Health (Page 55)

കോഴിക്കോട്: നിങ്ങളുടെ കുട്ടികളുടെ ഏതെങ്കിലും തരത്തിലുള്ള പ്രതിരോധ കുത്തിവെപ്പ് മുടങ്ങിയിട്ടുണ്ടോ? പേടിക്കേണ്ട. ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന സമ്പൂർണ വാക്‌സിനേഷൻ യജ്ഞമായ മിഷൻ ഇന്ദ്രധനുഷിലൂടെ മുടങ്ങിയ കുത്തിവെപ്പുകൾ പൂർത്തിയാക്കാം. അഞ്ച് വയസ്സ് വരെയുള്ള കുട്ടികളിലെയും ഗർഭിണികളിലെയും പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യജ്ഞമാണ് മിഷൻ ഇന്ദ്രധനുഷ് 5.0.

യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഔട്ട് റീച്ച് കേന്ദ്രങ്ങളിലും ഊർജ്ജിതമായി പ്രതിരോധ കുത്തിവെപ്പുകൾ നൽകും. പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ഇമ്മ്യൂണൈസേഷൻ പൂർത്തീകരിക്കാൻ കഴിയും വിധം വീടുവീടാന്തരം സർവെ നടത്തുകയും ആരോഗ്യ ബോധവൽക്കരണം നൽകുകയും ചെയ്യും. വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

ബാലക്ഷയം, മഞ്ഞപ്പിത്തം ബി, പോളിയോ മൈലൈറ്റിസ് (പിള്ളവാതം), ഡിഫ്തീരിയ (തൊണ്ടമുള്ള്), പെർട്ടൂസിസ് (വില്ലൻ ചുമ), വയറിളക്കം, ടെറ്റനസ് (കുതിരസന്ധി), മീസിൽസ് (മണ്ണൻ), മംപ്‌സ് (മുണ്ടി നീര്), ഹീമോഫിലസ് ഇൻഫ്‌ളുൻസ ടൈപ്പ് ബി, റുബല്ല, ജപ്പാൻ ജ്വരം എന്നിവക്കുള്ള പ്രതിരോധ കുത്തിവെപ്പുകളാണ് നൽകുക. മൂന്ന് ഘട്ടങ്ങളായാണ് ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ് 5.0 നടപ്പിലാക്കുന്നത്. ആഗസ്റ്റ് ഏഴ് മുതൽ 12 വരെയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ 9 മുതൽ 14 വരെയുമാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും മാതൃശിശു സൗഹൃദ ആശുപത്രികളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ഇനിഷ്യേറ്റീവ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. 17 സർക്കാർ ആശുപത്രികളും 27 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 44 ആശുപത്രികൾക്കാണ് മാതൃശിശു സൗഹൃദ ഇനിഷ്യേറ്റീവ് സർട്ടിഫിക്കേഷൻ ലഭിച്ചത്. മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും വേണ്ടിയുള്ള ഈ ആശുപത്രികളുടെ പ്രയത്‌നത്തെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. ലോക മുലയൂട്ടൽ വാരാചരണം സംസ്ഥാനതല ഉദ്ഘാടനവും മദർ ആന്റ് ബേബി ഫ്രണ്ട്ഡി ഹോസ്പിറ്റൽ ഇനീഷ്യേറ്റീവ് സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ സംവിധാനത്തിൽ കേരളം ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്. എന്നാൽ എൻ.എഫ്.എച്ച്.എസ്. 5 സർവേ പ്രകാരം മുലയൂട്ടൽ സൂചകങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഇനിയും തുടരേണ്ടതുണ്ടെന്നാണ് കാണുന്നത്. 41.8% കുഞ്ഞുങ്ങൾക്ക് മാത്രമാണ് ജനിച്ചു ഒരു മണിക്കൂറിനുള്ളിൽ മുലയൂട്ടൽ ആരംഭിക്കുന്നത്. 63.7% കുഞ്ഞുങ്ങൾക്ക് മാത്രമാണ് ആറ് മാസക്കാലം സമ്പൂർണമായി മുലപ്പാൽ ലഭിക്കുന്നത്. ഇത് നമ്മുടെ ശ്രദ്ധ ആവശ്യപ്പെടുന്ന നിർണായക മേഖലകളാണ്. ഇതിന്റെയടിസ്ഥാനത്തിലാണ് മദർ ആന്റ് ബേബി ഫ്രണ്ട്‌ലി ഇനിഷ്യേറ്റീവ് ആരംഭിച്ചത്.

ഭവന കേന്ദ്രീകൃതമായ ഹോം ബേസ്ഡ് ചൈൽഡ് കെയർ പ്രോഗ്രാം എന്ന പേരിൽ മറ്റൊരു അഭിമാനകരമായ പരിപാടി കൂടി കേരളം നടപ്പാക്കാൻ ഒരുങ്ങുകയാണ്. ആദ്യ ആഴ്ച മുതൽ ഒന്നര വയസ് വരെയുള്ള കുട്ടികൾക്കായി ആശാ വർക്കർമാരിലൂടെ നടത്തുന്ന കേന്ദ്രീകൃത ഭവന സന്ദർശനമാണ് പരിപാടി വിഭാവനം ചെയ്യുന്നത്. വളർച്ചയും വികാസവും നിരീക്ഷിക്കുന്നതിന് പുറമേ, മുലയൂട്ടൽ പ്രോത്സാഹിപ്പിക്കാനും അമ്മയുടെയും കുഞ്ഞിന്റേയും ക്ഷേമം ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

സ്ത്രീ ശാക്തീകരണത്തിൽ ഏറ്റവും പ്രധാനം സാമ്പത്തിക ശാക്തീകരണമാണ്. തൊഴിലിടങ്ങളിൽ മുലയൂട്ടൽ കേന്ദ്രവും ശിശുപരിപാലന കേന്ദ്രവും ആവശ്യമാണ്. 2017ലെ ആക്ട് പ്രകാരം 50 വനിതകളുള്ള സ്ഥാപനങ്ങളിൽ ശിശു പരിപാലന കേന്ദ്രം ആരംഭിക്കണം. മാരകമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും രോഗങ്ങൾക്കെതിരെയുള്ള വലിയ കവചവുമാണ് മുലപ്പാൽ. കുഞ്ഞുങ്ങളുടെ അവകാശമാണ് മുലപ്പാൽ. അതിന് വേണ്ടിയുള്ള കൂട്ടായ പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, അഡീഷണൽ ഡയറക്ടർ മീനാക്ഷി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ലിനെറ്റ് ജൂഡിറ്റ് മോറിസ്, ചെൽഡ് ഹെൽത്ത് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. യു.ആർ. രാഹുൽ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ക്വാളിറ്റി അഷുറൻസ് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ജി.ജി. ലക്ഷ്മി, യൂണിസെഫ് പ്രതിനിധി കൗശിക് ഗാംഗുലി, ഡോ. വി.എച്ച്. ശങ്കർ, ഡോ. രാജശേഖരൻ, ഡോ. റിയാസ്, ഡോ. പി.എസ്. സോന, ഡോ. ടി.പി. ജയരാമൻ, ഡോ. കെ. രാജമോഹനൻ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഫോസ്‌കോസ് (FOSCOS) ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി രണ്ടാം ദിവസം മാത്രം 4725 റെക്കോർഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 988 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികൾ സ്വീകരിച്ചു. ഇതോടെ രണ്ട് ദിവസം കൊണ്ട് 1917 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പരിശോധനയിൽ 667 സ്ഥാപനങ്ങൾ ലൈസൻസിന് പകരം രജിസ്ട്രേഷൻ എടുത്ത് പ്രവർത്തിക്കുന്നതായി കണ്ടതിനാൽ അവർക്ക് ലൈസൻസ് എടുക്കുന്നതിനു വേണ്ടി നോട്ടീസ് നൽകി. കൂടാതെ ലൈസൻസ് എടുത്ത് പ്രവർത്തിക്കുന്നതിന് 440 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ്, ജോ. കമ്മീഷണർ ജേക്കബ് തോമസ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം 698, ആലപ്പുഴ 400, കോട്ടയം 420, ഇടുക്കി 141, എറണാകുളം 345 , തൃശൂർ 558, പാലക്കാട് 342, മലപ്പുറം 535, കോഴിക്കോട് 593, വയനാട് 152, കണ്ണൂർ 371, കാസർഗോഡ് 170 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. 11 ജില്ലകളിലായി 103 സ്‌ക്വാഡുകളാണ് രണ്ടാം ദിവസം ലൈസൻസ് പരിശോധനയ്ക്ക് സജ്ജമാക്കിയത്. കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ആഗസ്റ്റ് മൂന്നിനും ഡ്രൈവ് തുടരുന്നതാണെന്ന് വീണാ ജോർജ് അറിയിച്ചു.

ലൈസൻസിനു പകരം രജിസ്‌ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നേരെ നിയമനടപടികൾ സ്വീകരിച്ചു. ലൈസൻസിന് പകരം രജിസ്‌ട്രേഷൻ ഉപയോഗിക്കാൻ പാടുള്ളതല്ല. രജിസ്‌ട്രേഷൻ വളരെ ചെറിയ കച്ചവടക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഒന്നാണ്. വളരെ ചെറിയ ബിസിനസും ആ ബിസിനസിൽ നിന്നുള്ള വരുമാനം ഒരു വർഷത്തിൽ 12 ലക്ഷം രൂപയിൽ അധികം വരാതിരിക്കുന്ന സാഹചര്യത്തിൽ മാത്രമാണ് രജിസ്‌ട്രേഷൻ നേടി പ്രവർത്തിക്കാൻ സാധിക്കുക. മറ്റുള്ള എല്ലാ ഭക്ഷ്യ സംരംഭകരും തന്നെ ഭക്ഷ്യ സുരക്ഷാ ലൈസൻസ് നേടി പ്രവർത്തിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷ ലൈസൻസിന് വേണ്ടി നാമമാത്രമായ രേഖകൾ മാത്രമാണ് നൽകേണ്ടത്. ലൈസൻസ് ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ സുതാര്യമായതും എളുപ്പത്തിൽ നേടിയെടുക്കാവുന്നതുമാണ്. ആയാസരഹിതമായി ലൈസൻസിന് വേണ്ടി അപേക്ഷിക്കാനും എത്രയും പെട്ടെന്ന് ലൈസൻസ് നേടാനും സാധിക്കും. ഭക്ഷ്യസുരക്ഷാ ലൈസൻസിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ വളരെ വേഗതയിൽ തീരുമാനമെടുക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: മരുന്നുകൾ വ്യാജമാണോ അല്ലയോ എന്ന് പരിശോധിക്കാൻ ക്യൂആർ കോഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്. ആഗസ്റ്റ് ഒന്ന് മുതൽ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചുവെന്നാണ് വിവരം. ഈ ഘട്ടത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 300 മെഡിസിൻ ബ്രാൻഡുകൾ തങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിന്റെ ഭാഗമായി മരുന്നുകളിൽ ക്യൂആർ കോഡ് ഏർപ്പെടുത്തും.

കാൽപോൾ, ഡോളോ, അലേഗ്ര, മെഫ്താൽ സ്പാസ് എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകൾ ഇതിലുൾപ്പെടുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ കമ്പനികൾ അടുത്ത പതിനഞ്ച് ദിവസത്തിനുള്ളിൽ തന്നെ ബാർ കോഡുള്ള മരുന്നുകളുടെ പുതിയ സ്റ്റോക്ക് വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

മരുന്നുകളിൽ നൽകിയിരിക്കുന്ന ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് വിവരങ്ങൾ അറിയാൻ കഴിയും. ക്യൂആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ ലഭിക്കുന്ന വിവരം മരുന്നിന്റെ പാക്കേജിലെ വിവരങ്ങളുമായി ഒത്തുപോകുന്നില്ലെന്ന് മനസ്സിലായാൽ അതിനർത്ഥം നിങ്ങൾക്ക് ലഭിച്ച മരുന്ന് വ്യാജമാണെന്നാണ്. മരുന്നിന്റെ വിവരങ്ങളിലെ പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടാൽ ഈ വിവരം നിങ്ങൾക്ക് മരുന്ന് നിർമ്മാതാവിനെ അറിയിക്കാമെന്ന് രു മുൻനിര ഫാർമസി കമ്പനിയിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇ-മെയിലിലൂടെയാണ് പരാതി നൽകേണ്ടത്. മരുന്നിന്റെ പാക്കറ്റിൽ നൽകിയിരിക്കുന്ന കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചും പരാതി അറിയിക്കാം.

ധാരാളം ബയോആക്ടീവ് സംയുക്തങ്ങൾ അടങ്ങിയ ഒരു ഫലവർഗമാണ് സ്‌ട്രോബറി. ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന ആരാണ് പോഷകങ്ങൾ സ്‌ട്രോബറിയിൽ ഉണ്ട്. ഫോളേറ്റ്, പൊട്ടാസ്യം, ഫൈബർ, പോളിഫെനോൾസ് തുടങ്ങിയ ഘടകങ്ങളും സ്‌ട്രോബറിയിൽ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഇത് ആരോഗ്യത്തിന് അത്യുത്തമമാണ്.

ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ മികച്ച ഒരു ഫലവർഗം ആണിത്. സ്‌ട്രോബറിയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കും. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സ്‌ട്രോബറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിലുള്ള ഫൈബർ ആണ് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്നത്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും സ്‌ട്രോബറി കഴിക്കുന്നത് ഗുണം ചെയ്യും. സലാഡ് രൂപത്തിലും ജ്യൂസ് ആയും സ്മൂത്തിയായും സ്‌ട്രോബറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

സ്ട്രോബറിയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി അണുബാധകൾക്കെതിരെ പ്രവർത്തിക്കുകയും രോഗ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഈ ഫലവർഗം സഹായിക്കും.

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് ‘ക്വിയർ ഫ്രണ്ട്ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ്’ (Queer Friendly Hospital Initiative) നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ട്രാൻസ്‌ജെൻഡർ വ്യക്തികളുടേയും ക്വിയർ വ്യക്തികളുടേയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ആരോഗ്യ സ്ഥാപനങ്ങളിൽ സേവനം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. യാതൊരു തരത്തിലുളള വിവേചനവും ഇല്ലാതെ എല്ലാ സേവനങ്ങളും ലഭ്യമാവുന്ന ഒരു ആരോഗ്യ സംവിധാനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.

ആദ്യഘട്ടമായി തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ ജില്ലകളിലെ ജനറൽ ആശുപത്രികളെ ക്വിയർ ഫ്രണ്ട്‌ലി ആക്കി മാറ്റാനായി ജീവനക്കാർക്ക് പരിശീലനവും സംഘടിപ്പിച്ചു. ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ക്വിയർ ഫ്രണ്ട്ലി ആക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടമായി തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി ലിങ്ക് വർക്കർ (CLW) പദ്ധതി ആരംഭിച്ചിട്ടുണ്ട്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ നിരവധി തടസങ്ങൾ നേരിടുന്ന ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിക്കും ആരോഗ്യ സംവിധാനത്തിനും ഇടയിലുളള കണ്ണിയായി പ്രവർത്തിക്കുകയെന്നതാണ് കമ്മ്യൂണിറ്റി ലിങ്ക് വർക്കർമാരുടെ പ്രധാന ചുമതല. ഇത്തരത്തിൽ കമ്മ്യൂണിറ്റി ലിങ്ക് വർക്കർമാർ ആശുപത്രികളിലെത്തിക്കുന്ന ഈ വിഭാഗത്തിലെ ആളുകൾക്ക് സേവനങ്ങൾ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുന്നതാണ്.

ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ചരിത്രത്തിൽ ആദ്യമായി നഴ്‌സിംഗ് മേഖലയിൽ സംവരണം അനുവദിച്ചിരുന്നു. ബി.എസ്.സി. നഴ്‌സിംഗ് കോഴ്‌സിൽ ഒരു സീറ്റും ജനറൽ നഴ്‌സിംഗ് കോഴ്‌സിൽ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്.

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ ലൈസൻസിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ വളരെ വേഗതയിൽ തീരുമാനമെടുക്കുന്നതിന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അകാരണമായി ഒരു കാരണവശാലും അപേക്ഷകളിൽ കാലതാമസം ഉണ്ടാകരുത്. ലൈസൻസിന് അപേക്ഷിക്കുന്നവർ അർഹരാണെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ലൈസൻസ് നൽകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ അപേക്ഷിച്ചതിനുശേഷം 30 ദിവസത്തിനകം ലൈസൻസ് ലഭിക്കാത്ത സാഹചര്യത്തിൽ അപേക്ഷകർക്ക് ലൈസൻസ് ഓട്ടോ ജനറേറ്റഡ് ആയി അവരുടെ ഇ-മെയിലിൽ തന്നെ ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് ഒന്ന് ചൊവ്വാഴ്ച മുതൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്‌കോസ് (FOSCOS) ലൈസൻസ് ഡ്രൈവ് നടത്തുകയാണ്. ഈ പ്രത്യേക ഡ്രൈവിലൂടെ ലൈസൻസിന് പകരം രജിസ്‌ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങളെ നിയമ നടപടികൾക്ക് വിധേയമാക്കുന്നതാണ്. ലൈസൻസിന് പകരം രജിസ്‌ട്രേഷൻ ഉപയോഗിക്കാൻ പാടുള്ളതല്ല. വളരെ ചെറിയ കച്ചവടക്കാർ മാത്രമേ രജിസ്‌ട്രേഷൻ എടുത്ത് പ്രവർത്തിക്കാൻ പാടുള്ളൂ.

ഭക്ഷ്യ സുരക്ഷാ ലൈസൻസിന് വേണ്ടി വളരെ നാമമാത്രമായ രേഖകൾ മാത്രമാണ് സമർപ്പിയ്‌ക്കേണ്ടത്. ലൈസൻസ് ലഭിയ്ക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ സുതാര്യമായതും എളുപ്പത്തിൽ നേടിയെടുക്കാവുന്നതുമാണ്. ലൈസൻസിനായി അപേക്ഷ സമർപ്പിക്കുമ്പോൾ കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ ശ്രദ്ധിക്കേണ്ടത് അവരുടെ തന്നെ ഉപയോഗത്തിലുള്ള ടെലഫോൺ നമ്പറും, ഇ-മെയിൽ വിലാസവുമാണ് നൽകേണ്ടത്. കാരണം ലൈസൻസ് സംബന്ധിച്ച നർദ്ദേശങ്ങൾ, ടൈം ലൈനുകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം തന്നെ ലൈസൻസ് അപേക്ഷയിൽ നിൽകിയിരിക്കുന്ന ഫോൺ നമ്പറിലേയ്ക്കും, ഇ-മെയിൽ വിലാസത്തിലേയ്ക്കും മെസേജായി വിവിധ സമയങ്ങളിൽ അറിയിക്കുന്നതാണ്.

ഏതെങ്കിലും തെറ്റിദ്ധാരണയുടെ പേരിൽ രജിസ്‌ട്രേഷൻ എടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കൂടി ലൈസൻസിലേക്ക് കൊണ്ടുവരണം എന്ന ഉദ്ദേശത്തോടെയാണ് ഫോസ്‌കോസ് ഡ്രൈവ് ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി രണ്ടു ദിവസമായി നടത്താൻ ഉദ്ദേശിക്കുന്നത്. ലൈസൻസുകൾ നേടുന്ന കാര്യത്തിൽ വ്യാപാരികളെയും കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവരെയും സഹായിക്കുന്നതിനു വേണ്ടി ഭക്ഷ്യ സുരക്ഷാ വകുപ്പ് ലൈസൻസ് മേളകൾ എല്ലാ ജില്ലകളിലും നടത്തിവരുന്നു.

കണ്ണിൽ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാൽ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്.

രോഗ ലക്ഷണങ്ങൾ

കണ്ണ് ചുവപ്പ്, അമിത കണ്ണുനീർ, കൺപോളകളിൽ വീക്കം, ചൊറിച്ചിൽ, പഴുപ്പ്, രാവിലെ എഴുന്നേൽക്കുമ്പോൾ പഴുപ്പ് കാരണം കണ്ണ് തുറക്കാൻ പ്രയാസം എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണം.

എത്ര ദിവസം വിശ്രമിക്കണം

ചെങ്കണ്ണ് ബാധിച്ചാൽ സാധാരണ ഗതിയിൽ 5 മുതൽ 7 ദിവസം വരെ നീണ്ടു നിൽക്കാം. രോഗം സങ്കീർണമായാൽ 21 ദിവസംവരേയും നീണ്ടുനിൽക്കാം. ചെങ്കണ്ണ് ബാധിച്ചാൽ എത്രയും വേഗം നേത്രരോഗ വിദഗ്ധന്റെ നിർദേശ പ്രകാരം ചികിത്സ തേടണം. രോഗമുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്. കുട്ടികളുൾപ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടിൽ വിശ്രമിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചെങ്കണ്ണ് വളരെപ്പെട്ടെന്ന് പടർന്നു പിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ ചെങ്കണ്ണ് ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വ്യക്തി ശുചിത്വം ഏറെ പ്രധാനമാണ്. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന ഓരോ സാധനത്തിലും രോഗാണു പടരാൻ സാധ്യതയുണ്ട്. ഈ പ്രതലങ്ങളിൽ രോഗമില്ലാത്തയാൾ സ്പർശിച്ചാൽ അതുവഴി രോഗാണുക്കൾ കണ്ണിലെത്താൻ സാധ്യതയുണ്ട്. രോഗം ബാധിച്ച വ്യക്തികളിൽ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പർ, പുസ്തകം, തൂവാല, സോപ്പ്, ടവ്വൽ മുതലയാവ മറ്റുള്ളവർ ഉപയോഗിക്കാൻ പാടില്ല. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. കൈ വൃത്തിയായി കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്. വീട്ടിൽ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കിൽ കുട്ടികൾക്ക് രോഗം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികൾ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താൽ എത്രയും വേഗം ചെങ്കണ്ണ് ഭേദമാകുന്നതാണ്.

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നിനും രണ്ടിനും സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്‌കോസ് (FOSCOS) ലൈസൻസ് ഡ്രൈവ് 2023 എന്ന പേരിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധനകൾ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുഴുവൻ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ കൊണ്ടുവരികയാണ് ലക്ഷ്യം.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ എല്ലാവരുടേയും സഹകരണം ആവശ്യമാണ്. മുഴുവൻ ഭക്ഷ്യ സ്ഥാപനങ്ങളും അവരുടെ വരുമാന പരിധിയനുസരിച്ച് രജിസ്‌ട്രേഷനോ ലൈസൻസോ ഉറപ്പ് വരുത്തേണ്ടതാണ്. ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെ ഭക്ഷ്യസംരംഭങ്ങൾ നടത്തുന്നവർക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും എഫ്.എസ്.എസ്.എ.ഐ. ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കേണ്ടതാണ്. സ്വന്തമായി ഭക്ഷണം നിർമ്മിച്ച് വിൽപന നടത്തുന്നവർ, പെറ്റി റീടെയ്‌ലർ, തെരുവ് കച്ചവടക്കാർ, ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവർ, താല്കാലിക കച്ചവടക്കാർ എന്നിവർക്കു മാത്രമാണ് രജിസ്‌ട്രേഷൻ അനുമതിയോടെ പ്രവർത്തിക്കാവുന്നത്.

ജീവനക്കാരെ ഉൾപ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസൻസ് എടുക്കേണ്ടതാണ്. എന്നാൽ നിരവധി കച്ചവട സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിനു പകരം രജിസ്‌ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് പരിശോധനകൾ കർശനമാക്കിയിട്ടുള്ളത്. ലൈസൻസിന് പകരം രജിസ്‌ട്രേഷൻ മാത്രമെടുത്ത് പ്രവർത്തിക്കുന്നവരെ ലൈസൻസ് ഇല്ലാത്തവരായി പരിഗണിച്ച് നടപടി സ്വീകരിക്കുന്നതാണ്.

ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതോ ഭക്ഷ്യസുരക്ഷ ലൈസൻസ് പരിധിയിൽ വന്നിട്ടും ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷനിൽ പ്രവർത്തിക്കുന്നതോ ആയ സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടച്ചുപൂട്ടൽ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. ആഗസ്റ്റ് ഒന്നാം തീയതിക്ക് ശേഷം ലൈസൻസ് ഇല്ലാത്ത ഭക്ഷ്യസംരംഭ സ്ഥാപനങ്ങൾ യാതൊരു കാരണവശാലും പ്രവർത്തിക്കാൻ പാടുള്ളതല്ല. ലൈസൻസ് ലഭിക്കുന്നതിനായി foscos.fssai.gov.in എന്ന പോർട്ടലിലൂടെ അപേക്ഷിക്കാവുന്നതാണ്. സാധാരണ ലൈസൻസുകൾക്ക് 2,000 രൂപയാണ് ഒരു വർഷത്തേക്കുള്ള ഫീസ്. ഓഗസ്റ്റ് ഒന്നിനുശേഷം ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം ലൈസൻസ് നേടുന്നതുവരെ നിർത്തിവയ്പ്പിക്കുന്നതും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെ നിയമപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കും.

ഡൽഹി : ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള 9 സംസ്ഥാനങ്ങളിൽ വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി. സംസ്ഥാനങ്ങൾക്ക് പുറമേ ഒരു കേന്ദ്ര ഭരണ പ്രദേശത്തും വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തി.ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് സർവ്വേ പൂർത്തിയായത്.

തമിഴ്‌നാട്, കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, ആസാം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലുമാണ് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ, ഒഡീഷ, ചണ്ടീഗഡ് എന്നിവിടങ്ങളിൽ നടത്തിയ സർവേയിൽ വൈറസ് സാന്നിധ്യം വവ്വാലുകളിൽ ഇല്ലായിരുന്നു.

നേരത്തെ കേരളത്തിലും അസമിലും പശ്ചിമ ബംഗാളിലും ബീഹാറിലും പഴം ഭക്ഷിക്കുന്ന വവ്വാലുകളിൽ നിപയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രാജ്യത്തെ വവ്വാലുകൾക്കിടയിൽ വൈറസ് പടരുന്നത് എങ്ങനെയെന്ന് വ്യക്തമായി അറിയാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു പഠനം നടത്തുന്നതെന്ന് ഐ സി എം ആർ – എൻ ഐ വി ഡയറക്ടർ ഇൻ ചാർജ് ഡോ ഷീല ഗോഡ്‌ബോലെയെ പറഞ്ഞു.

ഇന്ത്യയിൽ ആദ്യം നിപ റിപ്പോർട്ട് ചെയ്ത പശ്ചിമ ബംഗാളിൽ 66 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണേന്ത്യയിൽ ആദ്യം നിപ കണ്ടെത്തിയത് കോഴിക്കോടാണ്. ഇതിൽ വൈറസ് ബാധ സ്ഥിരീകരിച്ച 18 പേരിൽ 16 പേരും മരിച്ചിരുന്നു. പനി, തലവേദന, ബോധക്ഷയം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ . വൈറസ് ബാധയുണ്ടായി 5 മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരീയഡ്.