എന്താണ് പാർവോ വൈറസ്; വിശദ വിവരങ്ങൾ അറിയാം…

വീടുകളിൽ വളർത്തുന്നതും അല്ലാത്തതുമായ നായ്ക്കളിൽ കണ്ടുവരുന്ന ഒരു പകർച്ചവ്യാധിയാണ് പാർവോ വൈറസ് രോഗബാധ. ചെറിയ നായ്ക്കുട്ടികളിൽ, അതായത് 12 ആഴ്ചയ്ക്ക് താഴെ പ്രായമുള്ളവയുടെ മരണത്തിനു കാരണമാകുന്ന രോഗബാധയാണിത്. രക്തം കലർന്ന വയറിളക്കവും ഛർദ്ദിയുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങളുടെ തുടക്കത്തിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കിയാൽ ഒരു പരിധിവരെ ജീവൻ രക്ഷിക്കാൻ കഴിയും.

മാംസഭുക്കുകളായ മൃഗങ്ങൾക്ക് ഉണ്ടാകുന്ന രോഗബാധയാണ് പാർവോ. ഇതിൽ കനെയ്ൻ പാർവോ വൈറസ് -2 എന്ന വകഭേദമാണ് ഇന്നീ കാണുന്ന രീതിയിലുള്ള രോഗബാധ ഉണ്ടാക്കുന്നത്. പെട്ടെന്ന് വിഭജിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെയാണ് ഈ വൈറസ് ബാധിക്കുന്നത്. നായ്ക്കുട്ടികളുടെ പ്രതിരോധ ശേഷിക്കുറവ്, വിരബാധ, പ്രതികൂല കാലാവസ്ഥ, വൃത്തിഹീനമായ ചുറ്റുപാടുകൾ എന്നിവ രോഗബാധയുടെയും വ്യാപനത്തിന്റെയും തോത് ഉയർത്തും. ശരീര ശ്രവങ്ങൾ വഴിയാണ് ഈ രോഗം പകരുന്നത്. നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ, ചെരുപ്പ്, വസ്ത്രങ്ങൾ, മറ്റു വസ്തുക്കൾ എന്നിവയിൽ വൈറസുള്ള സ്രവങ്ങൾ പുരണ്ടിട്ടുണ്ടെങ്കിൽ അതുമായി സമ്പർക്കത്തിൽ വരുന്ന നായ്ക്കൾക്കും രോഗം പിടിപെടാം.

രോഗബാധ ഉണ്ടായതിനുശേഷം 4-7 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. രോഗബാധയുള്ള നായ്ക്കൾ പനി, അതിയായ ഛർദ്ദി, വയറിളക്കം, ക്ഷീണം, നിർജലീകരണം എന്നീ ലക്ഷണങ്ങൾ പ്രകടമാക്കും. 6-24 മണിക്കൂറിനുശേഷം രക്തം കലർന്ന വയറിളക്കം ഉണ്ടാകാം.