അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പതിനഞ്ചുകാരൻ മരിച്ചു; നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പതിനഞ്ചുകാരൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്നത് വിരളമായി മാത്രമേ സംഭവിക്കുന്ന കാര്യമാണെന്നും ആലപ്പുഴയിൽ പതിനഞ്ചുകാരൻ ഇത്തരത്തിൽ മരിച്ചത് നിർഭാഗ്യകരമാണെന്നും വീണാ ജോർജ് വ്യക്തമാക്കി.

പതിനായിരത്തിൽ ഒരാൾക്ക് എന്ന നിലയ്ക്ക് പ്രകടമാകുന്ന അവസ്ഥയാണിത്. മനുഷ്യ ശരീരത്തിലേക്ക് കടന്ന് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. ഈ അമീബ അറിയപ്പെടുന്നതു തന്നെ ബ്രെയിൻ ഈറ്റർ എന്നാണ്. ഇരുപത്തിയൊമ്പതാം തീയതിയാണ് കുട്ടിക്ക് പനി ആരംഭിച്ചത്. തുടർന്ന് തലവേദന, കാഴ്ച്ചമങ്ങൽ, തുടങ്ങിയവയൊക്കെ കണ്ടതോടെയാണ് ഒന്നാം തീയതി തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പരസ്പരബന്ധമില്ലാത്ത പെരുമാറ്റവും മറ്റ് അസ്വസ്ഥതകളും പ്രകടിപ്പിച്ചതോടെ മസ്തിഷ്‌കജ്വരം ആണെന്ന് സംശയിക്കുകയും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തുവെന്നും തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും വീണാ ജോർജ് വിശദമാക്കി.

പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌ക ജ്വരം ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു. പനി,തലവേദന, ഛർദി, അപസ്മാരം തുടങ്ങിയവയാണ് ഇതിന്റെ രോഗലക്ഷണങ്ങൾ.