കോഴിക്കോട്: കേരളത്തിന് ആശ്വാസ വാർത്ത. കഴിഞ്ഞ നാലു ദിവസമായി പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ നില മെച്ചപ്പെട്ടു വരുന്നുവെന്നും മന്ത്രി അറിയിച്ചു. ചികിത്സയിലുള്ള മറ്റു മൂന്നു പേർക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താൻ ഐസിഎംആർ അംഗീകാരം നൽകി. ലെവൽ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികൾക്കാണ് അംഗീകാരം നൽകുന്നത്. ഇതിനായി എസ്ഒപി തയ്യാറാക്കും. ഐസിഎംആറുമായി നടത്തിയ ആശയവിനിമയത്തെ തുടർന്നാണ് നടപടി. ഇതിലൂടെ കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന നടത്താനും കാലതാമസമില്ലാതെ നിപ വൈറസ് ഉണ്ടോയെന്ന് കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുമാകും. ട്രൂനാറ്റ് പരിശോധനയിൽ നിപ വൈറസ് കണ്ടെത്തുന്ന സാമ്പിളുകൾ മാത്രം തിരുവനന്തപുരം തോന്നക്കൽ, കോഴിക്കോട് വൈറോളജി ലാബുകളിലേക്ക് അയച്ചാൽ മതിയാകുമെന്നും വീണാ ജോർജ് പറഞ്ഞു.
എന്ത് കൊണ്ട് കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിക്കുന്നത് എന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ പ്രകാരം സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഹൈ റിസ്‌ക് സമ്പർക്കപ്പട്ടികയിലുള്ള വ്യക്തികളുടെ ആന്റിബോഡി പരിശോധിച്ചാണ് പഠനം നടത്തുന്നത്. നിപ പ്രതിരോധത്തിന് ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനം പ്രവർത്തിച്ചു വരുന്നു. 81 സാമ്പിളുകളാണ് നിപ സംശയിച്ച് ഈ വർഷം മാത്രം പരിശോധിച്ചത്. നിപ പ്രോട്ടോകോളിന്റെ ഭാഗമായി പരിശീനം നടത്തുകയും ലാബ് സൗകര്യമൊരുക്കുകയും ചെയ്തു. ഈ വർഷം പുറത്തിറക്കിയ ആരോഗ്യ ജാഗ്രതാ കലണ്ടറിലും നിപ പ്രതിരോധമുണ്ട്. 21 ദിവസമാണ് ഇൻക്യുബേഷൻ പീരിഡ് എങ്കിലും വീണ്ടും 21 ദിവസം കൂടി പ്രവർത്തനം നടത്തും. അതിനാൽ 42 ദിവസം കൺട്രോൾ റൂം പ്രവർത്തിക്കുന്നതാണ്. മൃഗ സംരക്ഷണം, വനം വകുപ്പുകളുടെ സഹകരണത്തോടെ വൺ ഹെൽത്ത് ശക്തിപ്പെടുത്തുന്നതാണ്. പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് രൂപീകരിക്കാനുള്ള നടപടികൾ നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

