പ്രാഥമിക സഹകരണ സംഘങ്ങളില്‍ ജീവനക്കാരുടെ സുരക്ഷയ്ക്ക് നടപടിയില്ല

തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങളില്‍ ജീവനക്കാരുടെ സുരക്ഷയ്ക്ക് നടപടിയില്ലെന്ന് ആക്ഷേപം. ബാങ്കുകളുടെ പ്രവര്‍ത്തനം ഉച്ചയ്ക്ക് 2 മണിവരെയായി കുറയ്ക്കുകയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഹാജര്‍ 50 ശതമാനമാക്കുകയും ചെയ്തിട്ടും പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനസമയത്തില്‍ യാതൊരു ഇളവുമില്ലെന്നാണ് പരാതി. കേരള ബാങ്കിന്റെ പ്രവര്‍ത്തനം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 വരെ മാത്രമാണ്.എസ്.ബി.ഐ അടക്കമുള്ള ദേശസാത്കൃത ബാങ്കുകളുും ഉച്ചവരെയാക്കി.എന്നാല്‍ കൊവിഡ് രൂക്ഷമായ കണ്ടെയ്ന്‍മെന്റ് സോണിലോ ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയതിനാല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച മേഖകളിലോ പോലും സമയം ക്രമീകരിക്കാന്‍ ഭരണസമിതികള്‍ തയ്യാറായിട്ടില്ല.
പ്രളയകാലത്തും കൊവിഡിന്റെ ആദ്യ വരവിലും ഒരു മാസത്തെ വീതം ശമ്പളം സംഭാവന ചെയ്ത സഹകരണ ജീവനക്കാര്‍ കൊവിഡിന്റെ രണ്ടാംതരംഗത്തിലും രണ്ട് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നുണ്ട്. എന്നിട്ടും സാമൂഹിക പ്രതിബദ്ധതയോടെ ജോലിചെയ്യുന്ന തങ്ങള്‍ക്ക് മറ്റു ധനകാര്യ സ്ഥാപനങ്ങളിലെ സമയക്രമം അനുവദിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു.