നിപ എന്തുകൊണ്ട് വീണ്ടും കോഴിക്കോട്; സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്തുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: നിപ എന്തുകൊണ്ടു വീണ്ടും കോഴിക്കോട് എന്നതുമായി ബന്ധപ്പെട്ട് ഐ.സി.എം.ആർ. വ്യക്തമായ ഉത്തരം നൽകിയിട്ടില്ലെന്നും, ഇതുമായി ബന്ധപ്പെട്ടു സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ വിശദമായ പ്രൊപ്പോസൽ തയാറാക്കാൻ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വവ്വാലുകളെ സംബന്ധിച്ച് ഐ.സി.എം.ആർ നടത്തിയ പഠനത്തിന്റെ വിവരങ്ങളും നമുക്ക് ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിൾ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കൽ വൈറളോജി ഇൻസ്റ്റിട്ട്യൂട്ടിൻറെ സഹായത്തോടെ നടപ്പാക്കും. 2018ൽ കോഴിക്കോടും 2019ൽ എറണാകുളത്തും 2021ൽ വീണ്ടും കോഴിക്കോടും നിപ രോഗബാധ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തു നിപ രോഗനിർണയത്തിനായി ലാബുകൾ സജ്ജമാണ്. തോന്നക്കലിലെ ഇൻസ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയിൽ നിപ വൈറസ് രോഗം നിർണ്ണയിക്കാൻ സാമ്പിൾ പരിശോധനാ സംവിധാനമുണ്ട്. 2021 സെപ്റ്റംബർ മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രത്യേകം സജ്ജീകരിച്ച ലാബിൽ നിപ രോഗ നിർണയ പരിശോധന നടന്നുവരുന്നുണ്ട്. ഇതു രണ്ടും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ളതാണ്. 2018ൽ സംസ്ഥാനത്ത് നിപ രോഗബാധ സംബന്ധിച്ച പ്രോട്ടോകോൾ പുറത്തിറക്കിയിരുന്നു. 2021 സെപ്റ്റംബറിൽ ഇത് പരിഷ്‌കരിച്ചു. നിപ ചികിൽസ, മരുന്നുകൾ, ഐസൊലേഷൻ, സാമ്പിൾ പരിശോധന തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കുന്നത് ഈ പ്രോട്ടോകോൾ പ്രകാരമാണ്. പുതിയ ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ 2023ൽ ചെറിയ ചില മാറ്റങ്ങളോടെ 2021ലെ പ്രോട്ടോകോളും ആരോഗ്യവിദഗ്ധ സമിതി പരിഷ്‌കരിച്ചിട്ടുണ്ട്.

2022ൽ ആരോഗ്യം, വനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ വർക്ക്‌ഷോപ്പിൽ സുപ്രധാനങ്ങളായ പരിപാടികൾ ആവിഷ്‌കരിച്ചിരുന്നു. വിദഗ്ധർ പങ്കെടുത്ത ഈ വർക്ക്‌ഷോപ്പിന്റെ അടിസ്ഥാനത്തിൽ നിപ പ്രതിരോധത്തിനായി കലണ്ടർ തയാറാക്കി കർമ്മപരിപാടി നടപ്പാക്കുകയാണ്. നിപ ഔട്ട്‌ബ്രേക്ക് നിരീക്ഷിക്കാൻ സി.ഡി.എം.എസ് പോർട്ടൽ ഇ-ഹെൽത്ത് രൂപീകരിച്ചു. വവ്വാലുകളിൽ നിന്ന് വൈറസ് ബാധ ഉണ്ടാകാതിരിക്കാനുളള സാമൂഹിക ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.