ഓക്‌സിജൻ ക്ഷാമത്തിന് പ്രതിവിധിയുമായി എണ്ണ‌കമ്പനികൾ

മുംബൈ: ഓക്‌സിജൻ ക്ഷാമത്തിന് പ്രതിവിധിയുമായി ഇന്ത്യൻ ഓയിൽ കോർപറേഷനും ഭാരത് പെട്രോളിയവും ആശുപത്രികളിൽ സൗജന്യമായി ഓക്‌സിജൻ എത്തിക്കാൻ മുന്നോട്ടുവന്നിരിക്കുകയാണ്.കൊവിഡ് മോശമായി ബാധിച്ച സംസ്ഥാനങ്ങളിലാണ് കമ്പനികൾ സൗജന്യ ഓക്‌സിജൻ എത്തിക്കുക.ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഓക്‌സിജൻ വിതരണം ചെയ്‌ത് കഴിഞ്ഞു. 150 ടൺ ഓക്‌സിജനാണ് ഇവിടെ ആശുപത്രികളിൽ നൽകുക.

ഇതാദ്യമായല്ല പെട്രോളിയം കമ്പനികൾ ആശുപത്രികൾക്ക് ആവശ്യമായ മെഡിക്കൽ ഓക്‌സിജൻ എത്തിക്കുന്നത്. റിലയൻസും സൗജന്യമായി ഓക്‌സിജൻ എത്തിച്ചിരുന്നു. ഗുജറാത്തിലെ ജാംനഗറിലെ റിലയൻസിന്റെ ട്വിൻ ഓയിൽ റിഫൈനറികളിൽ ഇൻഡസ്‌ട്രിയൽ ഓക്‌സിജൻ ലഘുവായൊരു പ്രക്രിയയിലൂടെ മെഡിക്കൽ ഓക്‌സിജനാക്കി മാ‌റ്റി 100 ടണോളം ഓക്‌സി‌ജൻ സൗജന്യമായി അത് ആശുപത്രികളിൽ എത്തിച്ചു.

ഹരിയാനയിലെ പാനിപത്തിലുള‌ള മോണോ എത്തിലീൻ ഗ്ളിസറോൾ യൂണി‌റ്റിലാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ ഓക്‌സിജൻ നിർമ്മിച്ചത്. ബിപി‌സി‌എൽ കഴിഞ്ഞ വർഷവും 25 ടൺ സൗജന്യ ഓക്‌സിജൻ നൽകിയിരുന്നു.ഡൽഹിയിലെ മഹാ ദുർഗ ചാരി‌റ്റബിൾ ട്രസ്‌റ്റ് ആശുപത്രിയിൽ ആദ്യ ബാച്ച് ഓക്‌സിജൻ കമ്പനി നേരിട്ട് നൽകി. ആശുപത്രികൾക്ക് പണം വാങ്ങാതെ 100 ടൺ ഓക്‌സിജൻ നൽകാനാണ് തീരുമാനമെന്ന് ബിപി‌സി‌എലും അറിയിച്ചു.

കേരളത്തിലെ കൊച്ചി റിഫൈനറിയിൽ 99.7 ശതമാനം പരിശുദ്ധമായ ഓക്‌സിജൻ നിർമ്മിക്കുന്നുണ്ട്. എണ്ണ കമ്പനികൾക്ക് നൈട്രജൻ നിർമ്മിക്കുനുള‌ള പ്ളാന്റുകളിൽ നിശ്ചിത അളവിൽ വ്യാവസായിക ഓക്‌സിജൻ നിർമ്മാണത്തിന് സൗകര്യമുണ്ട്.നിലവിൽ എണ്ണ‌കമ്പനികളിൽ ലോകത്തിൽ ഏ‌റ്റവും വലിയ ശുദ്ധീകരണശാല റിലയൻസിന്റേതാണ്. ഗുജറാത്തിൽ ജാം നഗറിലാണിത്. കൊവിഡിനെതിരായ പോരാട്ടത്തിൽ തങ്ങളുടേതായ സഹായം സംസ്ഥാനങ്ങൾക്ക് നൽകാനാണ് ശ്രമമെന്ന് എണ്ണ കമ്പനികൾ പറയുന്നു.