Health (Page 235)

ന്യൂയോര്‍ക്ക്: കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യുകെ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് യുഎസിന്റെ നടപടി.ഇന്ത്യയില്‍ പോകണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ യാത്രയ്ക്ക് മുന്‍പ് പൂര്‍ണമായി വാക്‌സിന്‍ സ്വീകരിക്കണമെന്നും സിഡിസി നിര്‍ദേശിച്ചു.

മുംബൈ: ഓക്‌സിജൻ ക്ഷാമത്തിന് പ്രതിവിധിയുമായി ഇന്ത്യൻ ഓയിൽ കോർപറേഷനും ഭാരത് പെട്രോളിയവും ആശുപത്രികളിൽ സൗജന്യമായി ഓക്‌സിജൻ എത്തിക്കാൻ മുന്നോട്ടുവന്നിരിക്കുകയാണ്.കൊവിഡ് മോശമായി ബാധിച്ച സംസ്ഥാനങ്ങളിലാണ് കമ്പനികൾ സൗജന്യ ഓക്‌സിജൻ എത്തിക്കുക.ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഓക്‌സിജൻ വിതരണം ചെയ്‌ത് കഴിഞ്ഞു. 150 ടൺ ഓക്‌സിജനാണ് ഇവിടെ ആശുപത്രികളിൽ നൽകുക.

ഇതാദ്യമായല്ല പെട്രോളിയം കമ്പനികൾ ആശുപത്രികൾക്ക് ആവശ്യമായ മെഡിക്കൽ ഓക്‌സിജൻ എത്തിക്കുന്നത്. റിലയൻസും സൗജന്യമായി ഓക്‌സിജൻ എത്തിച്ചിരുന്നു. ഗുജറാത്തിലെ ജാംനഗറിലെ റിലയൻസിന്റെ ട്വിൻ ഓയിൽ റിഫൈനറികളിൽ ഇൻഡസ്‌ട്രിയൽ ഓക്‌സിജൻ ലഘുവായൊരു പ്രക്രിയയിലൂടെ മെഡിക്കൽ ഓക്‌സിജനാക്കി മാ‌റ്റി 100 ടണോളം ഓക്‌സി‌ജൻ സൗജന്യമായി അത് ആശുപത്രികളിൽ എത്തിച്ചു.

ഹരിയാനയിലെ പാനിപത്തിലുള‌ള മോണോ എത്തിലീൻ ഗ്ളിസറോൾ യൂണി‌റ്റിലാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ ഓക്‌സിജൻ നിർമ്മിച്ചത്. ബിപി‌സി‌എൽ കഴിഞ്ഞ വർഷവും 25 ടൺ സൗജന്യ ഓക്‌സിജൻ നൽകിയിരുന്നു.ഡൽഹിയിലെ മഹാ ദുർഗ ചാരി‌റ്റബിൾ ട്രസ്‌റ്റ് ആശുപത്രിയിൽ ആദ്യ ബാച്ച് ഓക്‌സിജൻ കമ്പനി നേരിട്ട് നൽകി. ആശുപത്രികൾക്ക് പണം വാങ്ങാതെ 100 ടൺ ഓക്‌സിജൻ നൽകാനാണ് തീരുമാനമെന്ന് ബിപി‌സി‌എലും അറിയിച്ചു.

കേരളത്തിലെ കൊച്ചി റിഫൈനറിയിൽ 99.7 ശതമാനം പരിശുദ്ധമായ ഓക്‌സിജൻ നിർമ്മിക്കുന്നുണ്ട്. എണ്ണ കമ്പനികൾക്ക് നൈട്രജൻ നിർമ്മിക്കുനുള‌ള പ്ളാന്റുകളിൽ നിശ്ചിത അളവിൽ വ്യാവസായിക ഓക്‌സിജൻ നിർമ്മാണത്തിന് സൗകര്യമുണ്ട്.നിലവിൽ എണ്ണ‌കമ്പനികളിൽ ലോകത്തിൽ ഏ‌റ്റവും വലിയ ശുദ്ധീകരണശാല റിലയൻസിന്റേതാണ്. ഗുജറാത്തിൽ ജാം നഗറിലാണിത്. കൊവിഡിനെതിരായ പോരാട്ടത്തിൽ തങ്ങളുടേതായ സഹായം സംസ്ഥാനങ്ങൾക്ക് നൽകാനാണ് ശ്രമമെന്ന് എണ്ണ കമ്പനികൾ പറയുന്നു.

Covid

തിരുവനന്തപുരം : ഇരട്ടജനിതകവ്യതിയാനം വന്ന വൈറസ് ഇന്ത്യയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ബി1617 എന്നറിയപ്പെടുന്ന ഈ വൈറസ് നിലവിലുള്ള വാക്‌സീനുകളെയും മറികടക്കുമോ എന്ന് പരിശോധനകള്‍ നടന്നു വരികയാണ്. ഗള്‍ഫടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് യാത്രാനിരോധനം പ്രഖ്യാപിച്ചാല്‍ നിരവധി പ്രവാസികളടക്കം കടുത്ത പ്രതിസന്ധിയിലാകും. ഇ484ക്യു, എല്‍452ആര്‍ എന്നീ രണ്ട് വ്യതിയാനങ്ങള്‍ സംഭവിച്ച വൈറസാണ് ബി1617. ഇതിനെക്കുറിച്ച് ലോകാരോഗ്യസംഘടനയടക്കം കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. ഇന്ത്യയില്‍ നിന്ന് തിരികെ വരുന്ന എല്ലാവര്‍ക്കും 10 ദിവസം ഹോട്ടല്‍ ക്വാറന്റീനാണ് യുകെ നിര്‍ദേശിച്ചിരിക്കുന്നത്. യുകെയില്‍ ഓരോ ആഴ്ചയും പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തുന്നവരുടെ എണ്ണം ഇരട്ടിക്കുന്നുവെന്നാണ് കണക്കുകള്‍. ഇന്ത്യയെ റെഡ് ലിസ്റ്റിലാണ് യുകെ പെടുത്തിയിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരാണെങ്കിലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം.ഇന്ത്യയെ അമേരിക്ക ലെവല്‍ നാല് കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളെയാണ് ലെവല്‍ നാല് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. ബി1351 എന്ന സൗത്ത് ആഫ്രിക്കയില്‍ നിന്ന് പടര്‍ന്ന ജനിതകവ്യതിയാനം വന്ന വൈറസിനെയും, പി1 എന്ന ബ്രസീലില്‍ നിന്ന് പടര്‍ന്ന വൈറസിനെയും കരുതിയിരിക്കണമെന്ന് നേരത്തേ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

covid

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ രോഗലക്ഷണങ്ങളുടെ തീവ്രത ആദ്യത്തേതിനെ അപേക്ഷിച്ച് കുറവാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ. ആദ്യ തരംഗത്തില്‍ വരണ്ടചുമ, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളായിരുന്നു കൂടുതലായും പ്രകടമായിരുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ യുവാക്കളും കുട്ടികളുമാണ് കൂടുതല്‍ രോഗബാധിതരാകുന്നതെന്ന വാദവും അദ്ദേഹം തള്ളി.0-19 വരെയുള്ള പ്രായക്കാരില്‍ ആദ്യ തരംഗത്തിലെ രോഗബാധാ നിരക്ക് 4.2ശതമാനവും രണ്ടാം തരംഗത്തില്‍ 5.8 ശതമാനവുമാണ്. 20-40 വരെ പ്രായമുള്ളവരില്‍ ആദ്യ തരംഗത്തില്‍ 23 ശതമാനവും രണ്ടാം തരംഗത്തില്‍ 25 ശതമാനവുമാണ് രോഗബാധാനിരക്ക്. നേരിയ വ്യത്യാസം മാത്രമേ ഇതിലുള്ളൂ. രോഗബാധിതരില്‍ 70 ശതമാനത്തില്‍ അധികം പേരും നാല്‍പ്പതോ അതിനു മുകളിലോ പ്രായമുള്ളവരാണെന്നും ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

covid

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ചീഫ് സെക്രട്ടറി ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് യോഗം വിളിച്ചു. യോഗത്തില്‍ മുഴുവന്‍ കളക്ടര്‍മാരും പങ്കെടുക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും രാത്രി ഒമ്പത് മണിയ്ക്ക് ശേഷം പുറത്തിറങ്ങരുതെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.നോമ്പ് കാലമായതിനാല്‍ തന്നെ വിശ്വാസികള്‍ക്ക് ഭക്ഷണം വാങ്ങുന്നതിനും മറ്റും ചെറിയ ഇളവുണ്ടാകുമെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കില്ല. ബസില്‍ കയറുന്ന എല്ലാവരും മാസ്‌ക് ധരിക്കണം. മേയ് രണ്ടിലെ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിയന്ത്രണങ്ങള്‍ കോര്‍ കമ്മിറ്റി ആലോചിച്ച് തീരുമാനിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകള്‍ക്കു പിന്നാലെയാണ് ബ്രിട്ടന്റെ നടപടി. വൈറസിന്റെ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു.കെ.,/അയര്‍ലന്‍ഡ് പൗരന്മാര്‍ ഒഴികെയുള്ളവര്‍ക്ക് ഇന്ത്യയില്‍ നിന്ന് ബ്രിട്ടിനിലേക്ക് വരാനാകില്ലെന്നും ഹാന്‍കോക്ക് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലെത്തുന്ന യു.കെ./ അയര്‍ലന്‍ഡ് പൗരന്മാര്‍ പത്തുദിവസം സര്‍ക്കാര്‍ അംഗീകൃത ഹോട്ടലുകളില്‍് ക്വാറന്റീനില്‍ കഴിയണം. ഇതിന് പണം നല്കുകയും വേണം.

modi

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം സംബന്ധിച്ചു വാക്‌സിനേഷന്‍ പുരോഗതിയെക്കുറിച്ചും ഡോക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. കോവിഡ് പോരാട്ടത്തിലെ പ്രധാനപ്പെട്ട ആയുധമാണ് വാക്‌സിനേഷനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുകയാണെന്നും എല്ലാ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും മഹാമാരിയെ പൂര്‍വാധികം ശക്തിയോടെയാണ് നേരിടുന്നതെന്നും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. കോവിഡ് ചികിത്സയും പ്രതിരോധവും സംബന്ധിച്ച് ജനങ്ങളെ ബോധവത്ക്കരിക്കണമെന്നും ചികിത്സയ്‌ക്കൊപ്പം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനും ഊന്നല്‍ നല്‍കണമെന്നും മോദി പറഞ്ഞു.

ramesh chennithala

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചും ആചാരങ്ങള്‍ പാലിച്ചും തൃശൂര്‍ പൂരം നടത്താനാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഞ്ചായത്ത് തലം മുതല്‍ ബോധവത്ക്കരണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കളക്ടര്‍മാര്‍ ഇഷ്ടാനുസരണം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് നിര്‍ത്തണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഷുറന്‍സ് കാലാവധി നീട്ടണമെന്നും അദ്ദേഹം പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്തുകൊണ്ടുളള കോണ്‍ഗ്രസ് മുഖപത്രത്തിന്റെ ലേഖനത്തെ കുറിച്ചുളള ചോദ്യത്തിന് തിരിച്ച് വരണമോ എന്ന് തീരുമാനിക്കേണ്ടത് ചെറിയാന്‍ ഫിലിപ്പാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

‌ന്യൂഡല്‍ഹി: കോവിഡ് 19 വാക്സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും 4,500 കോടി രൂപ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3,000 കോടി രൂപയും ഭാരത് ബയോടെക്കിന് 1,500 കോടി രൂപയും ആണ് ധനകാര്യ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. കോവിഡ്-19 ചുമതലയുള്ള നോഡല്‍ മന്ത്രിമാര്‍ക്ക് ക്രെഡിറ്റ് അനുവദിക്കും. തുടര്‍ന്ന് വക്സിന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി രണ്ടു കമ്പനികള്‍ക്കും തുക എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

‘സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള വാക്സിന്‍ നിര്‍മ്മാതക്കളുമായി മറ്റു പലരുമായും സര്‍ക്കാര്‍ വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നു. അവരെ എങ്ങനെ സാമ്പത്തികമായി സഹായിക്കാമെന്ന് ഉല്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനും സര്‍ക്കാര്‍ സഹായിക്കുന്നു’അദാര്‍ പൂനവാല നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.അതെസമയം കോവിഡ് വാക്സിന്റെ ഉല്പാദന ശേഷി 100 ദശലക്ഷം ഡോസുകള്‍ക്കപ്പുറത്തേക്ക് വര്‍ദ്ധിപ്പിക്കുന്നതിന് 3,000 കോടി രൂപ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ തീരുമാനം.

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡ് കൂട്ടപ്പരിശോധന. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മൂന്ന് ലക്ഷം പേര്‍ക്കായിരിക്കും പരിശോധന നടത്തുക. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുന്നതിനും അവര്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നതിനും ആരോഗ്യ വകുപ്പ് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ നിര്‍ദേശമുണ്ടായി. വോട്ടെണ്ണല്‍് ദിവസം കൂട്ടംകൂടുന്നതും ആഘോഷവും അനുവദിക്കില്ല. ആരാധനാലയങ്ങളില്‍ ആളുകള്‍ മുന്‍കൂട്ടി ബുക്കുചെയ്ത് വേണം എത്താനെന്നും നിബന്ധനയുണ്ട്.