സൗജന്യ ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) പണമില്ലാത്തതിനാൽ പ്രതിസന്ധിയിൽ. നിലവിൽ, മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികൾക്ക് 727.79 കോടി രൂപയും സ്വകാര്യ ആശുപത്രികൾക്ക് 159.30 കോടി രൂപയുമടക്കം 887.09 കോടി രൂപയാണു കുടിശിക വന്നിരിക്കുന്നത്. സാധാരണക്കാരായ 42 ലക്ഷം ജനങ്ങൾക്കു സഹായം നൽകിയിരുന്ന പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി.
ഈ സാമ്പത്തിക വർഷം ആകെ 338 കോടി രൂപയാണ് സർക്കാർ പദ്ധതിയ്ക്കായി അനുവദിച്ചത്. ചികിത്സയ്ക്കു ചെലവാകുന്ന മൊത്തം തുകയിൽ 20% വരെ മാത്രമേ ഇപ്പോൾ സൗജന്യമായി രോഗികൾക്ക് ലഭിക്കുന്നുള്ളൂ. ബാക്കിയുള്ള തുക രോഗി തന്റെ കയ്യിൽ നിന്നും ചെലവഴിക്കണം. അതിദരിദ്രരായ 62,000 കുടുംബങ്ങൾ ഉൾപ്പെടെയാണു പദ്ധതിയിൽ ഉൾപ്പെട്ടിട്ടും ചികിത്സാ സൗജന്യമില്ലാതെ വലയുന്നത്.

