സംസ്ഥാനത്ത് താപനില വർദ്ധിക്കുന്നു; ഇന്നും നാളെയും ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ താപനില വർദ്ധിക്കുകയാണ്. ഇന്നും നാളെയും കേരളത്തിലെ 9 ജില്ലകളിലാണ് താപനില വർധിക്കുമെന്ന ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ അന്തരീക്ഷ താപനില 5 ഡിഗ്രി മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ താപ നില 36 ഡിഗ്രി സെൽഷ്യസായും പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ചൂട് 35 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ചൂട് 34 ഡിഗ്രി സെൽഷ്യസായും ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ചൂട് ഉയർന്നുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചൂട് കൂടുമ്പോൾ സ്വീകരിക്കേണ്ട ജാഗ്രത നിർദ്ദേശങ്ങളും നൽകുന്നുണ്ട്.