Health (Page 238)

ന്യൂയോര്‍ക്ക് : കോവിഡ് വൈറസ് വായുവിലൂടെയും പകരുമെന്ന് പുതിയ പഠനം. കൊവിഡ് -19ന് കാരണമാകുന്ന സാര്‍സ്‌കോവ്2 വൈറസ് പരക്കുന്നത് വായുവിലൂടെയാണെന്നാണ് പ്രശസ്ത ആരോഗ്യ പ്രസിദ്ധീകരണമായ ദ് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. വായുവിലൂടെ പരക്കുന്ന വൈറസിനെ പ്രതിരോധിക്കുന്നതിന് പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്ക് കഴിയാത്തതായാണ് രോഗവ്യാപനത്തിനിടയാക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.അടച്ചിട്ട മുറികളിലാണ് രോഗവ്യാപനത്തിനുള്ള സാദ്ധ്യത കൂടുതല്‍. വെന്റിലേഷന്‍ ഉറപ്പാക്കിയ മുറികളില്‍ രോഗവ്യാപനം കുറവാണെന്നും പഠനത്തില്‍ പറയുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് കോവാക്‌സിന്‍ ഉത്പാദനം അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മെയ്-ജൂണ്‍ മാസം കൊണ്ട് ഉത്പദനം ഇരട്ടിപ്പിക്കാനാണ് ലക്ഷ്യമെങ്കില്‍ ജൂലൈ ഓഗസ്തിനുള്ളില്‍ 6-7 മടങ്ങ് വരെ ഉത്പാദനം വര്‍ധിപ്പിക്കലാണ് ലക്ഷ്യം. രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കൂടുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

ഉത്പാദന പ്രക്രിയ ത്വരിതപ്പെടുത്താനായി വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായമുള്‍പ്പെടെ ഉറപ്പുവരുത്തും.ഏപ്രില്‍-മെയ് മാസങ്ങളില്‍ ഒരു കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമെങ്കില്‍ ജൂലായ് – ഓഗസ്റ്റ് മാസങ്ങളില്‍ ഇത് 6-7 കോടി ഡോസാക്കി ഉയര്‍ത്തും. സെപ്റ്റംബര്‍ മാസത്തോടെ പ്രതിമാസം 10 കോടി ഡോസ് വാക്‌സിനാവും ഉത്പാദിപ്പിക്കുക.

ഭാരത് ബയോടെക്കിന്റെ ബാംഗ്ലൂരിലെ സ്ഥാപനം, മുംബൈയിലെ ഹാഫ്കിന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍, ഹൈദരാബാദിലെ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് എന്നിവയാവും വാക്‌സിന്‍ ഉത്പാദനം നടത്തുന്നത്. ഭാരത് ബയോടെക്, ഹാഫ്കിന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയ്ക്ക് 65 കോടി വീതവും സാമ്പത്തിക സഹായവമായി സര്‍ക്കാര്‍ കൈമാറും. പ്രതിമാസം 2 കോടി ഡോസ് വാക്‌സിന്‍ ആണ് ഈ നിര്‍മാതാക്കളുടെ ഉത്പാദന ക്ഷമത. 1.5 കോടി വരെയാണ് ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡിന്റെ പ്രതിമാസ ഉത്പാദന ക്ഷമത.

covid

ന്യൂയോര്‍ക്ക്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഞെട്ടിക്കുന്ന പഠനവുമായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍. അമേരിക്കയില്‍ രോഗവ്യാപനം ആരംഭിച്ചതിന് ശേഷം മാനസിക ചികില്‍സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കന്‍ ജനതയുടെ അഞ്ചില്‍ ഒരാള്‍ വീതം മാനസിക രോഗത്തിന് ചികില്‍സ തേടുന്നതായും മരുന്നുകള്‍ കഴിക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.സൗത്ത് കരോലിന കോണ്വെ മെന്റല്‍ ഹെല്‍ത്തിലെ സൈക്കോളജിസ്റ്റുകള്‍ വിവിധ പ്രായത്തിലുള്ള മാനസിക രോഗികളെ സ്‌ട്രെസ്സ് ,ആങ്‌സൈറ്റി, ഡിപ്രഷന്‍ തുടങ്ങിയ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികില്‍സിച്ചു വരുന്നു. ഈ ഡേറ്റായില്‍ മറ്റൊരു ഞെട്ടിക്കുന്ന സത്യം കൂടി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് 19നെ അതിജീവിച്ചവരില്‍ നിരവധി പേര്‍ക്ക് ന്യൂറോളജിക്കല്‍ ഡിസ്ഓര്‍ഡേഴ്‌സ് കണ്ടുവരുന്നുവെന്നതാണ്.

ദില്ലി:ജനിതക വ്യതിയാനം രോഗവ്യാപനം തീവ്രമാക്കുന്നുവെന്ന് കൊവിഡ് ദൗത്യസംഘാംഗം ഡോ.സുനീല ഗാർഗ്. നിലവിലെ വാക്സീനുകളെ ചെറുക്കാനുള്ള ശേഷി ജനിതക വ്യതിയാനം വന്ന വൈറസുകൾക്കുണ്ടെന്നും ഡോ. സുനീല ഗാർഗ് പറഞ്ഞു.കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം പിന്നിട്ടതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു.

ഉത്തർപ്രദേശിലും, രാജസ്ഥാനിലും പഞ്ചാബിലും രാത്രി കാല കർഫ്യൂ പ്രഖ്യാപ്രിച്ചു.ദില്ലിയിൽ വാരാന്ത്യ കർഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതു സ്ഥലങ്ങളിൽ നിയന്ത്രണം തുടരും. ഇതിനിടെ സംസ്ഥാനങ്ങളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ പി എം കെയർ ഫണ്ട് ചെലവഴിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ചികിത്സാ സംവിധാനങ്ങൾ വെല്ലുവിളി നേരിടുന്പോൾ പിഎം കെയർ ഫണ്ട് എവിടെയെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. 

oxygen

ന്യൂഡല്‍ഹി: കേരളം അടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍ അനുവദിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഇത്. പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് അനുവദിക്കുന്ന തുക ഉപയോിച്ച് രാജ്യത്ത് നൂറിലധികം ആശുപത്രികളില്‍ ഓക്‌സിജന്‍ പ്‌ളാന്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

ഏപ്രില്‍ 20, 25, 30 തീയതികള്‍ കണക്കാക്കി 4880 ടണ്‍, 5619 ടണ്‍, 6593 ടണ്‍ എന്നിങ്ങനെയാണ് ഓക്‌സിജന്‍ അനുവദിക്കുക. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിതലസമിതിയാണ് തീരുമാനമെടുത്തത്. കേരളത്തെ കൂടാതെ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ചത്തിസ്ഗഡ്, കര്‍ണാടക, തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.

ന്യൂഡല്‍ഹി : ഡല്‍ഹി എയിംസിലെ സാഹചര്യം ഗുരുതരമാണെന്നും ഡോക്ടര്‍മാര്‍ക്ക് പിന്നാലെ നിരവധി നഴ്‌സുമാര്‍ക്കും, നഴ്‌സിംസ് അസിസ്റ്റന്റുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചെന്നും ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ചികിത്സയ്‌ക്കെത്തുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും പോസിറ്റീവാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കൊവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യമാണെങ്കിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വിദേശ വാക്‌സീനുകള്‍ക്ക് അപേക്ഷിച്ച് 3 ദിവസത്തിനുള്ളില്‍ ഇറക്കുമതി ലൈസന്‍സ് നല്കാനും തീരുമാനമായിട്ടുണ്ട്.കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം പിന്നിട്ടതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു.

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയി 15 വരെ അടച്ചിടും. കേന്ദ്ര സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളും കര്‍ശനനിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഉത്തര്‍പ്രദേശിലെ പല ജില്ലകളിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. രാജസ്ഥാനിലും കര്‍ണാടകത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

മുംബൈ : കോവിഡ് രണ്ടാംതരംഗം രൂക്ഷമാകുന്നു. മഹാരാഷ്ട്രയില്‍ ദിനം പ്രതി രോഗികളുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഈ ഘട്ടത്തില്‍ ഓക്‌സിജന്‍ സൗജന്യമായി ആശുപത്രികളില്‍ എത്തിക്കുമെന്ന പ്രഖ്യാപനവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇതിനോടകം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഗുജറാത്തിലെ ജാംനഗര്‍ മുതല്‍ മഹാരാഷ്ട്രവരെയുള്ള മേഖലയിലെ ആശുപത്രികളില്‍ സൗജന്യമായി ഓക്‌സിജന് വിതരണം ആരംഭിച്ചിട്ടുണ്ട്.റിലയന്‍സ് ഉടമസ്ഥതയിലുള്ള റിഫൈനറികളില്‍ നിര്‍മിക്കുന്ന ഓക്‌സിജനാണ് കോവിഡ് ചികിത്സയുള്ള ആശുപത്രികളിലേക്ക് നല്‍കുക.

കോവിഡ് ചികിത്സയുടെ ഭാഗമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് വന്‍തോതിലുള്ള ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ആശുപത്രികളിലേക്ക് സൗജന്യമായി ഓക്‌സിജന്‍ എത്തിക്കുമെന്ന പ്രഖ്യാപനവുമായി റിലയന്‍സ് രംഗത്തെത്തിയത്.
പുതിയ വിവരം അനുസരിച്ച്, മെഡിക്കല്‍ ഉപയോഗത്തിന് അനുയോജ്യമായ ഓക്‌സിജന്‍ സ്ട്രീമുകള്‍ നിര്‍മ്മിച്ച ശേഷം, റിലയന്‍സ് അതിന്റെ പെട്രോളിയം കോക്ക് ഗ്യാസിഫിക്കേഷന്‍ യൂണിറ്റുകള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ള ചില ഓക്‌സിജന്‍ സ്ട്രീമുകള്‍ ആശുപത്രികളിലെ ഉപയോഗത്തിനായി നല്‍കും.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. രാജ്യത്ത് കിടക്കകളോ, വെന്റിലേറ്ററുകളോ, വാക്‌സിനോ ലഭ്യമല്ലെന്നും വാക്‌സിന്‍ ഉത്സവം മറ്റൊരു തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് വേണ്ടി രൂപം നല്കിയ പിഎം കെയേഴ്‌സ് എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ ചോദിച്ചു. രാജ്യം വാക്‌സിന്‍ ക്ഷാമം നേരിടുമ്പോള്‍ വാക്‌സിന് ഉത്സവം നടത്താനുളള കേന്ദ്ര നടപടിയെ രാഹുല്‍ ചോദ്യം ചെയ്തിരുന്നു. വിദേശ വാക്‌സിനുകള്‍ക്ക് അതിവേഗം അനുമതി നല്കാനുളള കേന്ദ്ര തീരുമാനത്തേയും വിമര്‍ശിച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ആലോചനയിൽ ഇല്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ടെസ്റ്റ് കൂട്ടുമെന്നും രണ്ടാഴ്ചയില്‍ സ്ഥിതി നിയന്ത്രണവിധേയമായേക്കുമെന്നും ചീഫ് സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കി രോഗവ്യാപനം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.

പൊതുജനങ്ങള്‍ സ്വയം പ്രതിരോധവും നിയന്ത്രണവും വര്‍ധിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ടെസ്റ്റിംഗ് ക്യാമ്പയിൻ തുടങ്ങും. നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേരെ പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഹൈ റിസ്ക് ഉള്ളവര്‍ക്കാണ് മുന്‍ഗണന. ഇതുവരെ 50 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്ത് 2-2.5 ലക്ഷം ആളുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. മുന്‍ഗണന പ്രകാരമായിരിക്കും പരിശോധന. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ക്കാവും മുന്‍ഗണന. 45 വയസ്സിന് താഴെയുള്ളവരില്‍ പരിശോധന കൂട്ടും. 60 ലക്ഷം ഡോസ് വാക്സിനാണ് കേരളത്തിന് ഇതുവരെ ലഭിച്ചത്.

7,25,300 ലക്ഷം ഡോസ് വാക്സിനാണ് നിലവില്‍ ബാക്കിയുള്ളത്. ഇത് ജനങ്ങള്‍ക്ക് വിതരണം ചെയ്യും. കേന്ദ്രത്തില്‍ നിന്ന് വാക്സിന്‍ ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ വിതരണം ചെയ്യും. വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അനുമതി ആവശ്യമില്ല. പക്ഷേ മുൻ‌കൂറായി അറിയിക്കണം എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിയേറ്ററുകൾ, ബാറുകൾ എന്നിവയ്ക്കും രാത്രി ഒൻപത് മണിക്കുള്ളിൽ അടക്കണം എന്ന വ്യവസ്‌ഥ ബാധകമാണ്.