Health (Page 54)

മുടി കളർ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ മുടി കളർ ചെയ്ത് കഴിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ കളർ മങ്ങി വരുന്നതായി കാണപ്പെടാറുണ്ട്. മുടിയുടെ പരിപാലനത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടിയുടെ കളർ ഏറെ കാലം നിലനിർത്താൻ കഴിയും. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മുടി കളർ ചെയ്തതിന് മൂന്ന് ദിവസത്തിന് ശേഷം മാത്രം തലമുടി കഴുകാൻ പാടുള്ളു. മുടിയിൽ സൾഫേറ്റ് ഫ്രീ ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കണ്ടീഷണർ പുരട്ടിയതിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുടി കഴുകുക.

ചൂട് വെള്ളത്തിൽ മുടി കഴുന്നത് ഒഴിവാക്കണം. മുടി ഷാംപൂ ഉപയോഗിച്ച് കഴുകിയതിന് ശേഷം കണ്ടീഷനർ ഉപയോഗിക്കണം. ഹെയർ സ്റ്റൈലിങ് ചെയ്യുന്നതിന് മുമ്പായി ഹീറ്റ്-പ്രൊട്ടക്ടന്റ് സ്പ്രേ ഉപയോഗിക്കുന്നതും നല്ലതാണ്. തുടർച്ചയായി തലമുടിയിൽ ചൂട് ഉപയോഗിച്ചുകൊണ്ട് സ്റ്റൈലിങ് ചെയ്യുന്നത് ഒഴിവാക്കുകയും വേണം.

തിരുവനന്തപുരം:കേരളത്തിലെ ആയുഷ് മേഖലയിലെ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ അംഗീകരിക്കുന്നു എന്നുള്ളത് അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുഷ് മേഖലയ്ക്ക് ഈ സർക്കാർ വലിയ പ്രാധാന്യം നൽകിയാണ് മുന്നോട്ട് പോകുന്നുത്. കേരളത്തെ ഹെൽത്ത് ഹബ്ബാക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പ്രചോദനമായ പ്രവർത്തനങ്ങളാണ് ആയുഷ് വകുപ്പ് നടത്തുന്നത്. സർക്കാർ മേഖലയേയും സ്വകാര്യ മേഖലയേയും കോർത്തിണക്കി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി. ആയുഷ് മേഖലയെപ്പറ്റി ജനങ്ങൾക്ക് അടുത്തറിയാനായുള്ള പുതിയ വെബ്‌സൈറ്റിന്റേയും പ്രസിദ്ധീകണങ്ങളുടേയും പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന ആയുഷ് വകുപ്പിന് കീഴിൽ ഒരു കേന്ദ്രീകൃത ഐഇസി വിങ് സജ്ജമാക്കിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അതിൽ പ്രമുഖമായ ഒന്ന് ആശാ പ്രവർത്തകർക്കായുള്ള പരിശീലന കൈപ്പുസ്തകം ആണ്. സംസ്ഥാനത്ത് നിലവിൽ 520 ‘ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ’ പ്രവർത്തിക്കുന്നു. ഈ വർഷം പുതിയ 80 കേന്ദ്രങ്ങൾ കൂടി നവീകരിക്കും. ഈ സ്ഥാപനങ്ങൾ വഴി മാതൃ – ശിശു ആരോഗ്യം, സമഗ്ര കൗമാരാരോഗ്യം, ക്രിയാത്മകമായ വാർദ്ധക്യം എന്നിവ അടിസ്ഥാനമാക്കി പ്രത്യേക സേവനം നൽകാൻ പദ്ധതിയുണ്ട്.

സംസ്ഥാന ആയുഷിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാനാണ് വളരെ പ്രസക്തവും ആധികാരികവുമായ ഒരു വെബ്‌സൈറ്റ് ആയുഷ് മിഷൻ സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിലെ സവിശേഷമായ ആയുർവേദവും ഹോമിയോപ്പതിയും യോഗയും സിദ്ധയും യുനാനിയും അടങ്ങുന്ന ആയുഷ് ചികിത്സകളുടെ പെരുമ ലോകശ്രദ്ധ ഏറ്റുവാങ്ങുന്ന ഈ കാലഘട്ടത്തിൽ, വെബ്‌സൈറ്റ് കേരളത്തിൽ നടക്കുന്ന സവിശേഷവും നൂതനവുമായ എല്ലാ ആയുഷ് പ്രവർത്തനങ്ങളിലേക്കും തുറക്കുന്ന ഒരു ജാലകമായി പൊതുജനങ്ങൾക്ക് മുന്നിൽ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ ആയുഷ് വിജയ മാതൃകകളായ, ജനനി, സ്‌പോർട്‌സ് ആയുർവേദ, ആയുഷ് യോഗാ ക്ലബ്ബുകൾ തുടങ്ങിയ വിവിധങ്ങളായ പദ്ധതികളെ ലോകത്തിനുമുന്നിൽ പരിചയപെടുത്തുന്നതാണ് അവബോധ വീഡോയോകൾ.

കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണത്തിനെ കുറിച്ചുള്ള അറിവ് നൽകുവാനും നാഷണൽ ആയുഷ് മിഷനു കീഴിൽ പ്രവർത്തിക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയിലെ കേരളമെമ്പാടുമുള്ള ഡോക്ടർമാരുടെ ലേഖനങ്ങളുടെ ഒരു സമാഹാരമാണ് ‘അറിയാം കർക്കിടകത്തിലെ ആരോഗ്യം’ എന്ന പുസ്തകം.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത് ബാബു, ഹോമിയോപ്പതി ഡയറക്ടർ ഡോ. എം.എൻ. വിജയാംബിക, ഐ.എസ്.എം. ഡയറക്ടർ ഡോ. കെ.എസ്. പ്രിയ, എൻ.എച്ച്.എം. സോഷ്യൽ ഹെഡ് സീന, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ, ഹോമിയോപ്പതി മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. എ.എസ്. ഷീല, പ്രോഗ്രാം മാനേജർമാരായ ഡോ. പി.ആർ. സജി, ഡോ. ജയനാരായണൻ എന്നിവർ പങ്കെടുത്തു.

കൊച്ചി : ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ അധ്യക്ഷൻ പി സതീദേവി. കുറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ച്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനും കമ്മീഷൻ ഉത്തരവിട്ടു. സിനിമയിലെ പോലെ സീരിയൽ മേഖലയിലും പരാതി പരിഹാര സെൽ സ്ഥാപിക്കണമെന്നും സതീദേവി അഭിപ്രായപ്പെട്ടു. കത്രിക മറന്നു വയറ്റിൽ വച്ച സംഭവത്തിൽ ഹർഷിനയ്‌ക്കെതിരെയാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയത്. ഉപകരണം എവിടെ നിന്ന് മറന്നു വച്ചതാണെന്ന് തെളിയിക്കാനായില്ലെന്നും കത്രിക മെഡിക്കൽ കോളേജിലേതല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേ സമയം ഈ മെഡിക്കൽ റിപ്പോർട്ടിൽ ആശുപത്രി എ സി പി സുദർശനൻ, പ്രോസിക്യൂട്ടർ ജയ്ദീപ് എന്നിവർ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പോലീസ് കണ്ടെത്തിയിരിക്കുന്നത് മൂന്നാമത്തെ ശസ്ത്രക്രിയ വരെ ഹർഷിനയുടെ ശരീരത്തിൽ ലോഹങ്ങൾ ഇല്ലായിരുന്നെന്നാണ്. എന്നാൽ പോലീസ് നിഗമനത്തെ തള്ളി കളയുകയാണ് റേഡിയോളോജിസ്റ്റ്. എം ആർ ഐ സ്കാനിംഗ് സമയത് ലോഹസാന്നിധ്യം അറിയാൻ കഴിയില്ലെന്നും രോഗിയ്ക്ക് ബോധം ഇല്ലാത്തതിനാൽ അസ്വസ്ഥത അറിയില്ലെന്നുമാണ് റേഡിയോളജിസ്റ്റ് വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തിയ 21 കുട്ടികളുടെ സ്പീച്ച് പ്രോസസർ അടിയന്തിരപരിഗണന നൽകി അപ്ഗ്രേഡ് ചെയ്തതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

ശ്രുതിതരംഗം പദ്ധതി 2023-24 സാമ്പത്തിക വർഷം മുതൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേന നടപ്പാക്കുന്നതിന് തീരുമാനിച്ചുവെങ്കിലും പദ്ധതിയ്ക്കു കീഴിൽ കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തിയ കുട്ടികളുടെ ഉപകരണങ്ങൾ അടിയന്തിരമായി അപ്ഗ്രേഡ് ചെയ്തു നൽകണമെന്ന് ആവശ്യമുയർന്നിരുന്നു. പദ്ധതികൈമാറ്റവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ വിഷയം പരിഗണിച്ചു. ശ്രുതിതരംഗം പദ്ധതിയുടെ ഉപപദ്ധതിയിലുൾപ്പെടുത്തി അർഹരായ 25 അപേക്ഷകരിൽ 21 പേർക്ക് ഉപകരണങ്ങൾ അപ്ഗ്രേഡ് ചെയ്തു നൽകി. അപ്ഗ്രഡേഷനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി അനുവദിച്ച തുകയിൽ നിന്നും 55,84,052 രൂപ ഇതിനായി വിനിയോഗിച്ചു.

അവശേഷിക്കുന്ന കുട്ടികൾക്കുള്ള അപ്ഗ്രഡേഷൻ നടപടികൾ ഉടൻ പൂർത്തിയാക്കും. ഇനി മുതൽ ശ്രുതിതരംഗം പദ്ധതിയും സ്പീച്ച് പ്രോസസർ അപ്ഗ്രഡേഷനുള്ള ധ്വനി, ഉപകരണങ്ങളുടെ മെയിന്റനൻസ് എന്നീ അനുബന്ധ പദ്ധതികളും ആരോഗ്യവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേനയായിരിക്കും നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ‘ആശ്വാസ കിരണം’ പദ്ധതിയുടെ 2023-24 സാമ്പത്തിക വർഷത്തെ നടത്തിപ്പിനായി പതിനഞ്ച് കോടി രൂപ ചെലവഴിക്കാൻ അനുമതി നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും മറ്റു ഗുരുതര രോഗമുള്ളവരെയും ഒരു മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമായ കിടപ്പിലായ രോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ നിരക്കിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന ധനസഹായം നൽകുന്ന പദ്ധതിയാണ് ‘ആശ്വാസ കിരണം’. ആശ്വാസകിരണം പദ്ധതി നടത്തിപ്പിനായി 2023-24 സാമ്പത്തിക വർഷം ബജറ്റ് വിഹിതമായി 54 കോടി രൂപ വകയിരുത്തിയതിൽ നിന്നാണ് 15 കോടി രൂപ വിനിയോഗിക്കാൻ അനുമതിയായത്.

ആശ്വാസകിരണം പദ്ധതിക്ക് കീഴിലുള്ള എല്ലാ ഗുണഭോക്താക്കളുടേയും ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ ലിങ്ക് ചെയ്യൽ തുടങ്ങിയ നടപടിക്രമങ്ങൾ നിർബന്ധമായും പൂർത്തീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് പുതിനയില. അതിനാൽ തന്നെ ദഹന പ്രശ്‌നമുള്ളവർക്ക് ഏറ്റവും മികച്ച ഒന്നാണിത്. ദഹനപ്രക്രിയ വേഗത്തിൽ ആക്കാൻ ഇത് സഹായിക്കും. അസിഡിറ്റി ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങൾക്കും ഇത് പരിഹാരമാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും പുതിനയില സഹായിക്കും.

പുതിനയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇതാണ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത്. ആസ്ത്മാ രോഗികൾ പുതിനയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയേറെ ഗുണം ചെയ്യും. ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇവ ശ്വസന പ്രക്രിയയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ ഒഴിവാക്കും.

ചർമ്മത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. മുഖക്കുരുവിനെ തടയാനുള്ള കഴിവും പുതിനയിലയ്ക്കുണ്ട്. വായ്‌നാറ്റം അകറ്റാനും പുതിനയില നല്ലതാണ്. പതിവായി പുതിന വെള്ളം കുടിക്കുന്നതിലൂടെ ആരോഗ്യപരമായ പല ഗുണങ്ങളും ലഭിക്കും. സമ്മർദ്ദത്തെയും ഉത്കണ്ഠയെയും മറികടക്കാനും ഇത് സഹായകമാണ്.

തിരുവനന്തപുരം: നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാൻ ഒ.ആർ.എസ്. അഥവാ ഓറൽ റീ ഹൈഡ്രേഷൻ സാൾട്ട്‌സ് ഏറെ ഫലപ്രദമായ മാർഗമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ലോകത്ത് അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ മരണ കാരണങ്ങളിൽ വയറിളക്ക രോഗങ്ങൾ മുന്നിലാണ്. ഒ.ആർ.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവൻ രക്ഷിക്കാനാകും. ഒ.ആർ.എസ്. തക്കസമയം നൽകുന്നതിലൂടെ ശരീരത്തിൽ നിന്നും ജലാംശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ, ഷിഗല്ല രോഗങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാനാകും. കേരളത്തിലെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആർ.എസ്. സൗജന്യമായി ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ഒ.ആർ.എസിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിനും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമാണ് എല്ലാ വർഷവും ജൂലൈ 29 ന് ഒ.ആർ.എസ്. ദിനം ആചരിക്കുന്നത്. ഒ.ആർ.എസിൽ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടേയോ നിർദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ.ആർ.എസ്. ലായനി കൊടുക്കണം. രോഗിക്ക് ഛർദ്ദി ഉണ്ടെങ്കിൽ ഇടയ്ക്കിടെ കുറഞ്ഞ അളവിൽ ഒ.ആർ.എസ്. ലായനി നൽകണം. ചർദ്ദിലോ വയറിളക്കമോ തുടരുന്നെങ്കിൽ എത്രയും വേഗം വൈദ്യസഹായം തേടണം.

ഒ.ആർ.എസ്. ഉപയോഗിക്കേണ്ട വിധം

· വൃത്തിയുള്ള പാത്രത്തിൽ ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളം എടുക്കുക.

· ഒരു പാക്കറ്റ് ഒ.ആർ.എസ്. വെള്ളത്തിലിട്ട് വൃത്തിയുള്ള സ്പൂൺ കൊണ്ട് ഇളക്കുക.

· വയറിളക്ക രോഗികൾക്ക് ഈ ലായനി നൽകണം.

· കുഞ്ഞുങ്ങൾക്ക് ചെറിയ അളവിൽ നൽകാം. ഛർദ്ദിയുണ്ടെങ്കിൽ 5 മുതൽ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നൽകുക

· ഒരിക്കൽ തയ്യാറാക്കിയ ലായനി 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം.

എല്ലാവരും വീട്ടിൽ പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ ഒ.ആർ.എസ്. പാക്കറ്റ് കരുതുക. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുക. അതോടൊപ്പം ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുക. ഒരു ഒരാൾ പോലും നിർജലീകരണം മൂലം മരണപ്പെടരുത്. ഈ പ്രവർത്തനങ്ങളിൽ നമുക്ക് എല്ലാവർക്കും പങ്കാളികളാകാം.

ലോക ഒ.ആർ.എസ്. ദിനാചരണത്തോട് അനുബന്ധിച്ചുള്ള പോസ്റ്റർ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. നന്ദകുമാർ, നോഡൽ ഓഫീസർ ഡോ. ബിനോയ് എസ്. ബാബു എന്നിവർ പങ്കെടുത്തു.

ഇന്ന് പലരിലും കണ്ടുവരുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രമേഹ രോഗികൾ അന്നജം കുറഞ്ഞ, ഗ്ലൈസമിക് ഇൻഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. പ്രമേഹരോഗികൾ ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പ്രമേഹ രോഗികൾ പഞ്ചസാര ധാരാളം അടങ്ങിയ കേക്ക്, കാന്റി, ചോക്ലേറ്റ് തുടങ്ങിയ ബേക്കറി സാധനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ജീസസ് സോസേജ് തുടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങളിലും അമിതമായി പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയും ഒഴിവാക്കാൻ ശ്രദ്ധിക്കണം.

പ്രമേഹരോഗികൾ കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ നിന്ന് ഒഴിവാക്കണം. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കുറയ്ക്കണം. ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് ഉൾപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുന്നതും നല്ലതല്ല. വെള്ള റൊട്ടി, പാസ്ത, ചില ധാന്യങ്ങൾ, ബിസ്‌ക്കറ്റ്, ബേക്കറി സാധനങ്ങൾ തുടങ്ങിയവ ഒഴിവാക്കണം.

തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിനാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഏതെങ്കിലും കാരണത്താൽ വാക്‌സിൻ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ കുട്ടികൾക്കും ഗർഭിണികൾക്കും വാക്‌സിൻ നൽകാനും കോവിഡ് മൂലം പ്രതിരോധ കുത്തിവെപ്പ് പരിപാടിയിൽ ഉണ്ടായ കുറവ് നികത്താനുമാണ് ഈ വർഷം മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 നടപ്പാക്കുന്നത്.

കുട്ടികളും ഗർഭിണികളും പൂർണമായി വാക്‌സിൻ എടുക്കാത്തതുമൂലം ഒരു പ്രദേശത്ത് ഉണ്ടാകാൻ സാധ്യതയുളള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി ഈ തീവ്രയജ്ഞ പരിപാടി എല്ലാ ജില്ലകളിലും നടപ്പാക്കുന്നു. ഇതിനായി എല്ലാവരുടേയും പിന്തുണയും മന്ത്രി അഭ്യർഥിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മീഡിയ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മൂന്ന് ഘട്ടങ്ങളിലായാണ് മിഷൻ ഇന്ദ്രധനുഷ് 5.0 നടത്തുന്നത്. ഒന്നാം ഘട്ടം ഓഗസ്റ്റ് 7 മുതൽ 12 വരെയും രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മുന്നാം ഘട്ടം ഒക്ടോബർ 9 മുതൽ 14 വരേയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്‌സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് സമയക്രമം.

കേരളത്തിലെ എല്ലാ ജില്ലകളിലും മിഷൻ ഇന്ദ്രധനുഷ് 5.0 നടപ്പാക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ കൂടുതൽ പ്രാമുഖ്യം നൽകും.

പ്രായാനുസൃതമായ ഡോസുകൾ എടുക്കാൻ വിട്ടുപോയ 0-23 മാസം പ്രായമുളള കുട്ടികളെയും എം.ആർ 1, എം.ആർ.2, ഡി.പി.റ്റി ബൂസ്റ്റർ, ഒപിവി ബൂസ്റ്റർ ഡോസുകൾ എന്നിവ ദേശീയ വാക്‌സിനേഷൻ പട്ടിക പ്രകാരം എടുക്കാൻ വിട്ടുപോയ 2 മുതൽ 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികൾക്കും പൂർണമായോ ഭാഗികമായോ വാക്‌സിൻ ദേശീയ വാക്‌സിനേഷൻ പട്ടിക പ്രകാരം എടുക്കാത്ത ഗർഭിണികൾക്കുമാണ് ഈ പരിപാടിയിലൂടെ വാക്‌സിൻ നൽകുന്നത്.

സംസ്ഥാനത്ത് 18,744 ഗർഭിണികളെയും 2 വയസ് വരെയുളള 61,752 കുട്ടികളെയും 2 മുതൽ 5 വയസ് വരെയുളള 54,837 കുട്ടികളെയുമാണ് (ആകെ 1,16,589 കുട്ടികൾ) വാക്‌സിൻ നൽകാനായി കണ്ടെത്തിയിട്ടുളളത്. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഗുണഭോക്താക്കൾക്ക് എത്തിച്ചേരാൻ സൗകര്യപ്രദമായ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വച്ച് വാക്‌സിനേഷൻ നൽകും. കൂടാതെ എത്തിപ്പെടാൻ ബുദ്ധിമുട്ടുളള സ്ഥലങ്ങളിൽ മൊബൈൽ ടീമിന്റെ സഹായത്തോടെ വാക്‌സിനേഷൻ നൽകുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആകെ 10,086 സെഷനുകൾ പ്ലാൻ ചെയ്തതിൽ 289 എണ്ണം മൊബൈൽ സെഷനുകളാണ്. പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്. എൻമാരാണ് വാക്‌സിൻ നൽകുന്നത്.

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 7ന് തിരുവന്തപുരം പൂന്തുറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും.

ആരോഗ്യ വകുപ്പ് ഡയറക്ടർ കെ.ജെ. റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ യുനിസെഫ് കേരള, തമിഴ്‌നാട് ഫീൽഡ് ഓഫീസ് ചീഫ് കെ.എൽ. റാവു, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി എന്നിവർ സംസാരിച്ചു.

യൂണിസെഫ് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. കൗശിക് ഗാംഗുലി, കമ്മ്യൂണിക്കേഷൻ സ്‌പെഷ്യലിസ്റ്റ് ദിവ്യ ശ്യാംസുധീർ ബണ്ടി, ഡബ്ല്യു.എച്ച്.ഒ. സർവയലൻസ് മെഡിക്കൽ ഓഫീസർ ഡോ. സി. പ്രതാപ ചന്ദ്രൻ, അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി, എസ്.എ.ടി. ആശുപത്രി അസി. പ്രൊഫസർ ഡോ. പ്രിയ ശ്രീനിവാസൻ, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ കെ.എൻ. അജയ് എന്നിവർ വിവിധ വിഷയങ്ങൾ സംബന്ധിച്ച് സംസാരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ട്രോക്ക് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രധാന മെഡിക്കൽ കോളേജുകളിലും ആരോഗ്യ വകുപ്പിന് കീഴിൽ 10 ജില്ലാതല ആശുപത്രികളിലും സ്ട്രോക്ക് ചികിത്സ നിലവിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോളജി വിഭാഗത്തിന് കീഴിലുള്ള രാജ്യത്തെ ആദ്യ ന്യൂറോ കാത്ത് ലാബ് ഉൾപ്പെട്ട സമ്പൂർണ സ്ട്രോക്ക് യൂണിറ്റ് സജ്ജമാക്കി. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിന്റെ കൂടിയടിസ്ഥാനത്തിൽ 14 ജില്ലകളിലും സ്ട്രോക്ക് സംവിധാനം ശക്തിപ്പെടുത്താനുള്ള പ്രത്യേക പ്രോജക്ട് തയ്യാറാക്കാൻ ആരോഗ്യ വകുപ്പിന് മന്ത്രി നിർദേശം നൽകി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വച്ചു നടന്ന സ്ട്രോക്ക് പഠന ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പക്ഷാഘാതം അഥവാ സ്ട്രോക്ക് വന്ന രോഗികൾക്ക് രണ്ടാമതും സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് പ്രാഥമിക ഇടപെടലിലൂടെ എങ്ങനെ വീണ്ടും സ്ട്രോക്ക് വരാതെ ആരോഗ്യം സംരക്ഷിക്കാം എന്നുള്ളതിനെ കുറിച്ച് ആരോഗ്യ വകുപ്പിന് വേണ്ടി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പക്ഷാഘാത ചികിത്സാ വിഭാഗം നടത്തിയ പഠന റിപ്പോർട്ട് ശിൽപശാലയിൽ അവതരിപ്പിച്ചു. ഒരു വർഷം നീണ്ട പഠനം 896 സ്ട്രോക്ക് വന്ന രോഗികളിലാണ് നടത്തിയത്. പക്ഷാഘാതം വന്ന രോഗികളിൽ 35% പേർ മാത്രമേ ആറുമാസത്തിനുള്ളിൽ ബ്ലഡ് പ്രഷർ, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയ പരിശോധനകൾ നടത്തിയിട്ടുള്ളൂ എന്നാണ് പഠന റിപ്പോർട്ട്.

കൊല്ലം ജില്ലയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. അതിനായി ആരോഗ്യവകുപ്പിന് കീഴിൽ കൊല്ലം ജില്ലയിലെ എല്ലാ ഫീൽഡ്തല ജീവനക്കാർക്കും ആശാപ്രവർത്തകർക്കും പക്ഷാഘാതം വന്നവർക്ക് ചെയ്യേണ്ട തുടർനടപടികളുടെ വിദഗ്ധ പരിശീലനം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റ്യൂട്ടിന്റെ ഭാഗമായി നൽകുകയുണ്ടായി. പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവർത്തകർ സ്ട്രോക്ക് വന്ന രോഗികളുടെ വീടുകളിൽ പോയി വൈദ്യ സഹായങ്ങളും മറ്റ് അനുബന്ധ സേവനങ്ങളും നൽകുകയുണ്ടായി. സ്ട്രോക്ക് വന്നവരുടെ പരിചരണം, കൃത്യമായി മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, ഫിസിയോ തെറാപ്പി, ബിപിയും, ഷുഗറും നിരീക്ഷിക്കൽ എന്നിവ ഉറപ്പാക്കി. സ്ട്രോക്ക് വന്ന രോഗി തീരെ കിടപ്പിലായി പോകാതെ അവരുടെ കൈകാലുകൾ ചലിപ്പിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും വേണ്ടിവരുന്ന ഫിസിയോതെറാപ്പി കൂടി ആരോഗ്യ പ്രവർത്തകർ ഇന്റർവെൻഷന്റെ ഭാഗമായി നൽകി.

ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഉപാധികൾ, കഴിക്കേണ്ട ഭക്ഷണം, പ്രവർത്തനങ്ങൾ, ഫിസിയോതെറാപ്പി എന്നിവയെക്കുറിച്ചുള്ള സന്ദേശങ്ങളും പക്ഷാഘാതം വന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ആരോഗ്യ വകുപ്പ് എസ്.എം.എസ്. അയയ്ക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായി കൊല്ലം ജില്ലയിലെ പക്ഷാഘാതം വന്ന രോഗികളുടെ ആരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ സഹായകരമായതായി പഠനം വിലയിരുത്തുന്നു.

പഠനത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർ സ്ട്രോക്ക് വന്ന രോഗികളെ നിരീക്ഷിക്കാനും എൻസിഡി ക്ലിനിക്ക് വഴി തുടർപരിചരണം ഉറപ്പാക്കാനും നിർദേശം നൽകി.