കോവിഡ് രണ്ടാംഘട്ടം : ഇന്ത്യയില്‍ കടുത്ത ആശങ്ക

Covid

തിരുവനന്തപുരം : ഇരട്ടജനിതകവ്യതിയാനം വന്ന വൈറസ് ഇന്ത്യയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ബി1617 എന്നറിയപ്പെടുന്ന ഈ വൈറസ് നിലവിലുള്ള വാക്‌സീനുകളെയും മറികടക്കുമോ എന്ന് പരിശോധനകള്‍ നടന്നു വരികയാണ്. ഗള്‍ഫടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് യാത്രാനിരോധനം പ്രഖ്യാപിച്ചാല്‍ നിരവധി പ്രവാസികളടക്കം കടുത്ത പ്രതിസന്ധിയിലാകും. ഇ484ക്യു, എല്‍452ആര്‍ എന്നീ രണ്ട് വ്യതിയാനങ്ങള്‍ സംഭവിച്ച വൈറസാണ് ബി1617. ഇതിനെക്കുറിച്ച് ലോകാരോഗ്യസംഘടനയടക്കം കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. ഇന്ത്യയില്‍ നിന്ന് തിരികെ വരുന്ന എല്ലാവര്‍ക്കും 10 ദിവസം ഹോട്ടല്‍ ക്വാറന്റീനാണ് യുകെ നിര്‍ദേശിച്ചിരിക്കുന്നത്. യുകെയില്‍ ഓരോ ആഴ്ചയും പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തുന്നവരുടെ എണ്ണം ഇരട്ടിക്കുന്നുവെന്നാണ് കണക്കുകള്‍. ഇന്ത്യയെ റെഡ് ലിസ്റ്റിലാണ് യുകെ പെടുത്തിയിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരാണെങ്കിലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം.ഇന്ത്യയെ അമേരിക്ക ലെവല്‍ നാല് കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളെയാണ് ലെവല്‍ നാല് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. ബി1351 എന്ന സൗത്ത് ആഫ്രിക്കയില്‍ നിന്ന് പടര്‍ന്ന ജനിതകവ്യതിയാനം വന്ന വൈറസിനെയും, പി1 എന്ന ബ്രസീലില്‍ നിന്ന് പടര്‍ന്ന വൈറസിനെയും കരുതിയിരിക്കണമെന്ന് നേരത്തേ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.