ്. അതുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടർമാർക്ക് ഫോൺ കൈമാറും.

വീട്ടിലുള്ള ആർക്കെങ്കിലും പെട്ടന്നൊരു അത്യാഹിതമോ രോഗ മൂർച്ഛയോ ഉണ്ടായാൽ ദിശ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. ഉടനടി ചെയ്യേണ്ട പ്രഥമ ശുശ്രൂഷ ഡോക്ടർമാർ പറഞ്ഞുതരും. ആവശ്യമായവർക്ക് ഇ സഞ്ജീവനി മുഖേന ചികിത്സയും മരുന്നിന്റെ വിവരങ്ങളും ലഭ്യമാക്കും. 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ ദിശയുടെ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്.

തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധത്തിൽ ഊർജിത ശുചീകരണ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. ഏത് പനിയും ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചപ്പനികൾ ആകാമെന്നതിനാൽ തീവ്രമായതോ നീണ്ട് നിൽക്കുന്നതോ ആയ എല്ലാ പനി ബാധകൾക്കും വൈദ്യ സഹായം തേടണം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ പൊതുവേ കാണപ്പെടുന്ന മറ്റ് വൈറൽപ്പനികളിൽ നിന്ന് വ്യത്യസ്തമല്ലാത്തതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ കഴിയാതെ വരികയോ വൈകുകയോ ചെയ്യാം. അതിനാൽ ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ഡെങ്കിപ്പനി എങ്ങനെ തിരിച്ചറിയാം?

പെട്ടെന്നുള്ള കനത്ത പനിയാണ് ഡെങ്കിയുടെ പ്രധാന ലക്ഷണം. തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. അതിശക്തമായ മേല് വേദന, വയറ് വേദന, കണ്ണിനു പുറകിൽ വേദന, ശരീരത്തിൽ ചുവന്ന നിറത്തിൽ പാടുകൾ പ്രത്യക്ഷപ്പെടുക എന്നിവയും ചിലരിൽ കാണപ്പെടുന്നു. ശക്തമായ വയറ് വേദന, ശ്വാസതടസം, മൂത്രം പോകുന്നതിൽ പെട്ടെന്ന് ഉണ്ടാകുന്ന കുറവ്, അപസ്മാര ലക്ഷണങ്ങൾ, മഞ്ഞപ്പിത്തം, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്നും രക്തസ്രാവം ഉണ്ടാവുക, മലം കറുത്ത നിറത്തിൽ പോവുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവ അടിയന്തിരമായി ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. രക്തപരിശോധനയിലൂടെ ഡെങ്കിപ്പനി തിരിച്ചറിയാം. ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യം എല്ലാ സർക്കാർ ആശുപത്രികളിലും ഏർപ്പെടുത്തിയിട്ടുണ്ട്.

ധാരാളം വെള്ളം കുടിച്ചാൽ ഏറെ ആശ്വാസമാകും

ചെറിയ പനി വന്നാൽ പോലും ധാരാളം പാനീയങ്ങൾ കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴങ്ങൾ, പഴസത്ത് എന്നിവ നൽകാം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും ക്ഷീണം അകറ്റുന്നതിനും രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും പാനീയങ്ങൾ സഹായിക്കും.

ഡ്രൈ ഡേ ആചരിച്ച് കൊതുകിനെ തുരത്താം.

കൊതുകിൽ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാർഗം. അതിനാൽ വീടും സ്ഥാപനവും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയാക്കുമ്പോഴും കൊതുകിന്റെ കടിയേൽക്കാതെ ലേപനങ്ങൾ പുരട്ടുകയോ ശരീരം പൊതിയുന്ന വസ്ത്രങ്ങൾ ധരിക്കുകയോ വേണം. രാവിലെയും വൈകുന്നേരങ്ങളിലും വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടണം. അടച്ചിടുന്നതിനു മുൻപ് വീട്ടിനുള്ളിൽ പുകയ്ക്കുന്നത് വീട്ടിനുള്ളിലുള്ള കൊതുകുകളെ പുറത്താക്കാൻ സഹായിക്കും. കൊതുകിന്റെ സാന്ദ്രത കൂടുതലുള്ള ഇടങ്ങളിൽ ജനാലകളും വാതിലുകളും വല ഉപയോഗിച്ച് സംരക്ഷിക്കണം.

കെട്ടിടങ്ങളുടെ അകത്തും പുറത്തും മേൽകൂരകളിലും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പാത്രങ്ങൾ, ചിരട്ടകൾ, തൊണ്ട്, ടയർ, മുട്ടത്തോട്, ടിന്നുകൾ തുടങ്ങിയവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനിൽക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക.

വീട്ടിനുള്ളിൽ പൂച്ചട്ടികൾക്ക് താഴെ വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയിൽ വെള്ളം നിൽക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാൻ സാധ്യതയുണ്ട്. ഇവ ആഴ്ചയിൽ ഒരിക്കൽ എങ്കിലും വൃത്തിയാക്കുക.

വെള്ളം വയ്ക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കുക.

കൊതുക് കടിക്കാതിരിക്കാൻ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല, ലേപനങ്ങൾ ഉപയോഗിക്കുക.

പനിയുള്ളവർ കൊതുകുകടി ഏൽക്കാനുള്ള സാധ്യത പരമാവധി കുറയ്ക്കണം.

പനിയുള്ളപ്പോൾ കുട്ടികളെ പ്ലേ സ്‌കുളുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും അയക്കാതെ ഇരിക്കുക.

പനി പടരുന്നതിനാൽ അനാവശ്യമായ ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കുക.

തിരുവനന്തപുരം: ഗൃഹസന്ദർശന വേളയിൽ പകർച്ചപ്പനി പ്രതിരോധം സംബന്ധിച്ച് ആശാ പ്രവർത്തകർ കൃത്യമായ അവബോധം നൽകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അസാധാരണമായ പനിയോ ക്ഷീണമോ ഉണ്ടെങ്കിൽ ശ്രദ്ധിച്ച് അവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം. ഡെങ്കിപ്പനി, സിക്ക, എലിപ്പനി എന്നിവയിലെല്ലാം പ്രതിരോധം തീർക്കേണ്ടതുണ്ട്. കൊതുകിന്റെ ഉറവിട നശീകരണം നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കുകയാണ്. അതിൽ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യർഥിച്ചു.

സംസ്ഥാനത്തെ പകർച്ചപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജ് ആശാ പ്രവർത്തകരുമായി ഫേസ്ബുക്ക് ലൈവ് വഴി സംവദിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ പകർച്ചപ്പനി പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളിലും ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിലും ഫീൽഡ്തല പ്രവർത്തനങ്ങളിലും ആശമാർ വഹിക്കുന്ന പങ്ക് വലുതാണ്. എല്ലാവരുടേയും പിന്തുണ ഉറപ്പാക്കുന്നതിനാണ് ആശ വർക്കർമാരുമായി മന്ത്രി നേരിട്ട് സംസാരിച്ചത്.

പനി തടയുക, വരാതിരിക്കുക എന്നിവ വളരെ പ്രധാനമാണ്. ജലജന്യ രോഗങ്ങൾ ഒഴിവാക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. മണ്ണുമായും മലിനജലവുമായും സമ്പർക്കത്തിൽ വരുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കേണ്ടതാണ്. കോവിഡ് തുടങ്ങി ആരോഗ്യ പ്രതിസന്ധികളിൽ ഒപ്പം നിന്നവരാണ് ആശമാർ. സ്തുത്യർഹമായ സേവനങ്ങളാണ് എല്ലാവരും നടത്തുന്നത്. സ്വയം പ്രതിരോധം ഉറപ്പ് വരുത്തി ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വിളർച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ‘വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി പത്തനംതിട്ട മൈലപ്ര പഞ്ചായത്ത് മാറി. മെലപ്ര പ്രാഥമികാരോഗ്യ കേന്ദ്രം വഴിയാണ് പരിശോധനയും ചികിത്സയും ഉറപ്പാക്കിയത്. പഞ്ചായത്തിലെ 15 മുതൽ 59 വയസുവരെയുള്ള മുഴുവൻ പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ പരിശോധന നടത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്തു. മികച്ച പ്രവർത്തനം നടത്തി ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായ മൈലപ്രയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ഈ കാമ്പയിനിലൂടെ സംസ്ഥാന വ്യാപകമായി 7.5 ലക്ഷം പേരെ അനീമിയ പരിശോധ നടത്തി ആവശ്യമായവർക്ക് തുടർചികിത്സ ഉറപ്പാക്കി. 15 മുതൽ 59 വയസുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ കാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ മറഞ്ഞിരുന്ന അനേകം പേരുടെ അനീമിയ കണ്ടെത്താനും ചികിത്സ നൽകാനും സാധിച്ചിട്ടുണ്ട്.

ഗ്രാമീണ, നഗര, ട്രൈബൽ, തീരദേശ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് വിവ കേരളം കാമ്പയിൻ സംഘടിപ്പിച്ച് വരുന്നത്. വിവിധ സ്ഥാപനങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശവർക്കർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കായി പ്രത്യേക കാമ്പയിനും നടത്തി വരുന്നു. നേരിയ അനീമിയ ബാധിച്ചവർക്ക് ആഹാരത്തിലും ജീവിതശൈലിയിലും മാറ്റം വരുത്താനുള്ള അവബോധം നൽകുന്നു. സാരമായ അനീമിയ ബാധിച്ചവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി ചികിത്സ നൽകുന്നു. ഗുരുതര അനീമിയ ബാധിച്ചവർക്ക് താലൂക്ക്, ജില്ലാതല ആശുപത്രികൾ വഴി ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഉൾപ്പെടെയുള്ള ചികിത്സ നൽകിവരുന്നു. അനീമിയയ്ക്ക് പ്രധാന കാരണമായ പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് നടപടികളും സ്വീകരിച്ചു വരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന് ഭൂരിഭാഗം പേരും നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. നെഞ്ചെരിച്ചിൽ, വയറെരിച്ചിൽ തുടങ്ങിയവയാണ് അസിഡിറ്റിയുടെ പ്രധാനപ്പെട്ട പ്രശ്നങ്ങൾ. ചിലർക്ക് വയറുവേദനയും അനുഭവപ്പെട്ടേക്കാം.

ഭക്ഷണം കൃത്യമായി കഴിക്കാതിരിക്കുക, ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ, ഭക്ഷണരീതിയിൽ വരുന്ന മാറ്റങ്ങൾ, മാനസിക സംഘർഷം, തുടങ്ങിയവയാണ് അഡിസിറ്റിയ്ക്കുള്ള പ്രധാന കാരണങ്ങൾ. അസിഡിറ്റി തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കഫൈൻ അടങ്ങിയ ഭക്ഷണം പരമാവധി ഡയറ്റിൽ നിന്നും ഒഴിവാക്കുക. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കൊഴുപ്പും എരിവും നിറഞ്ഞ ഭക്ഷണങ്ങൾ എന്നിവയും ഒഴിവാക്കുക. ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ പഴങ്ങൾ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്.

നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കണം. ആരോഗ്യകരമായ ഭക്ഷണമായിരിക്കണം ഏപ്പോഴും പിന്തുടരേണ്ടത്. ഭക്ഷണം കഴിച്ചയുടനുളള ഉറക്കം ഒഴിവാക്കുക. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നത് അത്ര നല്ലതല്ല. അതിനാൽ ആഹാരം കഴിവതും നേരത്തെയാക്കാൻ ശ്രമിക്കണം. അസിഡിറ്റി തടയാൻ ധാരാളം വെള്ളം കുടിക്കണം.

ഉരുളക്കിഴങ്ങ്, ബീൻസ് എന്നിവയും അസിഡിറ്റി ഉണ്ടാക്കാം. ഇവ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ചിലരിൽ പാൽ, ചായ, വെണ്ണ എന്നിവയും അസിഡിറ്റി ഉണ്ടാക്കാം. അവയും തെരഞ്ഞെടുത്ത് ഒഴിവാക്കാം. സോയാബീൻ, ഓട്‌സ്, അണ്ടിപ്പരിപ്പ് തുടങ്ങിയ പലതും ചിലർക്ക് അസിഡിറ്റി ഉണ്ടാക്കാം. അച്ചാറുകളും അധികം കഴിക്കരുത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മിഠായി അടക്കമുളള ഭക്ഷ്യവസ്തുക്കൾ ശീതള പാനീയങ്ങൾ തുടങ്ങിയവ പാകം ചെയ്യുന്നതും വിതരണം നടത്തുന്നതുമായ മുഴുവൻ സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇത്തരം സ്ഥാപനങ്ങളിൽ ശുചിത്വം പാലിക്കുകയും ഉത്പന്നങ്ങൾക്ക് ഗുണനിലവാരം ഉറപ്പുവരുത്തുകയും വേണം.

ബഹുവർണ്ണ കടലാസുകളിലും, പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും പൊതിഞ്ഞ് വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, നിർമ്മാണ കമ്പനിയുടെ വിലാസം, കാലാവധി സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. അതിന് വിമുഖത കാണിക്കുന്ന കമ്പനികൾക്കെതിരെയും വിതരണവും, വിൽപ്പനയും നടത്തുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കണം. ലൈസൻസ് ഇല്ലാതെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ശീതളപാനീയ വിതരണ കേന്ദ്രങ്ങൾ, കഫേകൾ എന്നിവ പ്രവർത്തിക്കുന്നില്ലെന്നും മുഴുവൻ സ്ഥാപനങ്ങളിലെ ജീവനക്കാരും ആരോഗ്യകാർഡുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, അംഗം ശ്യാമളാദേവി പി.പി. എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെതാണ് ഉത്തരവ്.