കര്‍ഫ്യൂ പ്രഖ്യാപിച്ച രാത്രികാലങ്ങളിലും 60% ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: രാത്രികാലങ്ങളില്‍ 60% ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി. എന്നാല്‍ മാസ്‌ക് ധരിക്കാത്ത ഒരാളെപ്പോലും ബസില്‍ പ്രവേശിപ്പിക്കില്ല. യാത്രാക്കാര്‍ യാത്രയിലുടനീളം മാസ്‌ക് ശരിയായ രീതിയില്‍ ധരിച്ചിട്ടുണ്ടെന്ന് കണ്ടക്ടര്‍മാര്‍ ഉറപ്പ് വരുത്തും. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല. കണ്ടക്ടര്‍മാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. എല്ലാ ഡിപ്പോയിലും ജീവനക്കാര്‍ക്ക് കൈ വൃത്തിയാക്കാന്‍ സോപ്പും വെള്ളവും ലഭ്യമാക്കും.ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനായി തയാറാക്കിയിട്ടുള്ള സ്ലീപ്പര്‍ ബസ് ദിവസേന അണു വിമുക്തമാക്കും. തിരക്കേറിയ രാവിലെ 7 മണി മുതല്‍ രാത്രി 7 മണിവരെ കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രാവിലെ 11 മണി മുതല്‍ 3 മണിവരെയുള്ള സമയവും രാവിലെ 7 മണിക്ക് മുന്‍പും വൈകിട്ട് 7 മണിക്ക് ശേഷവും വരുമാനമുള്ള ട്രിപ്പുകളിലെ ഷെഡ്യൂളുകള്‍ സര്‍വീസ് നടത്തി ജീവനക്കാരുടെ സിംഗിള്‍ ഡ്യൂട്ടി ക്രമീകരിക്കും.