എന്താണ് ഡയബെറ്റിക് റെറ്റിനോപ്പതി; അറിയണം ഇക്കാര്യങ്ങൾ
എന്താണ് ഡയബെറ്റിക് റെറ്റിനോപ്പതിയെന്ന് നമ്മളിൽ പലർക്കും അറിയില്ല. പ്രമേഹത്തിന്റെ അനന്തരഫലമായി ബാധിക്കാവുന്നൊരു പ്രശ്‌നമാണ് ഡയബെറ്റിക് റെറ്റിനോപ്പതി. പ്രമേഹരോഗികളിൽ കണ്ടുവരുന്ന, കണ്ണുകളെ ബാധിക്കുന്ന പ്രശ്‌നമാണിത്. പ്രമേഹം ബാധിച്ച് കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയാണിത്.
കണ്ണിലെ റെറ്റിനയെന്ന ഭാഗത്തെ നേരിയ രക്തക്കുഴലുകൾ പ്രമേഹത്തിന്റെ ഭാഗമായി ബാധിക്കപ്പെടുന്നതോടെയാണ് ഡയബെറ്റിക് റെറ്റിനോപ്പതി പിടിപെടുന്നത്. പ്രമേഹം നിയന്ത്രിക്കാതെ മുന്നോട്ട് പോകുന്നതിലൂടെയും പ്രമേഹം അധികരിക്കുന്നതിലൂടെയുമാണ് ഇത് സംഭവിക്കുന്നത്. ചിലരിൽ ഡയബെറ്റിക് റെറ്റിനോപ്പതി വലിയ ആഘാതമുണ്ടാക്കാതിരിക്കുമ്പോൾ മറ്റ് ചിലരിൽ ഇത് കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആദ്യഘട്ടങ്ങളിൽ ഡയബെറ്റിക് റെറ്റിനോപ്പതിയിൽ കാര്യമായ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ചെറിയ കാഴ്ച മങ്ങൽ പോലെ തോന്നാം. പിന്നീട് പതിയെ ഈ മങ്ങൽ കൂടും. കണ്ണിൽ ചെറിയ കുത്തുകളുള്ളത് പോലെയോ വരകളുള്ളത് പോലെയോ തോന്നുക, കാഴ്ച മങ്ങിമങ്ങിപ്പോവുക, കാണുന്ന കാഴ്ച തന്നെ പലതായി തോന്നുക, ഇരുട്ട് മൂടുകയോ, അല്ലെങ്കിൽ ഒന്നും കാണാത്ത പോലെയോ തോന്നുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം പിന്നീട് പ്രകടമായി തുടങ്ങും. ഈ ലക്ഷ്ണങ്ങളൊന്നും ശ്രദ്ധിച്ചില്ലെങ്കിലും ചികിത്സ തേടിയില്ലെങ്കിലോ പിന്നീട് കാഴ്ച്ച നഷ്ടപ്പെടുന്നതിന് വരെ കാരണമാകും.










