മൃഗങ്ങള്‍ക്കുവേണ്ടിയുള്ള ആദ്യ കോവിഡ്19 വാക്‌സിന്‍ പുറത്തിറക്കാൻ റഷ്യ. വാക്‌സിന്‍ വിതരണത്തിനൊരുങ്ങി കഴിഞ്ഞു. നായ, കുറുക്കന്‍, നീര്‍നായ എന്നിവയില്‍ പരീക്ഷണം നടത്തി വിജയിച്ച വാക്‌സിന്‍ കോവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്നാണ് കമ്പനിയുടെ അവകാശവാദം.
17,000 ഡോസ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങി കഴിഞ്ഞു. പൂച്ചകൾ, നായകൾ തുടങ്ങിയ മൃഗങ്ങളിലേക്കും കോവിഡ് പകരാൻ സാധ്യതയുണ്ട്. മൃഗങ്ങളിൽ നിന്ന് അപകടകരമായ മ്യൂട്ടേഷനുകൾ സംഭവിച്ച് തിരിച്ച് മനുഷ്യനിലേക്കും പകർന്നേക്കാം. ഇതിനാലാണ് ഇത്തരം വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും റഷ്യന്‍ മരുന്നുനിര്‍മ്മാതാക്കള്‍ അറിയിച്ചു.
വിവിധ മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ കൊവിഡിനെതിരായ ആന്റിബോഡികൾ സൃഷ്ടിച്ചതായ കണ്ടെത്തലിനെ തുടർന്ന് റഷ്യ കാർണിവാക്-കോവ് എന്ന പേരിൽ വാക്സിൻ രജിസ്റ്റർ ചെയ്തിരുന്നു. ജര്‍മ്മനി, ഗ്രീസ്, പോളണ്ട്, ഓസ്ട്രേലിയ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, മലേഷ്യ, തായ്‌ലാൻഡ്, ലെബനൻ, ഇറാൻ, ദക്ഷിണ കൊറിയ, അർജന്റീന തുടങ്ങിയ രാജ്യങ്ങള്‍ വാക്‌സിന്‍ വാങ്ങുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതോളം സംഘടനകള്‍ മൃഗങ്ങള്‍ക്കായുളള കൊവിഡ് വാക്‌സിന് വേണ്ടി, രജിസ്‌ട്രേഷന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും വാക്സിൻ നിര്‍മ്മാതാക്കള്‍ പറഞ്ഞു.

